ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തൊഴിലാളി ജോയിയെ കാണാതായ സംഭവത്തിൽ റെയിൽവേയുടെ ഗുരുതര അലംഭാവമെന്ന് സൂചന. കഴിഞ്ഞമാസം 19 ന് മാലിന്യം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നഗരസഭ നോട്ടീസ് നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. നഗരസഭ അയച്ച നോട്ടീസ് ന്യൂസ് മലയാളത്തിന് ലഭിച്ചു.
മഴക്കാലത്ത് തമ്പാനൂർ ഭാഗത്ത് വെള്ളക്കെട്ട് പതിവാകുകയാണെന്നും ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ടാണ് നഗരസഭ റെയിൽവേയ്ക്ക് നോട്ടീസ് അയച്ചത്. അറിയിപ്പ് ലഭിച്ച് ഏഴ് ദിവസത്തിനുള്ളിൽ മാലിന്യം നീക്കം ചെയ്ത് നഗരസഭയെ അറിയിക്കണമെന്നും അല്ലാത്തപക്ഷം നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു. നിരവധി തവണ റെയിൽവേയ്ക്ക് നോട്ടീസ് അയച്ചിട്ടും നടപടി സ്വീകരിച്ചിരുന്നില്ലെന്നും നഗരസഭ പറയുന്നു. ഏറ്റവും അവസാനം കഴിഞ്ഞ മാസം 19 നാണ് നോട്ടീസ് അയച്ചത്.
പവർഹൗസ് റോഡിൻ്റെ വടക്കുഭാഗത്തുനിന്ന് ഏകദേശം 200 മീറ്റർ ദുരത്തിൽ മാത്രമാണ് റെയിൽവേ മണ്ണ് മാറ്റിയിരുന്നതെന്ന് ജൂണിൽ നഗരസഭ കണ്ടെത്തിയിരുന്നു. കെഎസ്ആർടിസി പരിസരത്തും തോടിൻ്റെ മുകളിലേക്കുള്ള ഭാഗത്തും മാലിന്യം നീക്കിയിരുന്നതായി നഗരസഭയും പറയുന്നു. മാലിന്യം നീക്കം ചെയ്യുന്നതിൻ്റെ ഭാഗമായാണ് റെയിൽവേ തൊഴിലാളിയായ ജോയി ആമയിഴഞ്ചാൻ തോട്ടിലിറങ്ങിയത്. പെട്ടെന്നുണ്ടായ ഒഴുക്കിൽ അകപ്പെട്ട ജോയി മാലിന്യക്കൂമ്പാരത്തിൽ പെടുകയായിരുന്നു.
സ്‌കൂബ ടീം മാന്‍ഹോളിലേക്ക്, പ്രാര്‍ഥനയോടെ കേരളം; ജോയിക്കായുള്ള തെരച്ചില്‍ 25ാം മണിക്കൂറിലേക്ക്
ഫയർഫോഴ്സും സ്കൂബാ ടീമും സംയുക്തമായി പരിശോധന നടത്തിയിട്ടും ജോയിയെ കണ്ടെത്താനായില്ല. ഇതിനിടെ രക്ഷാപ്രവർത്തനം വിലയിരുത്തുന്നതിൻ്റെ ഭാഗമായി ഉന്നതതല യോഗവും ചേർന്നു. റോബോട്ടിക് സംവിധാനം ഉപയോഗിച്ചുള്ള തിരച്ചിലും ആരംഭിച്ചു. ബാഡിക്കൂട്ട് എന്ന റോബോട്ടിക് സംവിധാനം ഉപയോഗിച്ചുള്ള പരിശോനയാണ് ആരംഭിച്ചത്. ടണലിലേക്ക് ക്യാമറ കടത്തിവിട്ട് ജോയിയെ കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നത്.
ആമയിഴഞ്ചാന്‍ തോട്ടിൽ രക്ഷാപ്രവർത്തനം നടത്തുന്നവർക്ക് എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടാല്‍ വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തില്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിൻ്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ഐസിയു സംവിധാനം ഉള്‍പ്പെടെയുള്ളവ പ്രത്യേകമായി ക്രമീകരിച്ച് എമര്‍ജന്‍സി റെഡ് സോണ്‍ സജ്ജമാക്കി. അടിയന്തര വൈദ്യസഹായം എത്തിക്കുന്നതിന് ഡോക്ടര്‍ അടങ്ങിയ പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഓക്‌സിജന്‍ സപ്പോര്‍ട്ട്, ബേസിക് ലൈഫ് സപ്പോര്‍ട്ട് തുടങ്ങിയ സംവിധാനങ്ങളുള്ള ആംബുലന്‍സുകള്‍ സജ്ജമാക്കി. വെള്ളത്തിലിറങ്ങുന്നവര്‍ക്ക് ഡോക്‌സിസൈക്ലിന്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ മരുന്നുകളും ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.