പാലക്കാട് നഗരസഭയിലെ നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് സ്ഥാപകന്റെ പേരിടാനുള്ള ബിജെപി ഭരണസമിതിയുടെ തീരുമാനം അംഗീകരിക്കില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. നീക്കത്തെ നിയമപരമായി നേരിടും. മുഖ്യമന്ത്രിക്കും തദ്ദേശവകുപ്പ് മന്ത്രിക്കും പരാതി നല്കി. പാലക്കാട് കാലുകുത്താന്‍ അനുവദിക്കില്ലെന്ന ബിജെപി ഭീഷണിയെ ഭയക്കുന്നില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ന്യൂസ് മലയാളത്തോട് പ്രതികരിച്ചു.
ഒരു പൊതു സ്ഥാപനത്തിന് ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്ഗേവാറിന്റെ പേര് നല്‍കാനുള്ള ബിജെപി ഭരണസമിതിയുടെ തീരുമാനം വര്‍ഗീയ അജണ്ട തുടരും എന്നുള്ളതിന് തെളിവാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പറഞ്ഞു.
ALSO READ: 'വഖഫ് സമരവും മുസ്ലീം ബ്രദർഹുഡും തമ്മിൽ എന്തു ബന്ധം?' ജമാഅത്തെ ഇസ്ലാമിയെ വിമർശിച്ച് കെ.ടി. ജലീല്‍
രാജ്യത്ത് വിദ്വേഷത്തിന്റേയും വിഭജനത്തിന്റേയും വിഭാഗീയതയുടേയും വിത്ത് പാകിയ പ്രസ്ഥാനത്തിന്റെ സ്ഥാപകന്റെ പേര് പൊതു സ്ഥാപനത്തിന് നല്കാന് അനുവദിക്കില്ലെന്ന് തന്നെയാണ് നിലപാടെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
പരസ്യപ്പെടുത്താനാകാത്ത നടപടിയാണെന്ന് ബോധ്യമുള്ളതിനാലാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാരെ പോലും അറിയിക്കാതെ ഭരണസമിതി രഹസ്യമായി നീങ്ങിയതെന്ന് രാഹുല്‍ പറഞ്ഞു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും.
ആശ സമരം, വനിതാ സിപിഒ ഉദ്യോഗാര്‍ഥികളുടെ സമരം തുടങ്ങി ജനകീയ പ്രതിഷേധങ്ങള്‍ക്കെല്ലാം യൂത്ത് കോണ്‍ഗ്രസ് ശക്തമായ പിന്തുണയുമായി കൂടെയുണ്ടാകുമെന്ന് അധ്യക്ഷന്‍ കൂടിയായ രാഹുല്‍ പറഞ്ഞു.