ആക്രമണമാണ് ഏറ്റവും മികച്ച പ്രതിരോധമെന്നത് പൊതുവെ പറയുന്ന തത്വവും ചൊല്ലുമാണ്. എതിരാളി ആക്രമിക്കാൻ കാത്തുനിൽക്കാതെ, ആദ്യമേ ആക്രമണം നടത്തി മാനസിക ആധിപത്യം നേടുക. പ്രധാനമന്ത്രിയെ നിരന്തരം സംവാദത്തിന് വെല്ലുവിളിക്കുന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് ഇതേ ആക്രമണാത്മക ശൈലിയിലാണ് മുന്നോട്ടു പോകുന്നത്.
ആരോപണവുമായി ബിജെപി
വിദേശശക്തികളുടെ പണം കൈപ്പറ്റുന്നു എന്നത് ബിജെപി എല്ലാക്കാലത്തും പ്രതിപക്ഷത്തിനെതിരെ ഉയർത്തുന്ന ആരോപണമാണ്. ശതകോടീശ്വരൻ ജോർജ് സോറസുമായുള്ള ബന്ധം, രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ ചൈനീസ് ഫണ്ടിങ് ആരോപണം, കർഷക സമരകാലത്തെ ടൂൾ കിറ്റ് വിവാദം തുടങ്ങിയവ പലകാലങ്ങളിൽ ഉയർത്തിയ ആരോപണങ്ങൾ ചിലതുമാത്രം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുള്ള ഈ സമരകാലത്തും വിദേശശക്തികളുടെ ഇടപെടലും സഹായവും ഉണ്ടെന്ന ആരോപണമാണ് സർക്കാരിന്റെ ആവനാഴിയിലെ പ്രധാന ആയുധം.
പതിവ് പോലെ രണ്ടാംനിര നേതാക്കളാണ് സമരത്തിന് പിന്നിൽ ഗൂഢാലോചനയും വിദേശശക്തികളുടെ ഇടപെടലും ഉണ്ടെന്ന് ആദ്യം ആരോപിച്ചത്. വൈകാതെ കേന്ദ്രമന്ത്രിമാർ തന്നെ ഈ വാദങ്ങൾ ഏറ്റെടുക്കുകയും ചർച്ചകളിലേക്ക് കൊണ്ടുവരുകയും ചെയ്തു. ഗ്യാനേഷ് കുമാറിന്റെ രാജി അവശ്യപ്പെട്ടു പ്രതിപക്ഷം സമരത്തിന്റെ രണ്ടാംഘട്ടത്തിലേക്ക് കടന്നതോടെ ഒക്ടോബർ 31ാം തീയതി രാഷ്ട്രീയ ഏകത ദിവസ് പ്രസംഗത്തിൽ പ്രധാനമന്ത്രിയും ആരോപണം നേരിട്ട് ഏറ്റെടുത്തു. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ വിദേശശക്തികൾ ഇടപെടാൻ ശ്രമിക്കുന്നുണ്ടെന്നും അതിന് പ്രതിപക്ഷ നിരയിലെ ചില നേതാക്കൾ വിദേശത്തുപോയി നടത്തുന്ന രഹസ്യകൂടിക്കാഴ്ചകൾ സഹായകരമാകുന്നുണ്ടെന്നുമായിരുന്നു കുറ്റപ്പെടുത്തൽ. ഐസ അധ്യക്ഷ നേഹ ബോറ ബംഗ്ലാദേശ് സമരത്തെ കുറിച്ച് മുൻപ് നടത്തിയ പരാമർശവും പ്രതിഷേധം റെജിം ചെയ്ഞ്ചിന് ആയുള്ള പോരാട്ടമാണെന്ന പ്രസ്താവനയും ഉയർത്തിപിടിച്ചാണ് അന്താരാഷ്ട്ര ഗൂഢാലോചന വാദങ്ങൾക്ക് ബിജെപി അടിവരയിടാൻ ശ്രമിച്ചത്.
