NEWSROOM

ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്ന് 'സ്‌നേഹവും ആദരവും വിനയവും' നഷ്‌ടമായിരിക്കുന്നു: രാഹുൽ ഗാന്ധി

ഇന്ത്യൻ പ്രധാനമന്ത്രി ഇന്ത്യൻ ഭരണഘടനയെ അക്രമിക്കുകയാണെന്ന് ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ആളുകൾ വ്യക്തമായി മനസിലാക്കിയപ്പോൾ തെരഞ്ഞെടുപ്പിൽ ആ പോരാട്ടം പ്രകടമായി

Author : ന്യൂസ് ഡെസ്ക്

ഇന്ത്യൻ രാഷ്ട്രീയത്തിൽ സ്‌നേഹവും ആദരവും വിനയവും നഷ്‌ടമായെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ടെക്‌സാസിലെ ഇന്ത്യൻ അമേരിക്കൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. ഇന്ത്യ ഒരു ആശയമാണെന്ന് ആർഎസ്എസ് വിശ്വസിക്കുന്നു. അതേസമയം കോൺഗ്രസ് അതിനെ വൈവിധ്യങ്ങളുള്ള ആശയമായാണ് കണക്കാക്കുന്നത്. അതാണ് പോരാട്ടമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

"യുണൈറ്റഡ് സ്റ്റേറ്റ്സ് പോലെ, എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കാന്‍ ഇന്ത്യയിലും സാധിക്കണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എല്ലാവരെയും സ്വപ്നം കാണാൻ അനുവദിക്കണമെന്നും ജാതി, ഭാഷ, മതം, പാരമ്പര്യം, ചരിത്രം എന്നിവ പരിഗണിക്കാതെ എല്ലാവർക്കും ഇടം നൽകണമെന്നും ഞങ്ങൾ വിശ്വസിക്കുന്നു" രാഹുൽ ഗാന്ധി വ്യക്തമാക്കി.

ഇന്ത്യൻ പ്രധാനമന്ത്രി ഇന്ത്യൻ ഭരണഘടനയെ അക്രമിക്കുകയാണെന്ന് ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ആളുകൾ വ്യക്തമായി മനസിലാക്കിയപ്പോൾ തെരഞ്ഞെടുപ്പിൽ ആ പോരാട്ടം പ്രകടമായി. ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് സ്നേഹം, ബഹുമാനം, വിനയം എന്നിവയുടെ മൂല്യങ്ങൾ പകരുക എന്നതാണ് തൻ്റെ പ്രധാന ലക്ഷ്യമെന്ന് രാഹുൽ ഗാന്ധി തൻ്റെ പ്രസംഗത്തിൽ പറഞ്ഞു.

“നമ്മുടെ രാഷ്ട്രീയ വ്യവസ്ഥിതിയിൽ പാർട്ടികൾക്കില്ലാത്തത് സ്നേഹവും ബഹുമാനവും വിനയവുമാണ്. ഒരു മതത്തിലോ ഒരു സമുദായത്തിലോ ഒരു ജാതിയിലോ ഒരു സംസ്ഥാനത്തിലോ ഒരു ഭാഷ സംസാരിക്കുന്നവരോടോ മാത്രമല്ല, എല്ലാ മനുഷ്യരോടും സ്നേഹമാണ് തനിക്കുള്ളത്.

ALSO READ: ചേർത്തലയിലെ നവജാത ശിശുവിൻ്റെ കൊലപാതകം പിതൃത്വവുമായി ബന്ധപ്പെട്ട തർക്കമെന്ന് സൂചന; ഡിഎൻഎ പരിശോധന ഫലം നിർണായകം

ബിജെപി നമ്മുടെ പാരമ്പര്യത്തെയും ഭാഷയെയും ഭരണഘടനയെയും അക്രമിക്കുന്നു. “തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഇന്ത്യയിൽ ആരും ബിജെപിയെയോ, പ്രധാനമന്ത്രിയെയോ ഭയക്കുന്നില്ലെന്ന് വ്യക്തമായി. നമ്മുടെ ഭരണഘടനയ്‌ക്കെതിരായ ആക്രമണം നാം അംഗീകരിക്കാൻ പോകുന്നില്ലെന്ന് ഇന്ത്യൻ ജനത തിരിച്ചറിഞ്ഞിട്ടുണ്ട്." രാഹുല്‍ ഗാന്ധി പറഞ്ഞു.

SCROLL FOR NEXT