NEWSROOM

'ദളിത് അടുക്കളയിൽ പാകം ചെയ്യുന്നതെന്ത്?' കോലാപ്പൂരിൽ ദളിത് കുടുംബത്തോടൊപ്പം പാചകം ചെയ്ത് രാഹുൽ ഗാന്ധി

‘ദളിത് കിച്ചൻസ് ഓഫ് മറാത്ത്‌വാഡ’ എന്ന പുസ്തകത്തിൻ്റെ രചയിതാവ് ഷാഹു പടോലും പ്രതിപക്ഷ നേതാവിനെ അനുഗമിച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്


മഹാരാഷ്ട്രയിലെ കോലാപ്പൂർ സന്ദർശനത്തിനിടെ ദളിത് അടുക്കളയിൽ ഭക്ഷണം പാകം ചെയ്ത് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കോലാപ്പൂരിലെ ഉൻചാവോൺ ഗ്രാമത്തിലെ ദളിത് കർഷകനായ അജയ് തുക്കാറാം സനഡെയുടെ വീട്ടിലെത്തിയായിരുന്നു രാഹുലിൻ്റെ പാചകം. ദളിത് അടുക്കളെകളെ കുറിച്ച് അറിയാനും അതിൻ്റെ സാമൂഹികവും രാഷ്ട്രീയവുമായ പ്രാധാന്യം മനസിലാക്കാനുമുള്ള ജിജ്ഞാസ മൂലമാണ് രാഹുൽ അടുക്കളയിലെത്തിയത്. ‘ദളിത് കിച്ചൻസ് ഓഫ് മറാത്ത്‌വാഡ’ എന്ന പുസ്തകത്തിൻ്റെ രചയിതാവ് ഷാഹു പടോലും പ്രതിപക്ഷ നേതാവിനെ അനുഗമിച്ചിരുന്നു.

"നിങ്ങൾ എന്താണ് കഴിക്കുന്നതെന്നും എങ്ങനെ പാചകം ചെയ്യുന്നുവെന്നും ആർക്കും അറിയില്ലെന്ന വ്യത്യസ്തമായ കാര്യം ഷാഹു പറഞ്ഞു. അതിനാലാണ് ഞാൻ ഇന്ന് ഇവിടെ വന്നത്," രാഹുൽ ഗാന്ധി വ്യക്തമാക്കി. ദളിതർ എന്താണ് കഴിക്കുന്നതെന്ന് ആർക്കും അറിയില്ലെന്നായിരുന്നു ഷാഹു പടോലിൻ്റെ പ്രസ്താവന.


മസാലക്കൂട്ടുകളുടെയും രുചിയുടെയും കാര്യം പറഞ്ഞാരംഭിച്ച സംഭാഷണം പിന്നാലെ ദളിതർ നേരിടുന്ന വിവേചനത്തിലേക്ക് നീങ്ങി. "എൻ്റെ ഗ്രാമത്തിലെ ഉന്നത ജാതിക്കാർ എൻ്റെ വീട്ടിൽ നിന്ന് വെള്ളമോ ഒരു കപ്പ് ചായയോ കുടിക്കില്ല," ഷാഹു പടോലെ പറയുന്നു. അവർ നിലവിൽ തൻ്റെ പദവിയെ ബഹുമാനിക്കുന്നുണ്ടെങ്കിലും വിവേചനം കാരണം ഇപ്പോഴും ആളുകൾ അവരുടെ ജാതിയും കുടുംബപ്പേരും മറയ്ക്കുന്നുണ്ടെന്ന് ഷാഹു  കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധിയും ഷാഹു പടോലും ഉച്ചഭക്ഷണത്തിനായി 'ഹർഭാര്യാഞ്ചി ഭാജി' എന്ന കറിയും വഴുതന കൊണ്ടുള്ള ഒരു വിഭവവും പാകം ചെയ്തു. 

"പടോലിൻ്റെയും അജയ് സനഡെയുടെ കുടുംബത്തിൻ്റെയും ജാതിയുടെ പേരിലുള്ള വിവേചനത്തെ കുറിച്ചുള്ള വ്യക്തിപരമായ അനുഭവങ്ങളുടെ വെളിച്ചത്തിൽ, ദളിത് ഭക്ഷണരീതികളെക്കുറിച്ചുള്ള അവബോധമില്ലായ്മയെക്കുറിച്ചും, ഈ സംസ്കാരങ്ങൾ ചരിത്രത്തിൽ രേഖപ്പെടുത്തേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്തു," കോൺഗ്രസ് നേതാവ് എക്സിൽ പോസ്റ്റ് ചെയ്തു.

SCROLL FOR NEXT