എൻഡിഎ സർക്കാരിനെ അധികാരത്തിലെത്തിക്കുക എന്ന ദൗത്യമാണ് തന്നെ എൽപ്പിച്ചിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അത് പൂർത്തീകരിച്ച് മാത്രമേ താൻ മടങ്ങിപ്പോകൂവെന്നും തന്റെ എല്ലാ സമയവും അതിനായി സമർപ്പിക്കുന്നതായും പുതിയ സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി. 'വിദ്യകൊണ്ട് പ്രബുദ്ധരാക്കുക, സംഘടനകൊണ്ട് ശക്തരാകുക' എന്ന ശ്രീനാരായണ ഗുരുവിന്റെ ഉദ്ധരണിയും ബിജെപി അധ്യക്ഷനായി ചുമതലയേറ്റെടുത്ത ശേഷം രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ജനാധിപത്യ പ്രക്രിയയിലൂടെയാണ് തന്നെ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ആ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. തിരുവനന്തപുരത്തെ സ്ഥാനാർത്ഥിത്വം പെട്ടെന്നായിരുന്നു. സ്ഥാനാർത്ഥിത്വം നൽകിയതിലും അധ്യക്ഷ പദവിയിലും അഭിമാനമുണ്ട്. ബിജെപി രാഷ്ട്രീയ വിജയം നേടണമെന്നും രാജീവ് അറിയിച്ചു. അതിനായി കഴിഞ്ഞ ബിജെപി അധ്യക്ഷന്മാർ കഠിനാധ്വാനം നടത്തി. ബലിദാനികളുടെ ത്യാഗം മനസ്സിലാക്കിയാണ് താൻ മുന്നോട്ടുപോകുന്നത്. പ്രവർത്തകരുടെ പാർട്ടിയാണ് ബിജെപിയെന്നും മുന്നോട്ടും അങ്ങനെയായിരിക്കുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. അത് ഉറപ്പ് നൽകുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കൂട്ടിച്ചേർത്തു.
Also Read: രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍; ഔദ്യോഗികമായി പ്രഖ്യാപിച്ച് പ്രള്‍ഹാദ് ജോഷി
ഒരുപാട് സാധ്യതകളുള്ള സംസ്ഥാനമാണ് കേരളമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എന്നിട്ടും എന്തുകൊണ്ട് കേരളം പിന്നോട്ട് പോകുന്നു? കടമെടുക്കേണ്ട സ്ഥിതിയിലേക്ക് എന്തുകൊണ്ട് സംസ്ഥാനം എത്തി? രാജ്യത്തെ മറ്റു സംസ്ഥാനങ്ങൾ പോട്ടെ, തെക്കൻ സംസ്ഥാനങ്ങളിൽ നോക്കൂയെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. കേരളത്തിലെ ജനങ്ങൾക്ക് രാഷ്ട്രീയത്തിൽ വിശ്വാസമില്ല. എൽഡിഎഫും യുഡിഎഫും വാഗ്ദാനങ്ങൾ നൽകി പറ്റിച്ചതുകൊണ്ടാണ്. മോദിയുടെ നയങ്ങളാണ് ഇന്നത്തെ ഇന്ത്യയാക്കി മാറ്റിയത്. 11 വർഷത്തിൽ പറഞ്ഞത് ചെയ്യുമെന്ന ഉറപ്പ് ജനങ്ങൾക്ക് നൽകി. അതാണ് കേരളത്തിൽ കൊണ്ടുവരാൻ പോകുന്ന മാറ്റമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
നോക്കുകൂലി ഉള്ള കേരളമല്ല വേണ്ടതെന്നും നിക്ഷേപവും തൊഴിലുമുള്ള കേരളമാണ് വേണ്ടതെന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു. അവസരമുള്ള കേരളമാണ് വേണ്ടത്. വികസനത്തിന്റെ സന്ദേശം ഓരോ വീട്ടിലും എത്തിക്കണം. എല്ലാ മതത്തിലെയും വിഭാഗത്തിലെയും ആളുകൾക്ക് അവസരം ലഭിക്കണം. മാറ്റമുണ്ടാകണമെങ്കിൽ എൻഡിഎ സർക്കാർ അധികാരത്തിൽ എത്തണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി.
ഞായറാഴ്ച ഉച്ച തിരിഞ്ഞാണ് രാജീവ് ചന്ദ്രശേഖര്‍ ബിജെപി കോർ കമ്മിറ്റിയിൽ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ദേശീയ നേതൃത്വമാണ് രാജീവ് ചന്ദ്രശേഖറിന്റെ പേര് നിർദേശിച്ചത്. ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, മുന്‍ പ്രസിഡന്റ് വി. മുരളീധരന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവരുടെ പേരുകളും ദേശീയ നേതൃത്വത്തിന്റെ പരിഗണനയിലുണ്ടായിരുന്നുവെന്നാണ് പുറത്തുവന്ന വിവരം. എന്നാൽ ഇവരെ മറികടന്ന് രാജീവ് ചന്ദ്രശേഖറിനെ നേതൃ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ന് നടന്ന ചടങ്ങിലാണ് കേരള വരണാധികാരി പ്രൾഹാദ് ജോഷി ഔദ്യോഗികമായി രാജീവ് ചന്ദ്രശേഖറിനെ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചത്.