ഫെൻജൽ ചുഴലിക്കാറ്റിന് പിന്നാലെ സംസ്ഥാനത്ത് അതിതീവ്രമഴ. പല പ്രദേശങ്ങളിലും മൂന്ന് മണിക്കൂറിനുള്ളിൽ 10 സെന്‍റീ മീറ്ററിൽ അധികം മഴയാണ് ലഭിച്ചത്. എറണാകുളത്തും മലപ്പുറത്തും കോട്ടയത്തും പത്തനംതിട്ടയിലും ഒരു മണിക്കൂറിലധികമായി തീവ്രമഴ തുടരുകയാണ്. ശക്തമായി മഴ തുടരുന്ന സാഹചര്യത്തിൽ കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു.
തൃശൂർ കൊടുങ്ങല്ലൂരിൽ 18.5 സെന്‍റീമീറ്ററും കോട്ടയത്ത് 18.3 സെന്‍റീമീറ്ററും മഴ ലഭിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മൂന്നു മണിക്കൂറിനിടെ 14.6 സെന്‍റീ മീറ്റർ മഴയാണ് ലഭിച്ചത്. കുരുടമണ്ണിൽ 16.6, കാഞ്ഞിരപ്പള്ളി 16.1, കോന്നി 15.6, ഹരിപ്പാട് 15.1, സിയാൽ 14.6, പീരുമേട് 14.5, പെരുമ്പാവൂർ 13.7, ആലുവ 13.1, ചേർത്തല 11.9 എന്നിങ്ങനെ 11 കേന്ദ്രങ്ങളിലായാണ് മൂന്നു മണിക്കൂറിനുള്ളിൽ 10 സെന്‍റീമീറ്ററിൽ അധികം മഴ പെയ്തത്.
കേരളത്തിൽ അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് (02-12-24) മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലേർട്ടും ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കാസർകോട് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഇന്നും നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ ഈ ദിവസങ്ങളിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചിടുമെന്ന് ജില്ലാ കളക്ടർ കെ. ഇമ്പശേഖർ അറിയിച്ചു. തീരദേശങ്ങളിലും മലയോരങ്ങളിലും ജാഗ്രത പാലിക്കണം. മത്സ്യത്തൊഴിലാളികൾ മീൻപിടുത്തത്തിന് പോകാൻ പാടുള്ളതല്ല. ജില്ലയിൽ ക്വാറികളിലെ ഖനനവും രണ്ടുദിവസത്തേക്ക് നിർത്തിവെക്കേണ്ടതാണെന്നും നിർദേശമുണ്ട്.
അതേസമയം ഫെൻജൽ ചുഴലിക്കാറ്റിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി 19 മരണം റിപ്പോർട്ട് ചെയ്തു. 30 വർഷത്തിലെ ഏറ്റവും ശക്തമായ പേമാരിയാണ് ചുഴലിക്കാറ്റ് തീരം തൊട്ടപ്പോൾ പുതുച്ചേരിയിൽ പെയ്തിറങ്ങിയത്. ഫെൻജൽ ദുർബലമായെങ്കിലും തമിഴ്നാട്ടിലും ആന്ധ്രാ തീരങ്ങളിലും മഴ ഇന്നും ശക്തമായി തുടരുമെന്നാണ് മുന്നറിയിപ്പ്.
ചെങ്കൽപേട്ട് അടക്കം ആറ് ജില്ലകളിലും പുതുച്ചേരിയിലും റെഡ് അലർട്ട് തുടരുകയാണ്. 12 ജില്ലകളിൽ ഓറഞ്ച് അലർട്ടും, ചെന്നൈ അടക്കം 10 ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. തീരമേഖലകളിൽ കടൽക്ഷോഭവും രൂക്ഷമാണ്. പുതുച്ചേരി,വെല്ലൂർ, തിരുവണ്ണാമലൈ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.