NEWSROOM

രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റ് പ്രതിരോധകാര്യ സ്റ്റാന്‍ഡിങ് സമിതിയില്‍ തുടരും; കങ്കണ റണൗട്ട് ഐടി സമിതിയില്‍

രാജ്യസഭ സെക്രട്ടറി പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് സമിതി അംഗങ്ങളുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

Author : ന്യൂസ് ഡെസ്ക്

പാര്‍ലമെന്‍റ് പ്രതിരോധ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ അംഗത്വം നിലനിര്‍ത്തി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ബിജെപി എം.പിയും അഭിനേതാവുമായ കങ്കണ റണൗട്ട് ഐടി സമിതിയില്‍ ഇടം പിടിച്ചു. രാജ്യസഭ സെക്രട്ടറി പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് സമിതി അംഗങ്ങളുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

കഴിഞ്ഞ ലോക്സഭയിലും രാഹുല്‍ ഗാന്ധി പ്രതിരോധ സമിതിയില്‍ അംഗമായിരുന്നു. ബിജെപി എംപി രാധ മോഹന്‍സിങാണ് സമിതിയുടെ അധ്യക്ഷന്‍. വിദേശകാര്യം അടക്കം നാല് കമ്മിറ്റികളുടെ അധ്യക്ഷ സ്ഥാനം കോണ്‍ഗ്രസ് എംപിമാര്‍ക്ക് നല്‍കിയിട്ടുണ്ട്. മുന്‍ വിദേശകാര്യ മന്ത്രിയും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍ ആണ് വിദേശകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍.

ദിഗ്‌വിജയ സിങ് (വിദ്യാഭ്യാസം, സ്ത്രീകൾ, കുട്ടികൾ, യുവജനങ്ങൾ, കായികം), ചരണ്‍ജിത് ചന്നി (കൃഷി, മൃഗസംരക്ഷണം, ഭക്ഷ്യ സംസ്‌കരണം), സപ്തഗിരി ശങ്കർ ഉലക (ഗ്രാമീണ, പഞ്ചായത്തീരാജ്) എന്നിവരാണ് മറ്റ് അധ്യക്ഷന്മാര്‍. ഏഴ് തവണ എംപിയും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ സോണിയ ഗാന്ധിയെ നിലവില്‍ ഒരു സമിതിയിലും ഉള്‍പ്പെടുത്തിയിട്ടില്ല.

പ്രതിരോധം, ധനം, ആഭ്യന്തരം, കൽക്കരി, ഖനികൾ, ഉരുക്ക്, ഐടി തുടങ്ങിയ സുപ്രധാന സമിതികളുടെ അധ്യക്ഷ സ്ഥാനത്ത് ബിജെപി എംപിമാരെ നിയോഗിച്ചു. രാധാ മോഹന്‍ ദാസ് അഗര്‍വാളാണ് ആഭ്യന്തര സമിതിയുടെ അധ്യക്ഷന്‍. പ്രോ-ടേം സ്പീക്കറായി സേവനമനുഷ്ഠിച്ച ഭർതൃഹരി മഹ്താബ് ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയെ നയിക്കും.

മുന്‍ കേന്ദ്രമന്ത്രിമാരായ അനുരാഗ് ഠാക്കൂര്‍ (കല്‍ക്കരി, ഖനി) രാജീവ് പ്രതാപ് റൂഡി (സ്റ്റീല്‍, ജലവിഭവം) എന്നിവ സമിതികളുടെ അധ്യക്ഷരാകും. നിഷികാന്ത് ദുബെക്കാണ് കമ്മ്യൂണിക്കേഷന്‍സ് ഐടി സമിതിയുടെ ചുമതല.

ജയ ബച്ചന്‍ ( സമാജ് വാദി പാര്‍ട്ടി)- കമ്യൂണിക്കേഷന്‍ ഐടി, തിരുച്ചി ശിവ (ഡിഎംകെ) - ഉപഭോക്തൃകാര്യം, വ്യവസായം, കനിമൊഴി കരുണാനിധി (ഡിഎംകെ) - ഭക്ഷ്യ, പൊതുവിതരണം എന്നിവരാണ് പ്രതിപക്ഷ നിരയില്‍ നിന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ ഇടം പിടിച്ച മറ്റു പ്രമുഖര്‍.

ബിജെപി സഖ്യ കക്ഷികളായ ചന്ദ്രബാബു നായിഡുവിന്‍റെ ടിഡിപിക്കും നിതീഷ് കുമാറിന്‍റെ ജെഡിയുവിനും പാർപ്പിടം, നഗരകാര്യങ്ങൾ, ഗതാഗതം, വിനോദസഞ്ചാരം, സാംസ്‌കാരികം സമിതികളുടെ അധ്യക്ഷ സ്ഥാനം നല്‍കിയിട്ടുണ്ട്.

SCROLL FOR NEXT