NEWSROOM

രാജീവ് ചന്ദ്രശേഖര്‍; കേരളത്തില്‍ ചുവടുറപ്പിച്ച വ്യവസായിയായ രാഷ്ട്രീയക്കാരന്‍

ചേരിതിരഞ്ഞു നില്‍ക്കുന്ന ഗ്രൂപ്പുകള്‍ക്കിടയില്‍ നിന്ന് ഒരാള്‍ എത്തിയാല്‍ സംഘടനയ്ക്ക് അത് ഗുണകരമാകില്ല. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയെ ഒറ്റക്കെട്ടായി നയിക്കാന്‍ രാജീവിനാകുമെന്നും മോദിയും അമിത് ഷായും വിലയിരുത്തുന്നു

Author : ന്യൂസ് ഡെസ്ക്

വ്യവസായിയായ രാഷ്ട്രീയക്കാരന്‍. ഒറ്റവാക്കില്‍ രാജീവ് ചന്ദ്രശേഖറിനെ ഇങ്ങനെ വിശേഷിപ്പിക്കാം. തൃശൂരില്‍ കുടുംബ വേരുകളുണ്ടെങ്കിലും മലയാളികള്‍ക്ക് സുപരിചിതനായത് 2021ല്‍ കേന്ദ്ര സഹമന്ത്രിയായതു മുതല്‍. അതിന് മുന്‍പ് 2006 മുതല്‍ രാജ്യസഭാ അംഗമായിരുന്നു. കേന്ദ്രമന്ത്രിയായ ശേഷം രാജീവ് ചന്ദ്രശേഖര്‍ കേരളത്തില്‍ പതിയെ ചുവടുറപ്പിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി മറ്റൊരു മുഖം തിരഞ്ഞില്ല.


പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍ തെറ്റിയില്ല. തരൂരിനെ വിറപ്പിച്ചശേഷം പതിനയ്യായിരം വോട്ടുകളുടെ വ്യത്യാസത്തില്‍ രണ്ടാം സ്ഥാനം. രാജീവ് ചന്ദ്രശേഖറിന് ഈ സ്ഥാനലബ്ധി അപ്രതീക്ഷിതമല്ല. വീട് ഉള്‍പ്പെടെ വാങ്ങി തിരുവനന്തപുരത്ത് കേന്ദ്രീകരിച്ചത് അധ്യക്ഷ പദവി മുന്നില്‍ക്കണ്ടു തന്നെ. ബിജെപി കേന്ദ്ര നേതൃത്വവുമായുള്ള അടുത്ത ബന്ധവും സ്ഥാനാരോഹണത്തില്‍ തുണച്ചു. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് കേന്ദ്ര നേതൃത്വം അദ്ദേഹത്തിന്റെ പേര് ഉറപ്പിച്ചിരുന്നുവെന്ന് വേണം കരുതാന്‍. ഇടയ്ക്ക് പൊതുപ്രവര്‍ത്തനം നിര്‍ത്തുന്നുവെന്ന് സമൂഹമാധ്യമത്തില്‍ പരിഭവിച്ചപ്പോള്‍ തിരുവനന്തപുരത്ത് ശ്രദ്ധിക്കാനായിരുന്നു നിര്‍ദേശം.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസനകാഴ്ചപ്പാടുകള്‍ കേരളത്തില്‍ കൂടുതല്‍ ഫലപ്രദമായി അവതരിപ്പിക്കാന്‍ രാജീവിന് കഴിയുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിശ്വാസം. അതുവഴി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലടക്കം മുന്നേറ്റവും പ്രതീക്ഷിക്കുന്നു. ചേരിതിരഞ്ഞു നില്‍ക്കുന്ന ഗ്രൂപ്പുകള്‍ക്കിടയില്‍ നിന്ന് ഒരാള്‍ എത്തിയാല്‍ സംഘടനയ്ക്ക് അത് ഗുണകരമാകില്ല. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയെ ഒറ്റക്കെട്ടായി നയിക്കാന്‍ രാജീവിനാകുമെന്നും മോദിയും അമിത് ഷായും വിലയിരുത്തുന്നു.


നൈപുണ്യ വികസനം, സംരംഭകത്വം, ജല്‍ശക്തി, ഇലക്ടോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നീ വകുപ്പുകളായിരുന്നു കേന്ദ്രമന്ത്രിയായിരിക്കെ കൈകാര്യം ചെയ്തത്. ഗുജറാത്തിലായിരുന്നു ജനനം. ഇന്ത്യയിലെ ബിരുദ പഠനത്തിനുശേഷം അമേരിക്കയില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടി. ബിപിഎല്‍ സ്ഥാപകന്‍ ടിപിജി നമ്പ്യാരുടെ മകളെ വിവാഹം ചെയ്തതതോടെ ബിസിനസ് രംഗത്തേക്കും ചുവടറിപ്പിച്ചു. 1994ല്‍ ബിപിഎല്‍ മൊബൈല്‍ സ്ഥാപിച്ചു. ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനികളില്‍ ഒന്നായിരുന്ന ആ സമയം. പിന്നീട് 2005ല്‍ ഭൂരിപക്ഷം ഓഹരികളും വിറ്റു. ഇതേവര്‍ഷം ജുപീറ്റര്‍ ക്യാപിറ്റലിനും തുടക്കമിട്ടു. തുടര്‍ന്ന് ഈ സ്ഥാപനംവഴി ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷന്‍സിലും അടക്കം നിക്ഷേപം നടത്തി. 2006ല്‍ സ്വതന്ത്രനായാണ് രാജ്യസഭയിലെത്തിയത്. 2018ലാണ് ബിജെപി അംഗമായി ഉപരിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

SCROLL FOR NEXT