NEWSROOM

രാജന്‍റെ ഓര്‍മകള്‍ക്ക് വിലക്ക്; കോഴിക്കോട് എന്‍ഐടിയിലെ രാഗം ഫെസ്റ്റ് ടീസര്‍ അധികൃതർ പിൻവലിപ്പിച്ചു

കഴിഞ്ഞ വർഷവും ഫെസ്റ്റ് നടത്താൻ കോളേജ് അധികൃതർ സമ്മതിച്ചിരുന്നില്ല

Author : ന്യൂസ് ഡെസ്ക്

അടിയന്താരാവസ്ഥക്കാലത്ത് പൊലീസ് പീഡനങ്ങളിൽ കൊല്ലപ്പെട്ട രാജന്റെ ഓർമകൾ വേണ്ടെന്ന് കോഴിക്കോട് എൻഐടി ഡയറക്ടർ. എൻഐടിയിലെ രാഗം ഫെസ്റ്റിനോട് അനുബന്ധിച്ച് വിദ്യാർഥികൾ പുറത്തിറക്കിയ ടീസർ അധികൃതർ പിൻവലിപ്പിച്ചു. കൊഴിക്കോട് റീജിയണൽ എഞ്ചിനീയറിങ് കോളേജിലെ വിദ്യാർഥി രാജന്റെ സ്മരണക്കായി ഏർപ്പെടുത്തിയതാണ് രാഗം ഫെസ്റ്റ്. രാജനുമായി ബന്ധപ്പട്ട ഭാഗങ്ങളുള്ളതിനാലാണ് ടീസർ പിന്‍വലിച്ചത്. നക്സൽ ബന്ധത്തിന്റെ പേരിൽ കസ്റ്റഡിയിലെടുക്കപ്പെട്ട രാജനുമായി രാഗത്തെ ബന്ധപ്പെടുത്തേണ്ട എന്നാണ് ഡയറക്ടറുടെ നിലപാട്

കഴിഞ്ഞ വർഷവും ഫെസ്റ്റ് നടത്താൻ കോളേജ് അധികൃതർ സമ്മതിച്ചിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച വിദ്യാർഥികളെ എന്‍‌ഐടി ഡയറക്ടർ നക്സലുകൾ എന്ന് വിളിച്ചത് വിവാദമായിരുന്നു.

1976 മാർച്ച് ഒന്നിന് അടിയന്തരാവസ്ഥക്കാലത്താണ് റീജിയണൽ എഞ്ചിനീയറിംഗ് കോളേജിൽ നിന്നും അവസാന വർഷ വിദ്യാർഥിയായിരുന്ന രാജനെ പൊലീസ് പിടിച്ചുകൊണ്ട് പോകുന്നത്. 1976 ഫെബ്രുവരി 28ന് നടന്ന കായണ്ണ പൊലീസ് സ്റ്റേഷന്‍ ആക്രമണവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു നടപടി. കോഴിക്കോട് ഫാറൂഖ് കോളേജിൽ നടന്ന ഡി സോൺ ഇന്റർ കോളേജ് യൂത്ത് ഫെസ്റ്റിവലിൽ പങ്കെടുത്ത് തിരിച്ചെത്തിയ സംഘത്തിനൊപ്പം ബസ്സിൽ നിന്നിറങ്ങിയ രാജനെ പൊലീസ് ജീപ്പിലേക്ക് വലിച്ചിടുകയായിരുന്നു. അതിനു ശേഷം രാജനെ ആരും കണ്ടിട്ടില്ല. രാജന്‍റെ അച്ഛന്‍ ഇച്ചരവാര്യർ മകനുവേണ്ടി നടത്തിയ നിയമ പോരാട്ടം വലിയ രാഷ്ട്രീയ കോളിളക്കങ്ങള്‍ക്കും കാരണമായി തീർന്നിരുന്നു.

ആർഇസിയിലെ ആർട്ട് ക്ലബ് സെക്രട്ടറിയും ഗായകനുമായിരുന്ന രാജന്‍റെ ഓർമയ്ക്കായി 1977ലാണ് അഖില കേരള രാജന്‍ മെമ്മോറിയല്‍ സംഗീതോത്സവം സംഘടിപ്പിച്ചത്. ഇതാണ് പിന്നീട് 1987ല്‍ രാഗം ഫെസ്റ്റായി മാറിയത്.

SCROLL FOR NEXT