NEWSROOM

"പല വിഷയങ്ങൾക്കും ഉത്തരം പറയാൻ ബിജെപി നിർബന്ധിതരായിരിക്കുന്നു"; ബിരേൻ സിങ്ങിൻ്റെ രാജിക്ക് പിന്നാലെ രാഹുൽ ഗാന്ധി

മണിപ്പൂരിൽ അക്രമവും ജീവഹാനിയും തുടർന്നിട്ടും, ഇന്ത്യ എന്ന ആശയം തകർന്നിട്ടും പ്രധാനമന്ത്രി മോദി ബിരേൻ സിങ്ങിനെ പദവിയിൽ തുടരാൻ അനുവദിച്ചെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി

Author : ന്യൂസ് ഡെസ്ക്


മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിൻ്റെ രാജിക്ക് പിന്നാലെ ബിജെപിയെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പൊതുജനസമ്മർദം, അവിശ്വാസ പ്രമേയം എന്നിവയാണ് ബിരേൻ സിങ്ങിൻ്റെ രാജിക്ക് പിന്നാലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സ് പോസ്റ്റിലൂടെയാണ് രാഹുൽ ഗാന്ധിയുടെ വിമർശനം.


"പൊതുജനങ്ങളുടെ സമ്മർദം, സുപ്രീം കോടതി അന്വേഷണം, കോൺഗ്രസിന്റെ അവിശ്വാസ പ്രമേയം എന്നിവയ്ക്ക് ഉത്തരം പറയാൻ ബിജെപി നിർബന്ധിതരാക്കിയിരിക്കുന്നു എന്നാണ് മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ രാജി കാണിക്കുന്നത്," രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. ഏകദേശം രണ്ട് വർഷത്തോളം ബിജെപി മുഖ്യമന്ത്രി ബിരേൻ സിങ് മണിപ്പൂരിൽ വിഭാഗീയത പ്രേരിപ്പിച്ചു. മണിപ്പൂരിൽ അക്രമവും ജീവഹാനിയും തുടർന്നിട്ടും, ഇന്ത്യ എന്ന ആശയം തകർന്നിട്ടും പ്രധാനമന്ത്രി മോദി ബിരേൻ സിങ്ങിനെ പദവിയിൽ തുടരാൻ അനുവദിച്ചെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

കേന്ദ്രം അടിയന്തര മുൻഗണന നൽകേണ്ടത് സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനും മണിപ്പൂരിലെ ജനങ്ങളുടെ മുറിവുകളുണക്കാനുമാണ്. പ്രധാനമന്ത്രി മോദി ഉടൻ തന്നെ മണിപ്പൂർ സന്ദർശിക്കുകയും സംസ്ഥാനത്തെ സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരാനുള്ള പദ്ധതി വിശദീകരിക്കുകയും വേണം- രാഹുൽ ഗാന്ധിയുടെ എക്സ് പോസ്റ്റിൽ പറയുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവെച്ചത്. കഴിഞ്ഞ ദിവസം സഖ്യകക്ഷിയായ നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. നാളെ അവിശ്വാസപ്രമേയം കൊണ്ടുവരാനിരിക്കെയാണ് രാജി.


സർക്കാരിനെതിരെ കോൺഗ്രസ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാനും, വിശ്വാസ വോട്ടെടുപ്പ് നടക്കാനും സാധ്യതയുണ്ട്. പിന്നാലെ സംസ്ഥാനത്തെ ബിജെപിയിലുണ്ടായേക്കാവുന്ന ഭിന്നത ശമിപ്പിക്കാനാണ് ബിരേൻ സിങ്ങിൻ്റെ രാജി. ഞായറാഴ്ച വൈകുന്നേരത്തോടെ ബിജെപി നേതാക്കളുടെ സാന്നിധ്യത്തിൽ രാജ്ഭവനിൽ വെച്ച് മുഖ്യമന്ത്രി ഗവർണർക്ക് രാജി സമർപ്പിച്ചു. ഇതുവരെ മണിപ്പൂരിലെ ജനങ്ങളെ സേവിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ഗവർണർക്ക് സമർപ്പിച്ച കത്തിൽ ബിരേൻ സിങ് പറഞ്ഞു.

സഖ്യകക്ഷിയായ കോൺറാഡ് സാങ്മയുടെ നാഷണൽ പീപ്പിൾസ് പാർട്ടി ബിരേൻ സിങ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. എൻപിപിയെ ഒഴിച്ചുനിർത്തിയാലും ബിജെപിക്ക് അംഗബലമുണ്ടെങ്കിലും സംസ്ഥാനത്ത് നേതൃമാറ്റം ആവശ്യപ്പെട്ട എംഎൽഎമാർ വിശ്വാസ വോട്ടെടുപ്പ് നടന്നാൽ പാർട്ടി വിപ്പിനെ അവഗണിക്കാനുള്ള സാധ്യതയുണ്ട്. ആ സാധ്യത ഒഴിവാക്കാനാണ്, കേന്ദ്ര നേതൃത്വവുമായി കൂടിയാലോചിച്ച ശേഷം മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞത്.


SCROLL FOR NEXT