NEWSROOM

'ആണുങ്ങളെ കുടുക്കാൻ ഈ നാട്ടിൽ എളുപ്പമായി'; പുരുഷ കമ്മീഷൻ വേണമെന്ന ആവശ്യവുമായി രാഹുൽ ഈശ്വർ‌

ജനുവരി 30 മുതൽ പുരുഷ കമ്മീഷനായുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും രാഹുൽ ഈശ്വർ അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

പുരുഷ കമ്മീഷൻ വേണമെന്ന ആവശ്യവുമായി രാഹുൽ ഈശ്വർ‌. പുരുഷന്മാരെ കുടുക്കാൻ ഈ നാട്ടിൽ എളുപ്പമായെന്നും പരാതി നൽകാൻ മറ്റൊരു കമ്മീഷൻ ഇല്ലാത്തത് കൊണ്ടല്ലേ ഈ വേട്ടയെന്നും രാഹുൽ ചോദിച്ചു. ജനുവരി 30 മുതൽ പുരുഷ കമ്മീഷനായുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും രാഹുൽ ഈശ്വർ അറിയിച്ചു.

പുരുഷ കമ്മീഷന് വേണ്ടി എൽദോസ് കുന്നപ്പിള്ളി, ചാണ്ടി ഉമ്മൻ എന്നിവർക്ക് നിവേദനം നൽകുമെന്ന് രാഹുൽ ഈശ്വർ അറിയിച്ചു. എൽദോസ് കുന്നപ്പിള്ളി ഈ ആവശ്യം നിയമസഭയിൽ അവതരിപ്പിക്കാം എന്ന് ഉറപ്പ് നൽകി. ഈ മാസം 20ന് നിവേദനം നൽകുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

പരാതി നൽകുന്ന എല്ലാവരും അതിജീവിതകളല്ലെന്ന് രാഹുൽ ഈശ്വർ ആരോപിച്ചു. മറുവശത്തുള്ള എല്ലാവരും വേട്ടക്കാരുമല്ല. ഇരയും ആരോപിതനും തമ്മിലാണ് പോരാട്ടം. ജയിലിൽ പിടിച്ചിട്ടാലും ഈ പോരാട്ടം തുടരുമെന്നും രാഹുൽ പറ‍ഞ്ഞു. ഉമ്മൻ ചാണ്ടിക്കും നിവിൻ പോളിക്കും കിട്ടാത്ത നീതി തനിക്ക് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും രാഹുൽ ഈശ്വ‍ർ കൂട്ടിച്ചേർത്തു.

നടി ഹണി റോസ് വിമർശനങ്ങളെ സഹിഷ്ണുതയോടെ കാണണമെന്നും രാഹുൽ ഈശ്വ‍ർ പറഞ്ഞു. ഓർഗനൈസ്ഡ് ക്രൈമിൻ്റെ ഭാഗമാണ് താനെന്നാണ് ഹണി റോസ് പറഞ്ഞതെന്നും അത് ഗൗരവമേറിയ ആരോപണമാണെന്നും രാഹുൽ പറഞ്ഞു. കമ്മീഷനുകളും സംഘടനകളും തന്റെ മറുപടി കൂടി കേൾക്കണം. കേരള സമൂഹത്തിൽ ദ്വയാർത്ഥ പ്രയോഗം കുറയ്ക്കാനുള്ള ഹണിയുടെ ശ്രമം നല്ലതാണ്. ബോബിയെ തനിക്കും ഇഷ്ടമാണ്, പക്ഷേ ദ്വയാർത്ഥ പ്രയോഗം അംഗീകരിക്കുന്നില്ലെന്നും രാഹുല്‍ അറിയിച്ചു.


SCROLL FOR NEXT