NEWSROOM

ബലാത്സംഗക്കേസ്: യുപി കോൺഗ്രസ് എംപി അറസ്റ്റിൽ

ഉത്തർപ്രദേശിലെ സീതാപൂരിൽ നിന്നുള്ള ലോക്‌സഭാ എംപിയായ റാത്തോഡിനെ സ്വന്തം വസതിയിലെത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്

Author : ന്യൂസ് ഡെസ്ക്

ബലാത്സംഗക്കേസിനെ തുടർന്ന് ഉത്തർപ്രദേശ് കോൺഗ്രസ് എംപി രാകേഷ് റാത്തോഡ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ സീതാപൂരിൽ നിന്നുള്ള ലോക്‌സഭാ എംപിയായ റാത്തോഡിനെ സ്വന്തം വസതിയിലെത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ റാത്തോഡിനെ കനത്ത പൊലീസ് സുരക്ഷയിൽ കോടതിയിൽ ഹാജരാക്കി.



കഴിഞ്ഞ ദിവസം അലഹബാദ് ഹൈക്കോടതി ലഖ്‌നൗ ബെഞ്ച് രാകേഷ് റാത്തോഡിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. വിവാഹം കഴിക്കാം, രാഷ്ട്രീയ ജീവിതത്തിന് സഹായിക്കാം തുടങ്ങിയ വാഗ്ദാനങ്ങൾ നൽകി കഴിഞ്ഞ നാല് വർഷമായി തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന യുവതിയുടെ പരാതിയെ തുടർന്നാണ് ജനുവരി 17 ന് റാത്തോഡിനെതിരെ പൊലീസ് കേസെടുത്തത്. തെളിവായി കോൾ വിശദാംശങ്ങളും കോൾ റെക്കോർഡിംഗുകളും അവർ പൊലീസിന് കൈമാറിയിരുന്നു.

ജനുവരി 22ന് പരാതിക്കാരിയുടെ ഭർത്താവ് റാത്തോഡും മകനും പരാതി ഒത്തുതീർപ്പാക്കുന്നതിന് കുടുംബത്തിന് മേൽ സമ്മർദ്ദം ചെലുത്തുന്നുവെന്ന് മറ്റൊരു പരാതി നൽകിയിരുന്നു. റാത്തോഡ് എംപിയുടെ കൂട്ടാളികൾ ഭാര്യയെ ആക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയെന്നും അദ്ദേഹത്തിൻ്റെ പരാതിയിൽ പറയുന്നു. ഇത് പ്രകാരം സീതാപൂർ പൊലീസ് സമൂഹമാധ്യമങ്ങളിൽ യുവതിയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തിയതിൽ ബിഎൻഎസ് ആക്ട് സെക്ഷൻ 67 ഐടി ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്.

SCROLL FOR NEXT