അടിക്ക് അതേനാണയത്തിൽ തിരിച്ചടി
എന്നാൽ ഭരണപക്ഷത്തിന്റെ ഈ വിദേശഗൂഢാലോചന ആരോപണങ്ങളെ മുൻപ് കണ്ടിട്ടില്ലാത്ത വിധമാണ് രാഹുൽ ഗാന്ധി നേരിട്ടത്. മുൻ കാലങ്ങളിൽ സ്വീകരിച്ചിരുന്ന പ്രതിരോധ ശൈലിയിൽ നിന്നും തികച്ചും വ്യത്യസ്തമായി, വെറും പ്രതിരോധത്തിന് അപ്പുറം കടുത്തരാഷ്ട്രീയ ആക്രമണം എന്ന നയമാണ് രാഹുൽ ഗാന്ധി സ്വീകരിച്ചത്. രാജ്യത്തെ അസ്ഥിരപ്പെടുത്താൻ പ്രതിപക്ഷം വിദേശസഹായം തേടുന്നുവെന്ന പ്രധാനമന്ത്രിയുടെ ആരോപണത്തിനു താങ്കൾ പ്രധാനമന്ത്രിയായതും ഇപ്പോൾ ആ കസേരയിൽ തുടരുന്നതും വിദേശസഹായത്തോടെയന്നാണ് രാഹുൽ ഗാന്ധിയുടെ തിരിച്ചടി. സാമൂഹിക മാധ്യമ പ്ലാറ്റ് ഫോമുകളുടെ പരിപൂർണ്ണപിന്തുണ മോദിക്കാണെന്ന ആരോപിച്ച രാഹുൽ വെറും അഞ്ചു മിനിറ്റ് ലഭിച്ചാൽ ആരാണ് രാജ്യദ്രോഹിയെന്നു തെളിയിക്കാമെന്നും വെല്ലുവിളിച്ചു കഴിഞ്ഞു. പ്രധാനമന്ത്രിയെ ഇതിനകം രാഹുൽ മൂന്നു തവണയാണ് സംവാദത്തിന് വെല്ലുവിളിച്ച് രംഗത്തുവന്നത്. ആരോപണങ്ങളിൽ പതറാതെ
അതേ നാണയത്തിലോ അതിന് മുകളിലോ ഉള്ള പ്രത്യാക്രമണത്തിലൂടെ മറുപടി നൽകുന്ന ശൈലിയാണ് രാഹുൽ ഇവിടെ അവലംബിച്ചിരിക്കുന്നത്. എന്നാൽ സംവാദത്തിനുള്ള രാഹുലിന്റെ ക്ഷണം ഇതിനകം തന്നെ ബിജെപി നേതാക്കൾ തള്ളിക്കളഞ്ഞിട്ടുണ്ട്. സംവാദത്തിനുള്ള വേദി പാർലമെന്റ് ആണെന്നും ഉയർന്ന തലത്തിലുള്ള സംവാദങ്ങൾ നടക്കേണ്ടത് പക്വതയുള്ള ആളുകൾ തമ്മിലെന്നുമാണ് ബിജെപി നിലപാട്.
പ്രതിപക്ഷ നേതാവ് എന്ന നിലയിൽ പരുവപ്പെട്ട രാഹുൽ
കഴിഞ്ഞ 22 വർഷമായി രാഹുൽ ഗാന്ധി പാർലമെന്റിൽ ഉണ്ട്. കൃത്യമായി പറഞ്ഞാൽ ഒന്നാം യുപിഎ സർക്കാർ അധികാരത്തിൽ വന്ന 2004 മുതൽ. ഈ രാഷ്ട്രീയ യാത്രയുടെ ആദ്യകാലങ്ങളിൽ ബിജെപിയുടെയും അവരുടെ സൈബർ വിങ്ങിന്റെയും കടുത്ത പരിഹാസങ്ങൾക്ക് ഇരയായിരുന്നു രാഹുൽ. തുടർച്ചയായ തെരഞ്ഞെടുപ്പ് പരാജയങ്ങൾ ആ പരിഹാസങ്ങൾക്ക് ആക്കം കൂട്ടി. എന്നാൽ കിലോമീറ്ററുകൾ നീണ്ട ഭാരത് ജോഡോ യാത്രയിലൂടെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് രാഷ്ട്രീയമായി സ്വയം പരുവപ്പെട്ട രാഹുൽ ഗാന്ധിയെയാണ് കഴിഞ്ഞ കുറേ നാളുകളായി രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്. ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന പദവിയിലേക്ക് ഉയർന്നതോടെ അദ്ദേഹത്തിന്റെ അനുഭവവും പക്വതയും കൂടുതൽ ശക്തമായ രീതിയിലാണ് പ്രകടിപ്പിക്കുന്നത്. പദവിയുടെ ഉത്തരവാദിത്തം തിരിച്ചറിഞ്ഞ് ഭരണപക്ഷത്തെ കൃത്യതയോടെ ചോദ്യം ചെയ്യാൻ രാഹുലിന് സാധിക്കുന്നുണ്ട്. രാഷ്ട്രീയമായ ഈ വേഷപ്പകർച്ചയും ആത്മവിശ്വാസവും തന്നെയാണ് ഇതിനകം മൂന്നുതവണ പ്രധാനമന്ത്രിയെ സംവാദത്തിന് വെല്ലുവിളിക്കാൻ രാഹുലിന് കരുത്തുനൽകുന്നത്.
