ബിജെപിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രണ്ട് പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പ്. രാജ്യത്തെ ഭരണഘടനയെ തകർക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇന്ത്യാസഖ്യം അധികാരത്തിലെത്തിയാൽ സംവരണ പരിധി 50 ശതമാനത്തിന് മുകളിൽ ഉയർത്തുമെന്നും രാഹുൽ, ജാർഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇത് രണ്ടാം തവണയാണ് പ്രതിപക്ഷ നേതാവ് ഝാർഖണ്ഡിലെത്തുന്നത്. സിംഡേഗയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചായിരുന്നു രാഹുലിൻ്റെ പ്രസംഗം. രണ്ട് ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ് രാജ്യത്ത് ഇപ്പോൾ നടക്കുന്നത്. ഒരു വശത്ത് ഇന്ത്യാ സഖ്യവും മറുവശത്ത് ബി.ജെ.പിയും ആർഎസ്എസും.. ഇന്ത്യാസഖ്യം ഭരണഘടനയെ സംരക്ഷിക്കാൻ ശ്രമിക്കുമ്പോൾ ബിജെപി ഭരണഘടന തകർക്കാനാണ് ശ്രമിക്കുന്നത്. ഇന്ത്യാ സഖ്യം അധികാരത്തിലെത്തിയാൽ സംവരണപരിധി 50 ശതമാനത്തിന് മുകളിൽ ഉയർത്തുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Also Read; ആദിവാസി ഹൃദയഭൂമിയിൽ വിഭജന തന്ത്രം പയറ്റി ബിജെപി; കൊമ്പുകോർത്ത് ജാർഖണ്ഡ്-അസം മുഖ്യമന്ത്രിമാർ
രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലും സമ്പത്തിലും ആദിവാസികളുടെയും ദളിതരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും പങ്കാളിത്തം തിരിച്ചറിയാൻ ജാതി സെൻസസ് അനിവാര്യമാണ്. അതിക്രമങ്ങൾ ദുരിതം വിതച്ച മണിപ്പൂരിൽ ഇതുവരെയും പ്രധാനമന്ത്രി സന്ദർശനം നടത്തിയിട്ടില്ലെന്നത് ഓർമിപ്പിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം.
സംസ്ഥാനത്തെ ആദിവാസികളിൽ നിന്ന് അവരുടെ ഭൂമി തട്ടിയെടുക്കാൻ ശ്രമിക്കുന്നത് ബിജെപിയാണ്. ഭൂമിയും കാടും വെള്ളവുമെല്ലാം ആർഎസ്എസിനും മുതലാളിമാർക്കും അവകാശപ്പെട്ടതാണെന്ന് ബിജെപി വിശ്വസിക്കുന്നു. നരേന്ദ്രമോദി കോർപ്പറേറ്റുകളുടെ 16 ലക്ഷം കോടിയുടെ വായ്പ എഴുതി തള്ളി. എന്നാൽ കർഷകരുടെ കടം ലഘൂകരിക്കാൻ ശ്രമിച്ച തങ്ങളെ കുറ്റപ്പെടുത്തുകയാണ് ബിജെപി ചെയ്തതെന്നും രാഹുൽ വിമർശിച്ചു.
നവംബർ 13,20 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് ഝാർഖണ്ഡിൽ തെരഞ്ഞെടുപ്പ്.