കാലാവസ്ഥാ പ്രവർത്തകൻ സോനം വാങ്‌ചുക്കിനെയും മറ്റ് ലഡാക്കികളുടെയും അറസ്റ്റിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇവരെ തടങ്കലിൽ വച്ചത് അംഗീകരിക്കാനാകില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കിൻ്റെ ശബ്ദം ഉറപ്പായും കേൾക്കേണ്ടിവരുമെന്നും രാഹുൽ അഭിപ്രായപ്പെട്ടു. ഔദ്യോഗിക എക്സ് പോസ്റ്റ് വഴിയായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ പ്രതികരണം.
"പാരിസ്ഥിതികവും ഭരണഘടനാപരവുമായ അവകാശങ്ങൾക്കായി സമാധാനപരമായി മാർച്ച് നടത്തുന്ന സോനം വാങ്‌ചുക്ക് ജിയെയും നൂറുകണക്കിന് ലഡാക്കികളെയും തടഞ്ഞുവെച്ചത് അംഗീകരിക്കാനാവില്ല. എന്തിനാണ് ലഡാക്കിൻ്റെ ഭാവിക്ക് വേണ്ടി മുന്നോട്ട് വന്ന പ്രായമായ പൗരന്മാരെ ഡൽഹി അതിർത്തിയിൽ തടഞ്ഞുവെച്ചിരിക്കുന്നത്? മോദിജി, കർഷകസമരത്തിലേത് പോലെ ഈ ചക്രവ്യൂഹവും തകരും, നിങ്ങളുടെ അഹങ്കാരവും. ലഡാക്കിൻ്റെ ശബ്ദം നിങ്ങൾ കേൾക്കേണ്ടി വരും," രാഹുൽ കുറിച്ചു.
ലഡാക്കിന് സംസ്ഥാന പദവിയടക്കം ആവശ്യപ്പെട്ട് പ്രവർത്തകർ നടത്തിയ മാർച്ചാണ് ഡൽഹി പൊലീസ് തടഞ്ഞത്. സോനം വാങ്ചുകും അനുയായികളും ഗാന്ധി സമാധിയിലേക്ക് മാർച്ച് നടത്തുകയായിരുന്നു. പിന്നാലെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിനെ തുടർന്ന് ലേ അപക്സ്ബോഡിയും കാർഗിൽ ഡെമോക്രാറ്റിക് അലയൻസും സംയുക്തമായി ലഡാക്കിൽ ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. സോനം വാങ്ചുകിൻ്റെ കസ്റ്റഡിയിൽ പ്രതിഷേധിച്ചാണ് ബന്ദ് നടത്തുന്നത്.
ഡൽഹിയിൽ ഒക്‌ടോബർ 5 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. രഹസ്യാന്വേഷണ ഏജൻസികൾ നൽകിയ വിവരത്തെ തുടർന്നായിരുന്നു പ്രഖ്യാപനം. നിരോധനാജ്ഞ മറികടന്ന് മാർച്ച് നടത്തിയെന്ന് കാട്ടിയാണ് പൊലീസ് നടപടി. സിംഗു അതിർത്തിയിൽ നിന്നാണ് സോനം വാങ്ചുക് ഉൾപ്പെടെ 120-ഓളം പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.