NEWSROOM

"ഹോളിവുഡ് സംവിധായകര്‍ പ്രേക്ഷകരെ ബുദ്ധിമാന്മാരായി കണക്കാക്കുന്നു, നമ്മള്‍ മണ്ടന്മാരായും"; വിമര്‍ശനവുമായി രാം ഗോപാല്‍ വര്‍മ്മ

'മിഷന്‍ ഇംപോസിബിള്‍ 8'നെ പ്രശംസിച്ചുകൊണ്ടുള്ള എക്സ് പോസ്റ്റായിരുന്നു അത്

Author : ന്യൂസ് ഡെസ്ക്



ഹോളിവുഡ് താരം ടോം ക്രൂസ് നായകനായ 'മിഷന്‍ ഇംപോസിബിള്‍ : ദ ഫൈനല്‍ റെക്കനിങ്' മെയ് 17നാണ് ഇന്ത്യയില്‍ റിലീസ് ചെയ്തത്. നിലവില്‍ ചിത്രം മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുകയാണ്. സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയും 'മിഷന്‍ ഇംപോസിബിള്‍ 8'നെ പ്രശംസിച്ച് രംഗത്തെത്തി. സിനിമയെ പ്രശംസിച്ചതിനൊപ്പം അദ്ദേഹം ഇന്ത്യന്‍ സംവിധായകരെ വിമര്‍ശിക്കുകയും ചെയ്തു.

"ഹോളിവുഡും നമ്മളും തമ്മിലുള്ള പ്രധാന വ്യത്യാസം ഇതാണ്. ഹോളിവുഡ് പ്രേക്ഷകരെ ബുദ്ധിയുള്ളവരായാണ് കണക്കാക്കുന്നത്. മിഷന്‍ ഇംപോസിബിള്‍ പോലുള്ള സിനിമകളിലൂടെ അവര്‍ പ്രേക്ഷകരുടെ ബുദ്ധിയെ കൂടുതല്‍ ഉണര്‍ത്തുന്നു. അതേസമയം നമ്മള്‍ പ്രേക്ഷകരെ മണ്ടന്മാരായാണ് കണക്കാക്കുന്നത്. അവരെ കൂടുതല്‍ മണ്ടന്മാരാക്കുന്ന രീതിയിലാണ് നമ്മള്‍ സിനിമകള്‍ നിര്‍മിക്കുന്നത്", രാം ഗോപാല്‍ വര്‍മ്മ എക്‌സില്‍ കുറിച്ചു. ഒരു പ്രത്യേക സിനിമയെയോ സംവിധായകനെയോ രാം ഗോപാല്‍ വര്‍മ്മ പരാമര്‍ശിച്ചല്ല. അത് പ്രേക്ഷകന്റെ ഭാവനയ്ക്ക് വിട്ടിരിക്കുകയാണ് അദ്ദേഹം.

അതേസമയം 'മിഷന്‍ ഇംപോസിബിള്‍' ഹോളിവുഡിലെ വളരെ പ്രധാനപ്പെട്ടതും അറിയപ്പെടുന്നതുമായ ഫ്രാഞ്ചൈസികളില്‍ ഒന്നാണ്. അമേരിക്കന്‍ സ്‌പൈ സീരീസിന്റെ എട്ടാമത്തെയും അവസാനത്തെയും ഭാഗമായ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ക്രിസ്റ്റഫര്‍ മക്വയര്‍ ആണ്. ഹെയ്ലി ആറ്റ്വെല്‍, വിംഗ് റേംസ്, സൈമണ്‍ പെഗ്, ഹെന്റി സെര്‍ണി, ആഞ്ചല ബാസെറ്റ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

കാന്‍ ചലച്ചിത്ര മേളയില്‍ മെയ് 14ന് ചിത്രത്തിന്റെ പ്രദര്‍ശനം നടന്നിരുന്നു. പ്രദര്‍ശനത്തിന് ശേഷം പ്രേക്ഷകര്‍ അഞ്ച് മിനിറ്റ് നേരം എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. നിലവില്‍ ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്തിട്ടുണ്ട്. മെയ് 23നാണ് ചിത്രം യു.എസില്‍ റിലീസ് ചെയ്യുക.


SCROLL FOR NEXT