NEWSROOM

ജനങ്ങളില്‍ അസ്വസ്ഥതയും റെയില്‍വെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നു; ഡല്‍ഹി സ്റ്റേഷന്‍ ദുരന്തത്തിൻ്റെ വീഡിയോകൾ നീക്കം ചെയ്യാന്‍ എക്‌സിന് നിര്‍ദേശം

തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ വീഡിയോകൾ ഉൾപ്പെടെയുള്ള 285 സോഷ്യൽ മീഡിയ ലിങ്കുകൾ നീക്കം ചെയ്യാനാണ് റെയിൽവേ മന്ത്രാലയം എക്‌സിന് നിർദ്ദേശം നൽകിയത്

Author : ന്യൂസ് ഡെസ്ക്

ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് ആളുകൾ മരണപ്പെട്ട സംഭവത്തിൽ സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോം എക്സിന് നിർദേശവുമായി റെയിൽവേ. ഫെബ്രുവരി 15ന് ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ വീഡിയോകൾ ഉൾക്കൊള്ളുന്ന 285 സോഷ്യൽ മീഡിയ ലിങ്കുകൾ നീക്കം ചെയ്യാനാണ് റെയിൽവേ മന്ത്രാലയം എക്‌സിന് നിർദ്ദേശം നൽകിയത്.

“ധാർമ്മിക മാനദണ്ഡങ്ങളും” പ്ലാറ്റ്‌ഫോമിൻ്റെ ഉള്ളടക്ക നയവും ഉദ്ധരിച്ചാണ് മന്ത്രാലയം നോട്ടീസ് നൽകിയത്. 36 മണിക്കൂറിനുള്ളിൽ നടപടിയെടുക്കണമെന്നും എക്സിന് നൽകിയ നിർദേശത്തിൽ പറയുന്നു. ഡിസംബറിൽ നേരിട്ട് ഉള്ളടക്കം നീക്കം ചെയ്യാനുള്ള അധികാരം ലഭിച്ചതിന് ശേഷം മന്ത്രാലയത്തിൻ്റെ ആദ്യത്തെ പ്രധാന നടപടികളിൽ ഒന്നാണിത്. ഇത്തരം വീഡിയോകൾ ഷെയർ ചെയ്യുന്നത് പൊതുജനത്തിൽ അസ്വസ്ഥതയുണ്ടാക്കുന്നതിനും റെയിൽവേ പ്രവർത്തനങ്ങളെ തടസപ്പെടുത്തുന്നതിനും ഇടയാക്കുമെന്ന് നോട്ടീസിൽ പറയുന്നു. പ്രധാന വാർത്താ സ്ഥാപനങ്ങളുടേത് ഉൾപ്പെടെ അക്കൗണ്ടുകളെ ലക്ഷ്യമിട്ടാണ് ഈ നിർദ്ദേശം.

മഹാകുംഭമേള നടക്കുന്ന പ്രയാഗ്‌രാജിലേക്കുള്ള ട്രെയിൻ കാത്ത് നിൽക്കുന്നതിനിടെ ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഫെബ്രുവരി 15ന് 18 പേർ മരിച്ചിരുന്നു. മരിച്ചവരിൽ മൂന്ന് കുട്ടികളും 10 സ്ത്രീകളും ആണ് ഉൾപ്പെട്ടിരുന്നത്. പ്രയാ​ഗ് രാജിൽ‌ നടക്കുന്ന മഹാ കുംഭമേളയ്ക്ക് പോകാൻ ആളുകൾ കൂട്ടത്തോടെ എത്തിയതോടെയുണ്ടായ അസാധാരണ തിരക്കാണ് അപക​ടകാരണമെന്നാണ്
സംഭവത്തിൽ അധികൃതർ പറയുന്നത്.

പ്രയാഗ്‌രാജിലേക്കുള്ള ട്രെയിനുകളിൽ കയറാനായി രാത്രി 8 മണിയോടെ യാത്രക്കാർ സ്റ്റേഷനിലെ 14, 15 പ്ലാറ്റ്‌ഫോമുകളിൽ തടിച്ചു കൂടിയിരുന്നു. അപ്രതീക്ഷിതമായ പ്ലാറ്റ്‌ഫോം മാറ്റവും ട്രെയിൻ വൈകിയതും തിരക്ക് അനിയന്ത്രിതമാക്കി. തിരക്കുണ്ടാകും എന്ന് അറിഞ്ഞിട്ടും ഇവരെ നിയന്ത്രിക്കാന്‍ മതിയായ ഉദ്യോഗസ്ഥരോ ക്രമീകരണങ്ങളോ സ്റ്റേഷനില്‍ ഉണ്ടാകാതിരുന്നതാണ് അപകടത്തിന് കാരണം. തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

SCROLL FOR NEXT