NEWSROOM

"തെറ്റ് ചെയ്യാത്തവർ മാപ്പ് പറയില്ല!"; മഹാരാഷ്ട്രയില്‍ ശിവജി പ്രതിമ തകര്‍ന്ന സംഭവത്തിൽ മോദിയെ പരിഹസിച്ച് രാഹുൽ

മോദി പ്രതിമ നിർമ്മിക്കാനുള്ള കരാർ ഒരു ആർഎസ്എസുകാരന് നൽകിയതും അഴിമതിയുമാണ് മോദി മാപ്പ് പറയാൻ കാരണമെന്നും രാഹുൽ ആരോപിച്ചു

Author : ന്യൂസ് ഡെസ്ക്

മഹാരാഷ്ട്ര സിന്ധുദുർഗിലുള്ള ഛത്രപതി ശിവജിയുടെ പ്രതിമ തകർന്ന സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മറാത്താ യോദ്ധാവ് അപമാനിക്കപ്പെട്ടതിൽ മോദി മഹാരാഷ്ട്രയിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

തെറ്റ് ചെയ്യാത്തവർ മാപ്പ് പറയാറില്ലെന്ന് പറഞ്ഞ രാഹുൽ, മോദിയുടെ ക്ഷമാപണത്തിന് പിന്നിൽ പല കാരണങ്ങളുണ്ടെന്നും പറഞ്ഞു. അതിലൊന്ന് മോദി പ്രതിമ നിർമ്മിക്കാനുള്ള കരാർ ഒരു ആർഎസ്എസുകാരന് നൽകിയതാണ്. ഒരുപക്ഷെ അത് ചെയ്തതിൽ അദ്ദേഹത്തിന് ഖേദമുണ്ടായിരിക്കാം, രാഹുൽ പരിഹസിച്ചു.

രണ്ടാമത്തെ കാരണം അഴിമതിയാണ്, കരാറുകാരൻ വഞ്ചന നടത്തി മഹാരാഷ്ട്രയിലെ ജനങ്ങളുടെ പണം കൊള്ളയടിച്ചുവെന്ന് പ്രധാനമന്ത്രിക്ക് മനസിലായി. ശിവാജി മഹാരാജിനോട് മാത്രമല്ല, മഹാരാഷ്ട്രയിലെ ജനങ്ങളോടും പ്രധാനമന്ത്രി മോദി മാപ്പ് പറയണമെന്നും രാഹുൽ കൂട്ടിചേർത്തു.

ALSO READ: മഹാരാഷ്ട്രയില്‍ ശിവജി പ്രതിമ തകര്‍ന്ന സംഭവം; ശില്‍പി അറസ്റ്റില്‍

കഴിഞ്ഞയാഴ്ചയാണ് മാൽവാനിലെ രാജ്കോട്ട് കോട്ടയിലെ 35 അടിയോളം ഉയരമുള്ള ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നു വീണത്. അനച്ഛാദനം ചെയ്ത് ഒരു വർഷം തികയ്ക്കാതെ പ്രതിമ നിലം പതിച്ചത് വലിയ രാഷ്ട്രീയ വിവാദമായി മാറിയിരുന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് ഛത്രപതി ശിവജി നിർമിച്ച കോട്ട ഇപ്പോഴും തകരാതെ നിൽക്കുമ്പോഴാണ് മാസങ്ങൾക്ക് മുൻപ് പ്രധാനമന്ത്രി മോദി, മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവർ ചേർന്ന് അനാച്ഛാദനം ചെയ്ത പ്രതിമ തകർന്നതെന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ പരിഹാസം. പ്രതിമയുടെ നിർമാണവുമായി ബന്ധപ്പെട്ട് അഴിമതി നടന്നെന്നും പ്രതിപക്ഷം ആരോപിച്ചു.

പിന്നാലെ ക്ഷമാപണവുമായി മോദി രംഗത്തെത്തി. ഛത്രപതി ശിവജി വെറുമൊരു പേര് മാത്രമല്ലെന്നും ശിവജിയെ ദൈവമായി കാണുന്ന, സംഭവത്തിൽ വിഷമം ഉണ്ടായ എല്ലാവരോടും ശിരസ് കുമ്പിട്ട് മാപ്പ് ചോദിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ ദൈവത്തേക്കാൾ വലുതല്ല മറ്റൊന്നുമെന്നും മോദി കൂട്ടിച്ചേർത്തു.

അതേസമയം പ്രതിമയുടെ ശില്‍പി ജയദീപ് ആപ്‌തെയെ താനെ ജില്ലയിലെ കല്യാണില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിമ തകർച്ചയിൽ ശില്‍പിയായ ജയ്ദീപിനും നിര്‍മാണ കണ്‍സള്‍ട്ടന്റ് ചേതന്‍ പാട്ടീലിനെയും പ്രതികളാക്കിയായിരുന്നു കേസ്. ഇരുവരെയും പിടികൂടാന്‍ ഏഴ് ടീമുകളെ തന്നെ പൊലീസ് നിയോഗിച്ചിരുന്നു.

SCROLL FOR NEXT