NEWSROOM

വഖഫ് ഭേദഗതിയുടെ ജെപിസി റിപ്പോർട്ട് അംഗീകരിച്ച് രാജ്യസഭ; സഭയിൽ പ്രതിപക്ഷ ബഹളം

റിപ്പോർട്ടിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ പ്രതിപക്ഷം രാജ്യസഭയിൽ നിന്ന് വാക്ക്ഔട്ട് നടത്തി

Author : ന്യൂസ് ഡെസ്ക്

പ്രതിപക്ഷ ബഹളത്തിനിടെ വഖഫ് ഭേദഗതിയെക്കുറിച്ചുള്ള സംയുക്ത സമിതിയുടെ(ജെപിസി) റിപ്പോർട്ട് രാജ്യസഭ അംഗീകരിച്ചു. പ്രതിപക്ഷം രൂക്ഷ വിമർശനമുയർത്തിയതോടെ ചെയർപേഴ്‌സൺ ജഗ്ദീപ് ധൻഖർ സഭാ നടപടികൾ താൽക്കാലികമായി നിർത്തിവെയ്ക്കാൻ നിർബന്ധിതനായി. റിപ്പോർട്ടിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ പ്രതിപക്ഷം രാജ്യസഭയിൽ നിന്ന് വാക്ക്ഔട്ട് നടത്തി.



പ്രതിപക്ഷ അംഗങ്ങളുടെ വിയോജനക്കുറിപ്പ് ജെപിസി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയില്ലെന്നായിരുന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പക്ഷം. വ്യാജ ജെപിസി റിപ്പോർട്ട് അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. "ജെപിസി റിപ്പോർട്ടിൽ, പല അംഗങ്ങൾക്കും വിയോജിപ്പുകളുണ്ട്. അത് നീക്കം ചെയ്ത് ഞങ്ങളുടെ അഭിപ്രായങ്ങൾ അട്ടിമറിക്കുന്നത് ശരിയല്ല. ഇത് ജനാധിപത്യ വിരുദ്ധമാണ്. അത്തരം വ്യാജ റിപ്പോർട്ടുകൾ ഞങ്ങൾ ഒരിക്കലും അംഗീകരിക്കില്ല. റിപ്പോർട്ടിൽ വിയോജിപ്പുകൾ പ്രസിദ്ധീകരിച്ചില്ലെങ്കിൽ, അത് തിരിച്ചയച്ച് വീണ്ടും അവതരിപ്പിക്കണം," ഖാർഗെ പറഞ്ഞു.


കേന്ദ്രം വഖഫ് ഭേദഗതി ബില്ലിൽ നിന്ന് പിന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ഹാരിസ് ബീരാൻ എംപി പറഞ്ഞു. ബില്ല് ജെപിസിയിൽ പരിശോധനക്ക് പോയിവന്നപ്പോൾ കൂടുതൽ മോശമായി. ബിജെപി അംഗങ്ങൾ നൽകിയ ശുപാർശകൾ മാത്രം ഉൾപ്പെടുത്തി. പ്രതിപക്ഷത്തിന്റെ നിർദേശം ചവറ്റുകുട്ടയിൽ ഇട്ടു. ആദ്യം അവതരിപ്പിച്ച ബില്ലിനേക്കാൾ മോശമായ റിപ്പോർട്ടിൻമേലാണ് ഇപ്പോൾ ചർച്ച നടത്തുന്നതെന്നും എംപി പറഞ്ഞു.


പ്രതിപക്ഷത്തിന്റെ വിയോജനക്കുറിപ്പുകൾ ജെപിസിയുടെ ഭാഗമാക്കിയിട്ടില്ല. ഇത് ഭരണഘടനയ്ക്ക് വിധേയമായ റിപ്പോർട്ട് അല്ല. ഇസ്ലാമിക തത്വങ്ങൾക്കും ഭരണഘടനയ്ക്കും വിരുദ്ധമാണ്. ഖാർഗെയുടെ നിർദേശം കേന്ദ്രം അംഗീകരിക്കുമോ എന്നറിയില്ലെന്നും ആവശ്യപ്പെട്ടിട്ടും റിപ്പോർട്ടിന്റെ ഹാർഡ് കോപ്പിയോ സോഫ്റ്റ് കോപ്പിയോ നൽകിയിട്ടില്ലെന്നും ഹാരിസ് ബീരാൻ എംപി പറഞ്ഞു.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പാർലമെന്റിൽ അവതരിപ്പിച്ച കരട് രേഖയിൽ 14 ഭേദ​ഗതികൾ വരുത്തിയാണ് ബില്ലിന് ജെപിസി അംഗീകാരം നൽകിയത്. 1995 ലെ വഖഫ് നിയമമാണ് ഇന്ത്യയിലെ വഖഫ് സ്വത്തുക്കൾ നിയന്ത്രിക്കുന്നത്. വഖഫിൻ്റെ മേൽനോട്ടം അതത് ജില്ലകളിലെ കളക്ടറിനായിരുന്നു. ഭേദ​ഗതി പ്രകാരം വഖഫ് ഭൂമിമേൽ തീരുമാനം എടുക്കുക സംസ്ഥാന സർക്കാർ നിയോ​ഗിക്കുന്ന ഉദ്യോ​ഗസ്ഥനായിരിക്കും. അത് കളക്ടർ ആകണമെന്നില്ല.


വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട തർക്കങ്ങള്‍ പരിഹരിക്കുന്നത് ട്രൈബ്യൂണലാണ്. ഇതില്‍ കളകടറും, ജില്ലാ സെഷൻസ് ജഡ്ജിയും, മത നിയമങ്ങളില്‍ അറിവുള്ള മുസ്ലീങ്ങളും ഉള്‍പ്പെടുന്നു. എന്നാല്‍ ഭേദ​ഗതി പ്രാബല്യത്തില്‍ വരുന്നതോടെ ട്രൈബ്യൂണലില്‍ രണ്ട് മുസ്ലീം അം​ഗങ്ങൾക്ക് പകരം 2 നോൺ മുസ്ലീം അം​ഗങ്ങളും, ഒപ്പം നോമിനേറ്റ് ചെയ്യുന്ന നോൺ മുസ്ലീമോ, മുസ്ലീമോ ആയ അം​ഗം കൂടി ഉണ്ടാകും.



SCROLL FOR NEXT