NEWSROOM

പാര്‍ലമെൻ്റിലെ സംഘര്‍ഷം: രാഹുല്‍ ഗാന്ധിക്കെതിരായ കേസിൽ ഡൽഹി ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും

കേസ് ലോക്കൽ പൊലീസിൽ നിന്ന് ക്രൈംബ്രാഞ്ചിന് കൈമാറിയതായി ഡൽഹിയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു

Author : ന്യൂസ് ഡെസ്ക്


പാര്‍ലമെൻ്റിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് ബിജെപി എംപിമാരെ പരുക്കേൽപ്പിച്ചെന്ന കേസിൽ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഡൽഹി പൊലീസിൻ്റെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. കേസ് ലോക്കൽ പൊലീസിൽ നിന്ന് ക്രൈംബ്രാഞ്ചിന് കൈമാറിയതായി ഡൽഹിയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.

വ്യാഴാഴ്ച പ്രതിപക്ഷ എംപിമാരും ഭരണപക്ഷ എംപിമാരും തമ്മിലുള്ള ഏറ്റുമുട്ടലുമായി ബന്ധപ്പെട്ടാണ് ഭാരതീയ ന്യായ സംഹിതയുടെ 117 (സ്വമേധയാ ഗുരുതരമായ മുറിവേൽപ്പിക്കുക), 115 (സ്വമേധയാ മുറിവേൽപ്പിക്കുക), 125 (മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടപ്പെടുത്തുന്ന പ്രവൃത്തി), 131 (ക്രിമിനൽ ബലപ്രയോഗം), 351 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 3(5) (പൊതു ഉദ്ദേശ്യം) എന്നീ വകുപ്പുകൾ പ്രകാരമാണ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തിരിക്കുന്നത്.

സംഭവത്തില്‍ ഒഡിഷയില്‍ നിന്നുള്ള എം.പി. പ്രതാപ് സാരംഗി, ഉത്തര്‍പ്രദേശില്‍ നിന്നുള്ള മുകേഷ് രാജ്പുത് എന്നിവര്‍ക്കാണ് പരുക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ഇരുവരെയും രാം മനോഹര്‍ ലോഹിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രാഹുല്‍ ഗാന്ധി പിടിച്ചുതള്ളിയെന്നും അങ്ങനെ വീണാണ് ഇരുവര്‍ക്കും പരുക്കേറ്റത് എന്നുമാണ് ബിജെപിയുടെ ആരോപണം. ബിജെപി നേതാക്കളായ അനുരാഗ് താക്കൂര്‍ എം.പി, ബാന്‍സുരി സ്വരാജ്, ഹേമങ്ക് ജോഷി എന്നിവര്‍ ചേര്‍ന്നാണ് രാഹുലിനെതിരെ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

SCROLL FOR NEXT