മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിൻ്റെ മരണത്തിൽ അനുശോചനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഔദ്യോഗിക എക്സ് പോസ്റ്റ് വഴിയായിരുന്നു രാഹുലിൻ്റെ അനുശോചന കുറിപ്പ്. ഇന്ത്യയെ സത്യസന്ധതയോടെ ഭരിച്ച നേതാവിനെയാണ് നഷ്ടമായതെന്ന് രാഹുൽ ഗാന്ധി കുറിച്ചു. തനിക്ക് ഉപദേശകനെയും വഴികാട്ടിയേയുമാണ് നഷ്ടമായതെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി.
മൻമോഹൻ സിംഗിന്റെ സത്യസന്ധത എല്ലായ്പ്പോഴും പ്രചോദനമായിരിക്കുമെന്ന് പ്രിയങ്ക ഗാന്ധിയും എക്സിൽ കുറിച്ചു. വ്യക്തിപരമായ ആക്രമണങ്ങളെ അവഗണിച്ച് പ്രതിബദ്ധതയോടെ രാഷ്ട്രത്തെ സേവിച്ച നേതാവാണ് വിടവാങ്ങിയത്. ഈ രാജ്യത്തെ യഥാർഥമായി സ്നേഹിക്കുന്നവർക്കിടയിൽ അദ്ദേഹം എന്നും തലയുയർത്തി നിൽക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
വ്യാഴാഴ്ച രാത്രി ഡൽഹി എയിംസിൽ വെച്ചായിരുന്നു മൻമോഹൻ സിങ്ങിൻ്റെ അന്ത്യം. ആരോഗ്യനില വഷളായതിനെ തുടർന്ന് വ്യാഴാഴ്ച വൈകുന്നേരമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രിയങ്ക ഗാന്ധിയും പാർട്ടിയിലെ മറ്റ് നേതാക്കളും വൈകുന്നേരത്തോടെ എയിംസിലെത്തിയിരുന്നു.
രാഹുലിൻ്റെ കുറിപ്പിൻ്റെ പൂർണരൂപം
അപാരമായ വിവേകത്തോടെയും അഖണ്ഡതയോടെയുമാണ് മൻമോഹൻ സിങ് ഇന്ത്യയെ നയിച്ചത്. അദ്ദേഹത്തിൻ്റെ വിനയവും സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും രാജ്യത്തെ പ്രചോദിപ്പിച്ചു. മൻമോഹൻ സിങ്ങിൻ്റെ ഭാര്യ, ശ്രീമതി കൗറിനും കുടുംബത്തിനും എൻ്റെ ഹൃദയംഗമമായ അനുശോചനം.
എനിക്ക് ഒരു ഉപദേശകനെയും വഴികാട്ടിയേയുമാണ് നഷ്ടപ്പെട്ടത്. മൻമോഹൻ സിങ്ങിനെ അഭിനന്ദിച്ച ദശലക്ഷക്കണക്കിന് ആളുകൾ അദ്ദേഹത്തെ അഭിമാനത്തോടെ ഓർക്കും.