NEWSROOM

രാഹുലിന്റെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടിക്കാരും പാലക്കാട്ടെ ജനങ്ങളും ആഗ്രഹിച്ച തീരുമാനം: ഷാഫി പറമ്പില്‍

സരിന്റെ വാര്‍ത്താസമ്മേളനം ഒരു വെല്ലുവിളിയല്ല, നല്ല സ്ഥാനാര്‍ത്ഥിയെയാണ് പാലക്കാട് അവതരിപ്പിച്ചതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സ്ഥാനാര്‍ഥിത്വം, പാര്‍ട്ടിക്കാരും പാലക്കാട്ടെ ജനതയും ആഗ്രഹിച്ച തീരുമാനമാണിതെന്ന് ഷാഫി പറമ്പില്‍ എംപി. പാലക്കാട് ഉജ്ജ്വല വിജയം ഉണ്ടാകുമെന്നും കോണ്‍ഗ്രസ് രക്തം ഓടുന്നവര്‍ ഒപ്പമുണ്ടാകുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

നാളെ വെകീട്ട് നാല് മണിക്ക് രാഹുല്‍ പാലക്കാടെത്തും. അദ്ദേഹം ഒരു വ്യക്തിയുടെയും സ്ഥാനാര്‍ഥിയല്ല, പാര്‍ട്ടിക്കാരുടെ സ്ഥാനാര്‍ത്ഥിയാണ്. തെരഞ്ഞെടുപ്പ് ജയത്തെ ബാധിക്കുന്ന ഒന്നും പാലക്കാടുണ്ടായിട്ടില്ല. രാഹുല്‍ മികച്ച സ്ഥാനാര്‍ഥിയാണ്. സരിന്റെ വാര്‍ത്താസമ്മേളനം ഒരു വെല്ലുവിളിയല്ല, നല്ല സ്ഥാനാര്‍ത്ഥിയെയാണ് പാലക്കാട് അവതരിപ്പിച്ചതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

പാലക്കാട് സ്ഥാനാര്‍ഥി തര്‍ക്കത്തില്‍ നിലപാടും അതൃപ്തിയും കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ഡോ. പി. സരിന്‍ പരസ്യമാക്കിയിരുന്നു. കോണ്‍ഗ്രസിനെയും രാഹുൽ മാങ്കൂട്ടത്തിലിൻ്റേയും സ്ഥാനാർഥിത്വത്തെയും രൂക്ഷമായി വിമര്‍ശിച്ചാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സരിന്‍ സംസാരിച്ചത്. മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

തന്നെ സ്ഥാനാര്‍ഥിയാക്കാത്തതല്ല പ്രശ്‌നമെന്നും സരിന്‍ വ്യക്തമാക്കി. വഴങ്ങിയാല്‍ തോല്‍ക്കുന്നത് രാഹുല്‍ മാങ്കൂട്ടത്തിലല്ല, രാഹുല്‍ ഗാന്ധിയായിരിക്കും. ഹരിയാന ആവർത്തിക്കും. തന്റെ പാര്‍ട്ടി തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സരിൻ പറഞ്ഞു.

പ്രത്യയശാസ്ത്ര ക്ലാരിറ്റിയുള്ള വ്യക്തിയാണ് സരിനെന്നും, അദ്ദേഹം സുഹൃത്താണെന്നുമായിരുന്നു കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പ്രതികരണം. 

അതേസമയം, പി. സരിന് എതിരെ ഉടന്‍ നടപടി വേണ്ടെന്ന നിലപാടിലാണ് കെപിസിസി. നടപടി ഉണ്ടായാല്‍ സരിന് രക്തസാക്ഷി പരിവേഷം ലഭിക്കുമെന്നാണ് വിലയിരുത്തല്‍. സിപിഎം നേതൃത്വം സരിനുമായി ആശയവിനിമയം നടത്തിയെന്നും കോണ്‍ഗ്രസ്സ് നേതാക്കള്‍ കരുതുന്നു.

SCROLL FOR NEXT