രാജു എബ്രഹാം 
NEWSROOM

രാജു എബ്രഹാം സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി; കമ്മിറ്റിയില്‍ അഞ്ച് പുതുമുഖങ്ങള്‍

നിലവിലെ സെക്രട്ടറി കെ.പി. ഉദയഭാനുവിനെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി

Author : ന്യൂസ് ഡെസ്ക്

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി പാനലിൽ നേതൃമാറ്റം. അഞ്ച് പുതുമുഖങ്ങളെയാണ് ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. രാജു എബ്രഹാമാണ് പുതിയ ജില്ലാ സെക്രട്ടറി. മൂന്ന് ടേം പൂർത്തിയാക്കിയ നിലവിലെ സെക്രട്ടറി കെ.പി. ഉദയഭാനുവിനെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. എന്നാല്‍ ഇദ്ദേഹം സംസ്ഥാന കമ്മിറ്റിയിൽ തുടരും.


കോഴഞ്ചേരി ഏരിയ സെക്രട്ടറി ടി.വി. സ്റ്റാൻലിൻ, പട്ടികജാതി ക്ഷേമ സമിതി ജില്ലാ സെക്രട്ടറി സി.എം. രാജേഷ് , ഇരവിപേരൂർ ഏരിയാ സെക്രട്ടറി ടി.കെ. സുരേഷ് കുമാർ, മല്ലപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു ചന്ദ്രമോഹൻ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ബി. നിസാം എന്നിവരാണ് കമ്മിറ്റിയിലെ പുതുമുഖങ്ങൾ. തിരുവല്ല ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും അച്ചടക്ക നടപടിയിലൂടെ നീക്കം ചെയ്യപ്പെട്ട ഫ്രാൻസിസ് വി. ആന്റണി ജില്ലാ കമ്മിറ്റിയിലെത്തി.

കെ.പി. ഉദയഭാനുവിനെ കൂടാതെ അഡ്വ. പീലിപ്പോസ് തോമസ്, മുൻ എംഎൽഎ കെ.സി. രാജഗോപാൽ, കൊടുമൺ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരൻ, നിർമലദേവി, ബാബു കോയിക്കലേത്ത് എന്നിവരാണ് ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കപ്പെട്ടവർ.



അതേസമയം, ജില്ലാ സമ്മേളനത്തിലെ ചർച്ചയ്ക്കുശേഷമുള്ള മറുപടിയില്‍ ജില്ലാ കമ്മിറ്റിക്കെതിരെ രൂക്ഷ വിമ‍ർശനമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദന്‍ ഉന്നയിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോലും ജില്ലാ കമ്മിറ്റി സംഘടനാ ജോലി ചെയ്തില്ല. അത് സംസ്ഥാന കമ്മിറ്റിയുടെ പരിശോധനയിൽ വ്യക്തമായെന്നായിരുന്നു എം.വി. ഗോവിന്ദന്റെ വിമ‍‍ർശനം.

എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ കണ്ണൂ‍ർ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യക്കെതിരെയായിരുന്നു പത്തനംതിട്ട ജില്ലാ കമ്മിറ്റി സ്വീകരിച്ച നിലപാട്. ദിവ്യയെ കുറ്റക്കാരിയാക്കാൻ പ്രതിപക്ഷത്തേക്കാൾ താൽപ്പര്യം പാർട്ടി ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവിനാണെന്ന ആക്ഷേപവും സമൂഹമാധ്യമങ്ങളില്‍ ഉയ‍‍ർന്നിരുന്നു. ദിവ്യ നവീന്‍ ബാബുവിന്‍റെ വിടവാങ്ങല്‍ ചടങ്ങിൽ പറഞ്ഞത് സദുദ്ദേശ്യമോ തിരുത്തലിന് വേണ്ടിയുള്ളതോ അല്ലെന്നായിരുന്നു പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നിലപാട്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്ത് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പ്രചരണ വീഡിയോ പത്തനംതിട്ട സിപിഎം ഫേസ്ബുക്ക് പേജിൽ വന്നതും വിവാദമായിരുന്നു. ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്‌താണ് വീഡിയോ പോസ്റ്റ്‌ ചെയ്‌തതെന്നായിരുന്നു ഉദയഭാനുവിന്‍റെ വിശദീകരണം.

SCROLL FOR NEXT