രാജ്യസഭയില്‍ വിചിത്രവും നാടകീയവുമായ രംഗങ്ങള്‍. കോണ്‍ഗ്രസ് എംപി മനു അഭിഷേക് സിംഗ്‌വിയുടെ സീറ്റില്‍ നിന്ന് നോട്ട് കെട്ടുകള്‍ ലഭിച്ചതാണ് സഭയെ ബഹളമയമാക്കിയത്. സിംഗ്‌വിയുടെ സീറ്റായ 222 ല്‍ നിന്നാണ് 50,000 രൂപയുടെ നോട്ട് കെട്ടുകള്‍ ലഭിച്ചത്. ഇത് ഭരണപക്ഷം ആയുധമാക്കിയതോടെയാണ് നാടകീയ രംഗങ്ങള്‍ അങ്ങേറിയത്.
തന്റെ കൈവശം 500 രൂപയുടെ ഒരു നോട്ട് മാത്രമാണ് ഉണ്ടായിരുന്നതെന്ന് സിംഗ്‌വി വിശദീകരിച്ചു. 12.57 മുതല്‍ 1.30 വരെ മാത്രമാണ് താന്‍ സഭയില്‍ ഉണ്ടായിരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. സിംഗ്‌വിയുടെ സീറ്റില്‍ നോട്ട് കെട്ടുകള്‍ കണ്ടെത്തിയെന്ന് പാര്‍ലമെന്റ് കാര്യമന്ത്രി കിരണ്‍ റിജിജുവാണ് വെളിപ്പെടുത്തിയത്.
സംഭവം പാര്‍ലമെന്റിനെ അന്തസ് ഇടിച്ച് താഴ്ത്തി എന്ന് ആരോപിച്ച് ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദയും രംഗത്ത് വന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ രാജ്യസഭാ ചെയര്‍മാന്‍ ജഗദീപ് ധന്‍കര്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാല്‍, അദാനി വിഷയത്തില്‍ നിന്ന് സഭയുടെ ശ്രദ്ധ തിരിക്കാന്‍ വേണ്ടിയുള്ള ബിജെപിയുടെ തന്ത്രമാണ് കറന്‍സി നോട്ടുകള്‍ കണ്ടെത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഒരാള്‍ 50,000 രൂപ കൈവശം വെച്ചാല്‍ തന്നെ അത് ക്രിമിനല്‍ കുറ്റമല്ലെന്നും കോണ്‍ഗ്രസ് പറഞ്ഞു.
സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളും രാജ്യസഭാ ചെയര്‍മാനെ സമീപിച്ചിരുന്നു. സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയോ അല്ലെങ്കില്‍ ഏത് അന്വേഷണ ഏജന്‍സിയോ അന്വേഷണം നടത്തട്ടേയെന്നാണ് കോണ്‍ഗ്രസ് നിലപാട്.
ഇന്ന് സഭയില്‍ അദാനി വിഷയത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനിടയിലാണ് നോട്ട് കെട്ടുകള്‍ കണ്ടെത്തിയത്.