NEWSROOM

രാജവരോത്തിയം സമ്പന്തന്‍ അന്തരിച്ചു; നിലച്ചത് ശ്രീലങ്കയിലെ തമിഴ് ജനതയുടെ ശബ്ദം

തമിഴ് ദേശീയ സഖ്യ നേതാവ് എംഎ സുമന്തിരന്‍ എക്‌സിലൂടെയാണ് സമ്പന്തന്‍റെ മരണ വിവരം പുറത്തുവിടുന്നത്.

Author : ന്യൂസ് ഡെസ്ക്

ശ്രീലങ്കയില്‍ തമിഴ് ന്യൂനപക്ഷത്തിനു വേണ്ടി പ്രവര്‍ത്തിച്ച പ്രമുഖ രാഷ്ട്രീയ നേതാവ് രാജവരോത്തിയം സമ്പന്തന്‍ അന്തരിച്ചു. 91 വയസ്സായിരുന്നു. വക്കീലും ശ്രീലങ്കയില്‍ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ടിച്ച എംപിയുമായ സമ്പന്തന്‍ ഞായറാഴ്ച രാത്രി കൊളംബോയില്‍ വെച്ചാണ് മരിച്ചത്.

കഴിഞ്ഞ 23 വര്‍ഷങ്ങളായി ശ്രീലങ്കയുടെ വടക്ക് കിഴക്കന്‍ മേഖലകളിലെ തമിഴരെ പ്രതിനിധീകരിക്കുന്ന തമിഴ് ദേശീയ സഖ്യത്തിന്‍റെ നേതൃത്വം സമ്പന്തനായിരുന്നു. 2009ല്‍ തമിഴ് പുലികള്‍ തകര്‍ന്നതിനു ശേഷം വംശീയമായി അരികുവൽക്കരിക്കപ്പെടുന്ന വിഭാഗങ്ങള്‍ക്ക് തുല്യ നീതി ആവശ്യപ്പെട്ടുകൊണ്ട് സമ്പന്തന്‍ സജീവമായിരുന്നു.

തമിഴ് ദേശീയ സഖ്യ നേതാവ് എം.എ സുമന്തിരന്‍ എക്‌സിലൂടെയാണ് സമ്പന്തന്‍റെ മരണ വിവരം പുറത്തുവിടുന്നത്.

2015ല്‍ സമ്പന്തന്‍ ശ്രീലങ്കന്‍ പാര്‍ലമെന്‍റില്‍ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ടു. 32 വര്‍ഷത്തിനിടക്ക് ആദ്യമായിട്ടാണ് വംശീയ ന്യൂനപക്ഷത്തില്‍ നിന്നും ഒരു വ്യക്തി ഈ സ്ഥാനത്തേക്ക് എത്തുന്നത്.

2022ല്‍ സമ്പന്തന്‍ തമിഴ് ജനത ശ്രീലങ്കയില്‍ നേരിടുന്ന അടിച്ചമര്‍ത്തലുകള്‍ ചൂണ്ടിക്കാട്ടി ഐക്യരാഷ്ട്ര സംഘടനയ്ക്ക് കത്തയച്ചു. സിംഹള സര്‍ക്കാരിനെതിരെയുള്ള രൂക്ഷ വിമര്‍ശനങ്ങളായിരുന്നു കത്തില്‍. സര്‍ക്കാര്‍ തമിഴ് ജനതയെ അടിച്ചമര്‍ത്തുന്നു, രാഷ്ട്രീയ തടവുകാര്‍ ദീര്‍ഘകാലമായി തടവില്‍ തുടരുന്നു, മുന്‍പ് യുദ്ധ ഭൂമിയായിരുന്ന പ്രദേശങ്ങളില്‍ നിന്നും കുടിയൊഴിക്കപ്പെട്ടവര്‍ക്ക് തിരികെയെത്താന്‍ സാധിക്കുന്നില്ല എന്നിവയായിരുന്നു സമ്പന്തന്‍റെ കത്തിന്‍റെ ഉള്ളടക്കം. ഇത്തരം ന്യൂനപക്ഷ വിരുദ്ധ നടപടികളില്‍ അന്വേഷണം നടത്താന്‍ സാധിക്കാത്ത സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളെ അപലപിക്കണമെന്ന് അദ്ദേഹം അന്താരാഷ്ട്ര സംഘടനയോട് ആവശ്യപ്പെട്ടു.

മുന്‍ പ്രസിഡന്‍റ് മഹേന്ദ്ര രാജപക്‌സെ അടക്കം കക്ഷി ഭേദമന്യേ ശ്രീലങ്കന്‍ രാഷ്ട്രീയ നേതൃത്വം രാജവരോത്തിയം സമ്പന്തന്‍റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി .

SCROLL FOR NEXT