NEWSROOM

റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 65 കാരി അറസ്റ്റിൽ

കൊല്ലം പുനലൂര്‍ വിളക്കുവെട്ടം സ്വദേശി അനുലാലിന്‍റെ പക്കല്‍ നിന്ന് 15 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് അറസ്റ്റ്

Author : ന്യൂസ് ഡെസ്ക്

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടുന്ന സംഘത്തിലെ അംഗമായ 65 കാരി അറസ്റ്റിൽ. തിരുവനന്തപുരം കാട്ടാക്കട മലയിന്‍കീഴ് വിവേകാനന്ദ നഗര്‍ അനിഴത്തില്‍ ഗീതാറാണിയാണ് അറസ്റ്റിലായത്.

കൊല്ലം പുനലൂര്‍ വിളക്കുവെട്ടം സ്വദേശി അനുലാലിന്‍റെ പക്കല്‍ നിന്ന് 15 ലക്ഷം രൂപ തട്ടിയെന്ന പരാതിയിലാണ് അറസ്റ്റ്. ആളുകളില്‍ നിന്ന് പണം വാങ്ങുകയും റെയില്‍വേയുടെ വ്യാജ നിയമന ഉത്തരവ് നല്‍കുകയും ചെയ്യുകയാണ് സംഘത്തിന്‍റെ പതിവ്. ഉത്തരവുമായി ജോലിക്ക് പ്രവേശിക്കാനെത്തുമ്പോഴാണ് തട്ടിപ്പറിയുന്നത്. സംഘം അനുലാലിനും വ്യാജ നിയമന ഉത്തരവ് നല്‍കിയിരുന്നു.

ഇയാളുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് തെരച്ചില്‍ നടത്തിവരികയായിരുന്നു. ഇതിനിടെ സമാനമായ മറ്റൊരു കേസില്‍ കഴിഞ്ഞമാസം തലശേരി പൊലീസിന്‍റെ പിടിയിലായ ഗീതാറാണി ജയിലിലുണ്ടെന്ന് വിവരം ലഭിച്ചു. തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ ടി. രാജേഷ്‌കുമാറിന്‍റെ നേതൃത്വത്തില്‍ ഇവരെ അറസ്റ്റ് ചെയ്ത് പുനലൂരിലേക്ക് കൊണ്ടുവരികയായിരുന്നു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഇവരുടെ പേരില്‍ സമാനമായ ഒട്ടേറെ കേസുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

SCROLL FOR NEXT