NEWSROOM

'മികച്ച കാഴ്‌ച്ചപ്പാടുള്ള വ്യക്തി', മനുഷ്യ സ്‌നേഹത്തിലും വ്യവസായത്തിലും വ്യക്തി മുദ്ര പതിപ്പിച്ചു; രത്തൻ ടാറ്റയെ അനുസ്‌മരിച്ച് രാഹുൽ ഗാന്ധി

മനുഷ്യ സ്‌നേഹത്തിലും വ്യവസായത്തിലും അദ്ദേഹം വ്യക്തി മുദ്ര പതിപ്പിച്ചുവെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു

Author : ന്യൂസ് ഡെസ്ക്

രത്തൻ ടാറ്റയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. മനുഷ്യ സ്‌നേഹത്തിലും വ്യവസായത്തിലും അദ്ദേഹം വ്യക്തി മുദ്ര പതിപ്പിച്ചുവെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി 11.30 യോടെയായിരുന്നു ടാറ്റയുടെ അന്ത്യം.

രക്തസമ്മർദം താഴ്ന്നതിനെ തുടർന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താൻ ആരോഗ്യവാനാണെന്നും നിലവിൽ ആശങ്കപ്പെടാനില്ലെന്നും വ്യക്തമാക്കി കഴിഞ്ഞ ദിവസം രത്തൻ ടാറ്റ എക്സിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു.


ഇന്ത്യൻ വ്യവസായി എന്നതിലുപരി ഒപ്പമുള്ള മനസുകളെ അടുത്തറിയാൻ കഴിവുള്ള നല്ലൊരു മനുഷ്യ സ്നേഹിയെന്നാണ് രത്തൻ ടാറ്റയെന്ന വ്യവസായ പ്രമുഖനെ രാജ്യം അടയാളപ്പെടുത്തുന്നത്. വരുമാനത്തിൻ്റെ സിംഹഭാഗവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായിട്ടാണ് രത്തൻ ടാറ്റ ചെലവഴിച്ചിരുന്നത്.

അനവധി അവാർഡുകൾ ലഭിച്ചിട്ടുള്ള രത്തൻ ടാറ്റയെ രാജ്യം 2000 ൽ പത്മഭൂഷണും 2008 ൽ പത്മവിഭൂഷണും നൽകി ആദരിച്ചിരുന്നു. രത്തൻ ടാറ്റയുടെ വിയോഗത്തിൽ താൻ അതീവ ദുഃഖിതനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചിരുന്നു .രത്തൻ ടാറ്റ ദീർഘവീക്ഷണവും,അനുകമ്പയുമുള്ള വ്യക്തിയാണെന്നും അനുശോചനക്കുറിപ്പിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

SCROLL FOR NEXT