NEWSROOM

AMMA യുടെ ഓഫീസിൽ പൊലീസ് പരിശോധന; രേഖകൾ പിടിച്ചെടുത്തു

ഇടവേള ബാബു, മുകേഷ് എന്നിവർക്കെതിരെയുള്ള കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന

Author : ന്യൂസ് ഡെസ്ക്

താരസംഘടനയായ AMMA യുടെ ഓഫീസിൽ പരിശോധന നടത്തി പൊലീസ്. ഇടവേള ബാബു, മുകേഷ് എന്നിവർക്കെതിരെയുള്ള കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. ഇവർ നേരത്തെ സംഘടനയുടെ ഭാരവാഹികളായിരുന്നു എന്ന് വ്യക്തമാക്കുന്ന രേഖകൾ ഉൾപ്പടെ പിടിച്ചെടുത്തതായാണ് വിവരം.

നടൻമാർക്കെതിരെയുള്ള ലൈംഗികാരോപണം ഉയർന്നു വന്നതിനു പിന്നാലെ കഴിഞ്ഞ ദിവസമാണ് പ്രത്യേക അന്വേഷണ സംഘം ഓഫീസിലെത്തിയത്. നേരത്തെ പീഡനാരോപണത്തെ തുടർന്ന് 'അമ്മ'യുടെ ജനറൽ സെക്രട്ടറി സ്ഥാനം നടൻ സിദ്ദീഖ് രാജി വെച്ചിരുന്നു. ശേഷം പ്രസിഡന്‍റായിരുന്ന മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചു വിട്ടു.

ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ മലയാളസിനിമ രംഗത്തെ നിരവധിപ്പേർക്കെതിരെയാണ് ലൈംഗികാരോപണ പരാതികള്‍ ഉയര്‍ന്നുവന്നത്. മുകേഷ്, ഇടവേള ബാബു, തുടങ്ങിയ നടൻമാർക്കെതിരെ പൊലീസ് നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ലൈംഗികാരോപണം നേരിടുന്ന മുകേഷിനെ എംഎൽഎ സ്ഥാനത്തു നിന്ന് നീക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്.

ഇതിനിടെ മുകേഷിന് ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയെ സമീപിച്ചിട്ടുണ്ട്. ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്നും, ബലാത്സംഗക്കുറ്റമാണ് പ്രതിയ്ക്കെതിരെ ഉയർന്നിരിക്കുന്നതെന്നും വിശദമായ അന്വേഷണം വേണമെന്നാണ് എസ്ഐടി കോടതിയെ അറിയിച്ചിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് പൊലീസ് കേസെടുത്തതെങ്കിലും ആലുവ സ്വദേശിനിയുടെ പരാതിയിൽ മുകേഷ് നേരത്തെ ജാമ്യമെടുത്തിരുന്നു. ഇത് റദ്ദാക്കണമെന്നാണ് അന്വേഷണസംഘത്തിൻ്റെ ആവശ്യം.

നടൻ ഇടവേളബാബുവിനെതിരായ ലൈംഗികപീഡന കേസിൽ പരാതിക്കാരിയുടെ തെളിവെടുപ്പ് ഇന്ന് നടത്തും. കലൂരുള്ള ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചെന്ന കേസിലാണ് തെളിവെടുപ്പ് നടത്തുന്നത്. നടൻ്റെ കൊച്ചിയിലെ ഫ്ലാറ്റിലും ബോൾഗാട്ടി പാലസ് ഹോട്ടലിലും എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് തീരുമാനം.

SCROLL FOR NEXT