NEWSROOM

രാഹുലിൻ്റെ ഇന്ത്യൻ പൗരത്വം റദ്ദാക്കണം; ഹൈക്കോടതിയെ സമീപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി

2005 ഒക്ടോബർ 10നും 2006 ഒക്ടോബർ 31നും സമർപ്പിച്ച കമ്പനിയുടെ വാർഷിക റിട്ടേണിൽ ബ്രിട്ടീഷ് പൗരനാണെന്ന് രാഹുൽ ഗാന്ധി രേഖപ്പെടുത്തിയിരുന്നു

Author : ന്യൂസ് ഡെസ്ക്


കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കാൻ ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി. ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയാണ് കോടതിയെ സമീപിച്ചത്. ഹർജി അടുത്തയാഴ്ച പരിഗണിച്ചേക്കും.

2003ൽ യുകെയിൽ രജിസ്റ്റർ ചെയ്ത ബാക്കോപ്സ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടർമാരിൽ ഒരാളാണ് രാഹുൽ ഗാന്ധി. 2005 ഒക്ടോബർ 10നും 2006 ഒക്ടോബർ 31നും സമർപ്പിച്ച കമ്പനിയുടെ വാർഷിക റിട്ടേണിൽ ബ്രിട്ടീഷ് പൗരനാണെന്ന് രാഹുൽ ഗാന്ധി രേഖപ്പെടുത്തിയിരുന്നു.

2009 ഫെബ്രുവരി 17ലെ കമ്പനിയുടെ പിരിച്ചുവിടൽ അപേക്ഷയിൽ ഇക്കാര്യം ആവർത്തിച്ചുവെന്നുമാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ ആരോപണം. ഇത് ഇന്ത്യൻ ഭരണഘടനയുടെ ഒൻപതാം അനുച്ഛേദത്തിൻ്റെയും, 1955ലെ ഇന്ത്യൻ പൗരത്വ നിയമത്തിൻ്റെയും ലംഘനമാണെന്നാണ് സുബ്രഹ്മണ്യൻ സ്വാമി പറയുന്നത്.


2019 ഏപ്രിൽ 29ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഹുൽ ഗാന്ധിക്ക് കത്തെഴുതി രണ്ടാഴ്ചയ്ക്കകം ഇക്കാര്യത്തിൽ നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അഞ്ച് വർഷം പിന്നിട്ടിട്ടും, എന്ത് തീരുമാനമാണ് എടുത്തതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. വിഷയത്തിൽ കോടതി ഇടപെടണം എന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

SCROLL FOR NEXT