ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ സെബിക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളിൽ വിമർശനവുമായി ബിജെപി രംഗത്ത്. ഇന്ത്യൻ ഓഹരി വിപണിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയും, ജനങ്ങളിൽ സംശയം ജനിപ്പിക്കുകയുമാണ് രാഹുൽ ഗാന്ധി ചെയ്യുന്നതെന്ന് ബിജെപി ആരോപിച്ചു. സമ്പദ്‌വ്യവസ്ഥയുടെ ആത്മവിശ്വാസം തകർക്കാനുള്ള രാഹുലിന്റെ ശ്രമം ഇന്ത്യയെ നാശത്തിലേക്ക് നയിക്കുമെന്നും കോണ്‍ഗ്രസ് രാജ്യത്തെ അസ്ഥിരപ്പെടുത്തുകയാണെന്നും ബിജെപി കുറ്റപ്പെടുത്തി.
ഇന്ത്യൻ ഓഹരി വിപണിയിൽ കാര്യമായ ക്രമക്കേടുകൾ ഉണ്ടെന്നും, സെബിയുടെ വിശ്വാസ്യത പൂർണമായും തകർന്നുവെന്നുമാണ് രാഹുൽ ഗാന്ധി പറഞ്ഞത്. സെബി ചെയർപേഴ്സൺ രാജി വെക്കാത്തത് എന്താണെന്നും, സംയുക്ത പാർലമെൻ്ററി അന്വേഷണത്തോട് സർക്കാർ പ്രതികരിക്കാത്തത്തിന്റെ കാരണം മനസിലായെന്നും രാഹുൽ വിമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ ആരോപണങ്ങളെ തള്ളി ബിജെപി രംഗത്തെത്തിയത്.
ALSO READ: "വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമം"; ഹിന്‍ഡന്‍ബർഗിനെതിരെ പ്രതികരണവുമായി അദാനി ഗ്രൂപ്പ്
സെബി ചെയര്‍പേഴ്‌സണ്‍ മാധബി ബുച്ചിനും ഭര്‍ത്താവിനും അദാനിയുമായി ബന്ധപ്പെട്ട ഓഫ് ഷോര്‍ ഫണ്ടുകളില്‍ ഓഹരിയുണ്ടെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് റിസെര്‍ച്ച് റിപ്പോർട്ടിൽ പറയുന്നത്. വിസില്‍ബ്ലോവര്‍ രേഖകളെ ആധാരമാക്കിയാണ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഹിന്‍ഡന്‍ബര്‍ഗ് പറയുന്നത് പ്രകാരം, ഗൗതം അദാനി, സഹോദരന്‍ വിനോദ് അദാനി എന്നിവരുമായി ബന്ധപ്പെട്ട ബര്‍മുഡ, മൗറീഷ്യസ് ഫണ്ടുകളിലാണ് സെബി ചെയര്‍പേഴ്‌സന് ഓഹരിയുള്ളത്.
വ്യവസായ മാര്‍ക്കറ്റില്‍ ക്രമക്കേടുകള്‍ നടത്തുവാന്‍ അദാനി ഗ്രൂപ്പ് ഉപയോഗിച്ചത് ഈ കമ്പനികളാണെന്ന് ഹിന്‍ഡന്‍ബര്‍ഗ് 2023ല്‍ റിപ്പോർട്ട് ചെയ്തിരുന്നു. 2023ല്‍ ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്ന ഷെല്‍ കമ്പനികളിലാണ് മാധബിക്ക് ഓഹരിയുള്ളത്. അദാനി ഗ്രൂപ്പിനെതിരെയുള്ള സെബിയുടെ അന്വേഷണം മന്ദഗതിയിലായത് ചെയര്‍പേഴ്‌സണ് ഓഹരി ഉണ്ടായത് കൊണ്ടാണെന്ന് ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചു.