NEWSROOM

'നഗ്നനാക്കി മര്‍ദ്ദിച്ചു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി'; അമൃത മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ റാഗിംഗിന് ഇരയായ വിദ്യാര്‍ഥി

ഇടപ്പള്ളി അമൃത മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഒന്നാംവർഷ നഴ്സിംഗ് വിദ്യാർത്ഥി റാഗിങ്ങിനിരയായത്

Author : ന്യൂസ് ഡെസ്ക്

ഇടപ്പള്ളി അമൃത മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ റാഗിംഗ് കേസില്‍ ഇരയായ ഒന്നാംവര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ഥിയുടെ പ്രതികരണം ന്യൂസ് മലയാളത്തിന്. വിദ്യാര്‍ഥിക്ക് നേരത്തെയും റാംഗിംഗ് നേരിടേണ്ടി വന്നുവെന്നാണ് പ്രതികരണം. ആദ്യഘട്ടത്തില്‍ പരാതി നല്‍കിയെങ്കിലും റാഗിംഗ് ചെയ്തവരുടെ ഭാവിയോര്‍ത്ത് കേസ് പിന്‍വലിക്കുകയായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥി പറയുന്നത്.

സീനിയേഴ്‌സ് താമസിച്ച വീട്ടിലേക്ക് വിളിച്ചുവരുത്തി ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കി. ഇവിടെ വെച്ച് നഗ്നനായി മര്‍ദ്ദിച്ചുവെന്നും പുറത്തു പറഞ്ഞാലോ പരാതി കൊടുത്താലോ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ത്ഥി പറയുന്നു. കോളേജില്‍ സീനിയേഴ്‌സിനെ കണ്ടാല്‍ കുനിഞ്ഞുനിന്നു നമശിവായ പറയണമെന്ന് ആവശ്യപ്പെട്ടു. കോളേജില്‍ മീശയും താടിയും വെക്കാന്‍ അനുവാദമില്ലന്ന്സീനിയേഴ്‌സ് പറഞ്ഞതായും വിദ്യാര്‍ഥി പറയുന്നു.

കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ഥി ചേരാനെല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. വിദ്യാര്‍ഥി നല്‍കിയ എഫ്‌ഐആറിന്റെ പകര്‍പ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു. വിദ്യാര്‍ഥിയെ ഇടപ്പള്ളി നോര്‍ത്ത് പോണേക്കര കരയില്‍ മൈത്രി റോഡിലുള്ള വീട്ടിലെ ഹാളില്‍ വൈകിട്ട് അഞ്ച് മണി മുതല്‍ 7.30 വരെയുള്ള സമയത്ത് ഒന്നാം പ്രതി വിദ്യാര്‍ഥിയുടെ ഇരു തുടകളിലും ഹാംഗര്‍ കൊണ്ട് അടിക്കുകയും മുതുകിലും പുറത്തും കൈകൊണ്ട് ഇടിക്കുകയും തൊഴിക്കുകയും ചെയ്തു. രണ്ടാം പ്രതി വിദ്യാര്‍ഥിയുടെ മുതുകിലും പുറത്തും കൈകൊണ്ട് അടിക്കുകയും തൊഴിക്കുകയും ചെയ്ത് വേദനിപ്പിക്കുകയും ഇക്കാര്യം പുറത്ത് പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി എന്നുമാണ് എഫ്‌ഐആറില്‍ പറയുന്നുണ്ട്.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രതികളായ മൂന്നാം വര്‍ഷ വിദ്യാര്‍ഥി ഗോവിന്ദ് വി നായര്‍, നാലാം വര്‍ഷ വിദ്യാര്‍ഥി സുജിത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

SCROLL FOR NEXT