ഓണതിരക്കിൽ മലയാളികൾക്ക് ആശ്വാസ വാർത്തയുമായി റെയിൽവേ. ഓണതിരക്ക് കുറയ്ക്കാൻ മൂന്ന് സ്പെഷ്യൽ ട്രെയിനുകൾ കൂടി അനുവദിച്ചിരിക്കുകയാണ് റെയിൽ വേ. സെപ്തംബർ 13ന് സെക്കന്ദരാബാദ് നിന്ന് കൊല്ലത്തേക്കും , ഹുബ്ബള്ളി ജംഗ്ഷനിൽ നിന്ന് കൊച്ചുവേളിയിലേക്കുമാണ് സർവീസ് നടത്തുക. സെപ്തംബർ 14 ന് കച്ചേഗുഡയിൽ നിന്ന് കൊല്ലത്തേക്കും സ്പെഷ്യൽ ട്രെയിൻ അനുവദിച്ചിട്ടുണ്ട്. ഓണാവധിക്ക് നാട്ടിലെത്താൻ കാത്തിരിക്കുന്ന മലയാളികൾക്ക് ഇതോടെ ആശ്വാസമായിരിക്കുകയാണ്.
ഹുബ്ബള്ളി- കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ ബെംഗളൂരു മലയാളികൾക്ക് ഉപയോഗപ്രദമാകും. വെള്ളിയാഴ്ച രാവിലെ 6.55ന് ഹുബ്ബള്ളിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 2.10ന് ബെംഗളൂരുവിലെത്തും. ശനിയാഴ്ച രാവിലെ 6.45നാണ് കൊച്ചുവേളിയിലെത്തുക. കൊച്ചുവേളിയിൽ നിന്ന് ശനിയാഴ്ച ഉച്ചയ്ക്ക് 12.50ന് തിരികെ ഹുബ്ബള്ളിയിലേക്കും യാത്ര തിരിക്കും. ഓണാവധി കണക്കിലെടുത്ത് കൂടുതൽ ട്രെയിനുകൾ ഇല്ലാത്തത് പ്രതിഷേധത്തിന് കാരണമായിരുന്നു.