NEWSROOM

സമരം ചെയ്യുന്നവര്‍ക്ക് ഉപാധികള്‍ വെക്കുന്ന അത്യപൂര്‍വ സംസ്ഥാനം; പോരാട്ടം തുടരുമെന്ന് രാഹൂൽ മാങ്കൂട്ടത്തിൽ

സ്വർണക്കള്ളക്കടത്തുകാരെ ചേർത്ത് പിടിക്കുകയാണ് സംസ്ഥാന സർക്കാർ. ഇതിനെതിരെ പോരാട്ടം തുടരും. സർക്കാരിൻ്റെ ഒരു ഉപാധികളും തങ്ങൾക്ക് ബാധകമല്ല

Author : ന്യൂസ് ഡെസ്ക്

മുഖ്യമന്ത്രിയുടെയും ആർഎസ്എസിൻ്റെയും മാധ്യമമാണ് എഡിജിപി അജിത് കുമാറെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹൂൽ മാങ്കൂട്ടത്തിൽ. ആർഎസ്എസ് ബന്ധത്തിൽ മുഖ്യമന്ത്രിയുടെ 'വാച്ച് ഡോഗ്' ആണ് എഡിജിപി. സമരം ചെയ്യുന്നവർക്ക് ഉപാധികൾ വെക്കുന്ന അത്യപൂര്‍വ സ്റ്റേറ്റ് ആയി കേരളം മാറുന്നുവെന്നും രാഹുൽ പറഞ്ഞു. 

സ്വർണക്കള്ളക്കടത്തുകാരെ ചേർത്ത് പിടിക്കുകയാണ് സംസ്ഥാന സർക്കാർ. ഇതിനെതിരെ പോരാട്ടം തുടരും. സർക്കാരിൻ്റെ ഒരു ഉപാധികളും തങ്ങൾക്ക് ബാധകമല്ല. എഡിജിപിക്കെതിരെ കീഴ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തുന്നത് സാമാന്യ നീതിയുടെ ലംഘനമാണ്. തനിക് തലസ്ഥാനത്ത് വിലക്ക് ഏർപ്പെടുത്തുന്നത് എന്തിന്? അജിത് കുമാറിനെ പോലെ ഒരു ക്രിമിനൽ അല്ല താനെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പിണറായിയുടെ കൊള്ളരുതായ്മക്ക് കാവൽ നിൽക്കുന്ന ആളാണ് അജിത് കുമാറെന്നും ഉളുപ്പില്ലാത്ത ഈ സർക്കാരിൻ്റെ ആരും രാജി വെക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

എഡിജിപി അജിത് കുമാറിനെയും പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയെയും സംരക്ഷിക്കുന്ന മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ സമരത്തിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചിരുന്നു. തിരുവനന്തപുരം മുൻസിഫ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 1500 രൂപ കെട്ടിവെയ്ക്കണം, 50,000 രൂപ ബോണ്ട്, സെക്രട്ടറിയേറ്റ് പരിസരത്ത് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

SCROLL FOR NEXT