NEWSROOM

"ഹരിയാനയിലെ അപ്രതീക്ഷിത ഫലം പരിശോധിക്കുകയാണ്, വോട്ടെണ്ണലിലെ പരാതികള്‍ ഇലക്ഷന്‍ കമ്മീഷനെ അറിയിക്കും"

ഹരിയാനയിലെ വോട്ടെണ്ണല്‍ പ്രക്രിയയില്‍ കോണ്‍ഗ്രസ് ഇന്നലെത്തന്നെ ഗുരുതരമായ സംശയങ്ങള്‍ ആരോപിച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്

ഹരിയാന നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷമുള്ള രാഹുലിന്‍റെ ആദ്യ പ്രതികരണമായിരുന്നുവിത്. ഹരിയാനയിലെ അപ്രതീക്ഷിത ഫലം പരിശോധിക്കുകയാണെന്നും രാഹുൽ ഗാന്ധി എക്സില്‍ കുറിച്ചു.

'ഹരിയാനയിലെ അപ്രതീക്ഷിത ഫലങ്ങൾ ഞങ്ങൾ വിശകലനം ചെയ്തുവരികയാണ്. പല നിയമസഭാ മണ്ഡലങ്ങളിൽ നിന്നും വന്നുകൊണ്ടിരിക്കുന്ന പരാതികൾ ഞങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും', രാഹുല്‍ എക്സില്‍ കുറിച്ചു.

ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് തുടർച്ചയായി മൂന്നാം വട്ടവും ബിജെപി മുന്നേറ്റത്തിനാണ് സാക്ഷിയായത്. 90 സീറ്റുകളില്‍ ബിജെപി 48ഉം കോണ്‍ഗ്രസ് സഖ്യം 37 സീറ്റുമാണ് നേടിയത്. ജുലാനയിലെ അഭിമാനപ്പോരാട്ടത്തില്‍ വിനേഷ് ഫോഗട്ട് വിജയിച്ചത് കോൺഗ്രസിന് ആശ്വാസമായി. എന്നാൽ ഭൂപീന്ദർ സിങ് ഹൂഡയെ കേന്ദ്രീകരിച്ചുള്ള പ്രചരണം, കുമാരി സെൽജ, അശോക് തൻവർ, രൺദീപ് സുർജെവാലയടക്കം പല നേതാക്കളുമായും ഹൂഡയ്ക്കുള്ള പടലപിണക്കങ്ങൾ എന്നിവ കോണ്‍ഗ്രസിനു തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍.

Also Read: കൊൽക്കത്ത ബലാത്സംഗക്കൊല; സിബിഐ സമർപ്പിച്ച കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്

ഹരിയാനയിലെ വോട്ടെണ്ണല്‍ പ്രക്രിയയില്‍ കോണ്‍ഗ്രസ് ഇന്നലെത്തന്നെ ഗുരുതരമായ സംശയങ്ങള്‍ ആരോപിച്ചിരുന്നു. ഫലം അടിസ്ഥാന യാഥാർത്ഥ്യത്തിന് വിരുദ്ധമാണെന്നും കുറഞ്ഞത് മൂന്ന് ജില്ലകളിലെ വോട്ടിങ് യന്ത്രങ്ങളുടെ എണ്ണലും പ്രവർത്തനവും സംബന്ധിച്ച് പാർട്ടിക്ക് പരാതികൾ ലഭിച്ചിട്ടുണ്ടെന്നും മുതിർന്ന കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാള്‍ പറഞ്ഞു.

കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യത്തിന് വിജയം സമ്മാനിച്ച ജമ്മൂ കശ്മീരിലെ ജനങ്ങോട് രാഹുല്‍ നന്ദിയും അറിയിച്ചു.

'ജമ്മു കശ്മീരിലെ ജനങ്ങൾക്ക് എൻ്റെ ഹൃദയംഗമമായ നന്ദി - സംസ്ഥാനത്ത് ഇന്ത്യ മുന്നണിക്ക് ലഭിച്ച വിജയം ഭരണഘടനയുടെ വിജയമാണ്, ജനാധിപത്യത്തിന്‍റെ, ആത്മാഭിമാനത്തിൻ്റെ വിജയമാണ്', രാഹുല്‍ എക്സില്‍ എഴുതി.

Also Read: അസമിലെ നാല് ജില്ലകളില്‍ ആറു മാസത്തേക്ക് കൂടി 'അഫ്‌സ്‌പ' നീട്ടി

ജമ്മൂ കശ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം 49 സീറ്റുകളിലാണ് വിജയിച്ചത്. 29 സീറ്റുകളോടെ രണ്ടാം സ്ഥാനത്ത് എത്താന്‍ മാത്രമേ ബിജെപിക്ക് സാധിച്ചുള്ളൂ.

SCROLL FOR NEXT