ആത്മവിശ്വാസം നൽകുന്ന പ്രതിപക്ഷ ഐക്യം
രാഹുൽ ഗാന്ധി പ്രകടിപ്പിക്കുന്ന ഈ ആത്മവിശ്വാസത്തിന്റെ അടിത്തറ പ്രതിപക്ഷ നിരയിലെ ഐക്യം തന്നെയാണ്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഭിന്നതകൾ മറന്നു വിവിധ കക്ഷികളെ ഇന്ത്യ സഖ്യത്തിന് കീഴിൽ ഒരൊറ്റ ശക്തിയായി നിലനിർത്താൻ കഴിയുന്നത് വലിയ രാഷ്ട്രീയ മേൽക്കൈയാണ് നൽകുന്നത്. ഭരണപക്ഷത്തിന്റെ കടന്നാക്രമങ്ങളെ ഒരുമിച്ചു പ്രതിരോധിക്കാനും ഇതു സഹായകരമായി. സമരങ്ങൾക്ക് തുടർച്ചയുണ്ടായി.
കഴിഞ്ഞ വർഷകാല സമ്മേളനത്തിൽ കേന്ദ്രം കണക്കു കൂട്ടിയിരുന്ന ബില്ലുകൾ കൊണ്ടുവരാൻ അനുവദിക്കാതെ സഭാകാലയളവിൽ ഉടനീളം പ്രതിരോധത്തിലാക്കാൻ കഴിഞ്ഞത് ഈ ഐക്യത്തിന്റെ കരുത്തിലാണ്. ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിലൂടെ സഖ്യത്തിന്റെ കെട്ടുറപ്പ് നിൽനിർത്താനും പ്രതിപക്ഷത്തിനു സാധിച്ചു.
ശൈത്യകാല സമ്മേളനവും ഉത്തർപ്രദേശ് തെരെഞ്ഞെടുപ്പും
വരാനിരിക്കുന്ന പാർലമെന്റിന്റെ ശൈത്യകാല സമ്മേളനവും തൊട്ടുപിന്നാലെ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പും ഇന്ത്യ സഖ്യത്തിന്റെ ഐക്യത്തിനും രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ തന്ത്രങ്ങൾക്കും ഒരുപോലെ നിർണായകമായ പരീക്ഷണഘട്ടങ്ങളാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ പ്രതിഷേധങ്ങളും തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട തർക്കങ്ങളും ഉയർത്തി ശൈത്യകാല സമ്മേളനത്തിൽ സർക്കാരിനെ പൂർണമായി പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്. ഇതിന്റെ ആവേശം ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി നടക്കുന്ന യുപി തെരഞ്ഞെടുപ്പിലും നിലനിർത്താൻ ഇന്ത്യാ സഖ്യത്തിന് കഴിയേണ്ടതുണ്ട്. ഉത്തർപ്രദേശ് എന്ന രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്ത് പത്തുവർഷമായി ബിജെപിയാണ് ഭരണത്തിൽ. സമാജ്വാദി പാർട്ടിയും കോൺഗ്രസ്സും ഉൾപ്പെടുന്ന പ്രതിപക്ഷ സഖ്യത്തിനു യുപിയിൽ ഭരണവിരുദ്ധ വികാരത്തെ വോട്ടാക്കി മാറ്റി ഭരണത്തിലേക്ക് വഴിതുറക്കാനായാൽ അത് ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ വഴിത്തിരിവായി മാറും.