NEWSROOM

IPL 2025| RR vs MI| പ്ലേ ഓഫ് കാണാതെ രാജസ്ഥാന്‍ പുറത്ത്; അജയ്യരായി മുംബൈ

സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ തുടര്‍ച്ചയായ ആറാം ജയമാണിത്. 14 പോയന്റോടെ പോയിന്റ് പട്ടികയില്‍ ടീം ഒന്നാം സ്ഥാനത്തുമെത്തി

Author : ന്യൂസ് ഡെസ്ക്

ഐപിഎല്ലില്‍ സ്വന്തം മൈതാനത്ത് പ്ലേ ഓഫ് കാണാതെ രാജസ്ഥാന്‍ റോയല്‍സിന് മടക്കം. മുംബൈക്കെതിരായ നിര്‍ണായക മത്സരത്തില്‍ നൂറ് റണ്‍സിനാണ് രാജസ്ഥാന്റെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ 217 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ ആണ് രാജസ്ഥാന് മുന്നില്‍ പടുത്തുയര്‍ത്തിയത്.

218 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ 117 റണ്‍സിന് ഓള്‍ ഔട്ടായി. 16.1 ഓവറില്‍ രാജസ്ഥാന്‍ ബാറ്റര്‍മാരെ മുംബൈയുടെ ബൗളര്‍മാര്‍ എറിഞ്ഞു തീര്‍ക്കുകയായിരുന്നു. ബാറ്റിങ് തകര്‍ച്ചയില്‍ പതറിയ രാജസ്ഥാന് അല്‍പ്പമെങ്കിലും ആശ്വാസമായത് ജോഫ്ര ആര്‍ച്ചറിന്റെ പ്രകടനമായിരുന്നു. ആര്‍ച്ചറാണ് രാജസ്ഥാന്റെ സ്‌കോര്‍ നൂറ് കടത്തിയത്. എട്ടാമനായി ഇറങ്ങിയ ആര്‍ച്ചര്‍ 27 പന്തില്‍ നിന്ന് 30 റണ്‍സ് നേടി.

മുംബൈയുടെ ബാറ്റര്‍മാര്‍ക്കും ബൗളര്‍മാര്‍ക്കും മുന്നില്‍ വിയര്‍ക്കുന്ന ആര്‍ആറിനെയാണ് ഇന്ന് ആരാധകര്‍ കണ്ടത്. കഴിഞ്ഞ മത്സരത്തില്‍ റെക്കോര്‍ഡ് സെഞ്ച്വറി നേടിയ വൈഭവ് സൂര്യവംശി ഇത്തവണ റണ്‍സ് ഒന്നും നേടാനാകാതെ മടങ്ങി. യശസ്വി ജയ്സ്വാള്‍ (13), നിതീഷ് റാണ (9), ക്യാപ്റ്റന്‍ റിയാന്‍ പരാഗ് (16), ഷിംറോണ്‍ ഹെറ്റ്മയര്‍ (0), ശുഭം ദുബെ (15), ധ്രുവ് ജുറെല്‍ (11) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സമ്പാദ്യം.

മുംബൈക്കു വേണ്ടി കരണ്‍ ശര്‍മയും ജസ്പ്രീത് ബുംറയും മൂന്നു വിക്കറ്റ് വീതവും ട്രെന്‍ഡ് ബോള്‍ട്ട് രണ്ട് വിക്കറ്റും നേടി.

ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് 217 റണ്‍സ് നേടിയത്. ഓപ്പണര്‍മാരായ റയാന്‍ റിക്കെല്‍ട്ടണും രോഹിത് ശര്‍മയും മികച്ച തുടക്കം നല്‍കിയപ്പോള്‍ പിന്നീട് എത്തിയ സൂര്യകുമാര്‍ യാദവും ഹാര്‍ദിക് പാണ്ഡ്യയും അവസരത്തിനൊത്ത് ഉയര്‍ന്നു. ഓപ്പണിങ് വിക്കറ്റില്‍ റിക്കെല്‍ട്ടണും രോഹിത്തും ചേര്‍ന്ന് 71 പന്തില്‍ നേടിയത് 116 റണ്‍സാണ്. 38 പന്തില്‍നിന്ന് മൂന്ന് സിക്‌സും ഏഴ് ഫോറുമടക്കം 61 റണ്‍സാണ് റിക്കെല്‍ട്ടണ്‍ നേടിയത്. രോഹിത് ശര്‍മ 36 പന്തില്‍നിന്ന് ഒമ്പത് ഫോറടക്കം 53 റണ്‍സ് നേടി. മൂന്നാം വിക്കറ്റില്‍ ഒന്നിച്ച സൂര്യകുമാര്‍ യാദവും ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് 44 പന്തില്‍നിന്ന് 94 റണ്‍സ് ആണ് കൂട്ടിച്ചേര്‍ത്തത്. 23 പന്തില്‍ 48 റണ്‍സ് വീതമാണ് ഇരുവരും നേടിയത്.

സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ തുടര്‍ച്ചയായ ആറാം ജയമാണിത്. 14 പോയന്റോടെ പോയിന്റ് പട്ടികയില്‍ ടീം ഒന്നാം സ്ഥാനത്തുമെത്തി.

SCROLL FOR NEXT