NEWSROOM

ഉപതെരഞ്ഞെടുപ്പ് പ്രചരണം അവസാന ലാപ്പിൽ: കൊട്ടിക്കലാശത്തിനായി രാഹുൽ നാളെ വയനാട്ടിൽ; പ്രിയങ്കക്ക് സ്വീകരണം ആറിടങ്ങളിൽ

കൽപ്പറ്റയിലും തിരുവമ്പാടിയിലുമാണ് രാഹുൽ ഗാന്ധിയും പ്രിയങ്കയും ഒന്നിച്ച് കൊട്ടികലാശത്തിൽ പങ്കെടുക്കുക

Author : ന്യൂസ് ഡെസ്ക്



ഉപതെരഞ്ഞെടുപ്പ് ആവേശം കൊടുമുടിയിലേറ്റാൻ കൊട്ടിക്കലാശത്തിനായി രാഹുൽ ഗാന്ധി നാളെ വയനാട്ടിലെത്തും. ഇന്നും നാളെയുമായി പ്രിയങ്ക ഗാന്ധിയും ജില്ലയിൽ തുടരും. വയനാട്ടിൽ ആറിടങ്ങളിൽ പ്രിയങ്ക സ്വീകരണം ഏറ്റുവാങ്ങും. രാവിലെ 10 മണിയോടെ സുൽത്താൻ ബത്തേരിയിലും വൈകുന്നേരം മൂന്നിന് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്ന് ബസ് സ്റ്റാൻഡിലേക്കുമാണ് റോഡ് ഷോ.

തിരുനെല്ലി ക്ഷേത്രത്തിൽ ദർശനം നടത്തിയതിന് ശേഷമാകും പ്രിയങ്ക ഗാന്ധി മണ്ഡലത്തിൽ കൊട്ടിക്കലാശ പ്രചരണം ആരംഭിക്കുക. ഉച്ചയ്ക്ക് 12.30 മുതൽ മാനന്തവാടി, ബത്തേരി, കൽപ്പറ്റ നിയോജക മണ്ഡലങ്ങളിലെ സ്വീകരണങ്ങളിലും പ്രിയങ്ക പങ്കെടുക്കും. കൽപ്പറ്റയിലും തിരുവമ്പാടിയിലുമാണ് രാഹുൽ ഗാന്ധിയും പ്രിയങ്കയും ഒന്നിച്ച് കൊട്ടിക്കലാശത്തിൽ പങ്കെടുക്കുക. അതേസമയം എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി ഇന്ന് മാനന്തവാടി നിയമസഭാ മണ്ഡലത്തിൽ പ്രചാരണം നടത്തും. തിരുവമ്പാടി നിയമസഭാ മണ്ഡലത്തിലാണ് എൻഡിഎ സ്ഥാനാർഥി നവ്യ ഹരിദാസ് ഇന്ന് പര്യടനം നടത്തുക.

വയനാട് മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങളിലായി 14,71,742 വോട്ടര്‍മാരാണുള്ളത്. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ പ്രദേശങ്ങളിലുള്ളവർക്കായി പ്രത്യേക പോളിംഗ് സെൻ്റർ ഏർപ്പെടുത്തിയതായി കളക്ടർ അറിയിച്ചിരുന്നു. മൂന്ന് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന വയനാട് ലോകസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പിനായി വിപുലമായ സംവിധാനങ്ങളാണ് സജ്ജീകരിക്കുന്നത്. 30 ഓക്‌സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ 1354 പോളിങ് സ്റ്റേഷനുകളാണുണ്ടാവുക. ജില്ലയില്‍ സുരക്ഷാ പട്ടികയിലുള്ള ഇടങ്ങളിൽ വെബ് കാസ്റ്റിങ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മേപ്പാടി പഞ്ചായത്തിലെ 10, 12 വാര്‍ഡുകളിലെ വോട്ടര്‍മാര്‍ക്കായി രണ്ട് ബൂത്തുകളും 11ാം വാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ക്കായി മേപ്പാടി സ്‌കൂളിലും പ്രത്യേക പോളിങ് ബൂത്ത് ഏര്‍പ്പെടുത്തും. ഭിന്നശേഷിക്കാരും മുതിര്‍ന്ന പൗരന്‍മാരുമടങ്ങിയ 7519 പേർക്ക് വീടുകളില്‍ നിന്ന് വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കും. തപാൽ വോട്ടുകൾ അടക്കം എണ്ണാനായി എട്ട് വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ഉണ്ടാകുക. 2700 പൊലീസുകാരെയും ജില്ലയിൽ വിന്യസിച്ചിട്ടുണ്ട്.

SCROLL FOR NEXT