NEWSROOM

"പാലക്കാട് സരിൻ ഫാക്ടറില്ല"; ഉപതെരഞ്ഞെടുപ്പില്‍ എസ്‌ഡിപിഐ പിന്തുണ തള്ളാതെ രാഹുൽ മാങ്കൂട്ടത്തിൽ

പാർട്ടിക്കപ്പുറം ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരുടെ വോട്ട് സ്വീകരിക്കുമെന്നായിരുന്നു രാഹുലിന്‍റെ പ്രതികരണം

Author : ന്യൂസ് ഡെസ്ക്

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ 'സരിൻ ഫാക്ടര്‍' ഇല്ലെന്ന് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തില്‍. തെരഞ്ഞെടുപ്പില്‍ എസ്‌ഡിപിഐയുടെ പിന്തുണ യുഡിഎഫ് സ്ഥാനാർഥി തള്ളിക്കളഞ്ഞില്ല. പാർട്ടിക്കപ്പുറം ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരുടെ വോട്ട് സ്വീകരിക്കുമെന്നായിരുന്നു രാഹുലിന്‍റെ പ്രതികരണം.

പാലക്കാട് നടക്കാൻ പോകുന്നത് ജനാധിപത്യവും വർഗീയതയും തമ്മിലുള്ള പോരാട്ടമാണ്. മണ്ഡലത്തില്‍ ബിജെപിക്ക് ഇനി ഒരു സാധ്യതയുമില്ലെന്ന് പാർലമെൻ്റ് തെരഞ്ഞെടുപ്പ് തെളിയിച്ചെന്നും രാഹുൽ മാങ്കുട്ടത്തിൽ പറഞ്ഞു.

പാലക്കാട് ബിജെപി-സിപിഎം ഡീല്‍ നടന്നിട്ടുണ്ടെന്ന് രാഹുല്‍ ആരോപിച്ചിരുന്നു. ബിജെപി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന പാലക്കാട് എന്തുകൊണ്ടാണ് മുതിർന്ന സിപിഎം നേതാക്കള്‍ മത്സരിക്കാത്തത്?  സിപിഎം നേതാക്കള്‍ ബിജെപിയുമായി ഉണ്ടാക്കിയിരിക്കുന്ന ഡീല്‍ നടപ്പിലാക്കാന്‍ പാലക്കാട്ടെ പ്രബുദ്ധ ജനത അനുവദിക്കില്ലെന്ന ആത്മവിശ്വാസവും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രകടിപ്പിച്ചു.

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർഥിയായി രാഹുലിനെ തീരുമാനിച്ചതോടെയാണ് കോണ്‍ഗ്രസിന്‍റെ ഡിജിറ്റല്‍ മീഡിയ കൺവീനറായ ഡോ. പി. സരിന്‍ വിമത ശബ്ദം ഉയർത്തിയത്. സ്ഥാനാർഥി നിർണയം ജനാധിപത്യപരമായി അല്ല നടന്നതെന്നായിരുന്നു സരിന്‍റെ ആരോപണം. രാഹുലിന്‍റെ സ്ഥാനാർഥിത്വം അംഗീകരിക്കാത്ത സരിന്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും രാഹുലിനെയും വിമർശിച്ച് രംഗത്തെത്തി. സതീശന്‍ പാർട്ടിയെ ഹൈജാക്ക് ചെയ്യുന്നുവെന്നായിരുന്നു സരിന്‍റെ ആരോപണം. പിന്നാലെ,  പാലക്കാട് സിപിഎമ്മിന്‍റെ സ്വതന്ത്ര സ്ഥാനാർഥിയായി സരിനെ മത്സരിപ്പിക്കാന്‍ പോളിറ്റ് ബ്യൂറോ അംഗീകാരം നല്‍കുകയായിരുന്നു.


SCROLL FOR NEXT