NEWSROOM

രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ്; ഐക്യകണ്ഠേന തീരുമാനമെടുത്ത് ഇന്ത്യ മുന്നണി

രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തെന്ന് വ്യക്തമാക്കി സോണിയ ഗാന്ധി പ്രോടെം സ്പീക്കർക്ക് കത്ത് നൽകി

Author : ന്യൂസ് ഡെസ്ക്

18ാം ഇന്ത്യൻ ലോക്‌സഭയുടെ പ്രതിപക്ഷനേതാവായി രാഹുൽ ഗാന്ധി ചുമതലയേൽക്കും. ഇന്ത്യ മുന്നണി ചേർന്ന യോഗത്തിലാണ് രാഹുലിനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത്. കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തെന്ന് വ്യക്തമാക്കി സോണിയ ഗാന്ധി പ്രോടെം സ്പീക്കർക്ക് കത്ത് നൽകി. രാഹുൽ ഗാന്ധി പ്രതിപക്ഷനേതാവാവണമെന്ന് കോൺഗ്രസിൻ്റെ പ്രവർത്തകകർമ്മ സമിതി യോഗം ഒറ്റകെട്ടായി ആവശ്യപ്പെടുകയായിരുന്നു. മുതിർന്ന നേതാവ് ദിഗ്‌വിജയ് സിങ്ങാണ് പ്രമേയം അവതരിപ്പിച്ചത്.

ഇന്നായിരുന്നു രാഹുൽ ഗാന്ധിയുടെ സത്യപ്രതിജ്ഞ ചടങ്ങ്. ഇന്ത്യന്‍ ഭരണഘടനയുടെ പകര്‍പ്പ് ഉയര്‍ത്തിപ്പിടിച്ചു കൊണ്ടാണ് രാഹുല്‍ ഗാന്ധി എംപിയായി സത്യപ്രതിജ്ഞ ചെയ്തത്. രാഹുലിൻ്റെ പേര് വിളിച്ചപ്പോള്‍ തന്നെ വലിയ രീതിയിലുള്ള ആര്‍പ്പുവിളികളും കൈയ്യടികളും പ്രതിപക്ഷത്തിൻ്റെ ഭാഗത്ത് നിന്ന് സഭയില്‍ മുഴങ്ങിയിരുന്നു. രാഹുലിൻ്റെ രാഷ്ട്രീയ ജിവിതത്തിലെ നാഴികക്കല്ലായ ഭാരത് ജോഡോ യാത്രയിലെ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് എംപിമാര്‍ രാഹുലിനെ സ്വീകരിച്ചത്.

SCROLL FOR NEXT