വിശുദ്ധ റമദാന്‍ മാസത്തെ വരവേല്‍ക്കാനൊരുങ്ങി ഇസ്‌ലാം മതവിശ്വാസികള്‍. ഇന്ന് മാസപ്പിറവി ദൃശ്യമായാല്‍ നാളെ മുതല്‍ വ്രതാനുഷ്ഠാനം ആരംഭിക്കും. തുടര്‍ന്ന് ഒരു മാസക്കാലം പള്ളികളും വീടുകളും പ്രാര്‍ഥനയാലും ഖുര്‍ആന്‍ പാരായണത്താലും ദീപ്തമാകും. ആത്മവിശുദ്ധിയുടെ ദിനരാത്രങ്ങളാണ് വിശ്വാസിക്ക് റമദാന്‍.
പുണ്യങ്ങളുടെ പൂക്കാലമായാണ് റമദാന്‍ മാസത്തെ ഇസ്‌ലാം മത വിശ്വാസികള്‍ കണക്കാക്കുന്നത്. പകല്‍ സമയം ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിച്ചും രാത്രിയില്‍ സമൂഹ നമസ്കാരവും പ്രാര്‍ഥനകളുമായി കഴിഞ്ഞ് കൂടുന്ന ഒരു മാസക്കാലം. ദൈവത്തിന് മുന്നില്‍ പ്രാര്‍ഥനാ നിരതമായ മനസ്സുമായി രാവും പകലും വിശ്വാസി നിലകൊള്ളുന്ന നാളുകള്‍. ശഅ്ബാന്‍ 29 പൂര്‍ത്തിയാകുന്ന ഇന്ന് മാസപിറവി ദൃശ്യമായാല്‍ ഞായറാഴ്ച റമദാന്‍ ഒന്നായി പരിഗണിച്ച് വ്രതാനുഷ്ഠാനം ആരംഭിക്കും.
മാസപ്പിറ ദൃശ്യമായില്ലെങ്കില്‍ ശഅബാന്‍ മുപ്പത് പൂര്‍ത്തിയാക്കി തിങ്കളാഴ്ച മുതല്‍ വിശ്വാസികള്‍ റമദാന്‍ വ്രതത്തിലേക്ക് പ്രവേശിക്കും. മാസപ്പിറ വീക്ഷിക്കാന്‍ കാപ്പാട് കടപ്പുറം അടക്കം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വിപുലമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷമയും സഹന ശീലവും വര്‍ധിപ്പിച്ച് വിശ്വാസിയുടെ സമ്പൂര്‍ണ സംസ്കരണമാണ് നോമ്പിലൂടെ ഇസ്ലാം ലക്ഷ്യമിടുന്നത്. ദൈവ വചനങ്ങളുമായി ജിബ്രീല്‍ മാലാഖ പ്രവാചകന് മുന്നിലെത്തിയ ഖുര്‍ആന്‍ അവതീര്‍ണമായ മാസമായി കണക്കാക്കുന്നതിനാല്‍ വിശ്വാസികളെ സംബന്ധിച്ചടത്തോളം റമദാന്‍ അത്രമേല്‍ പ്രാധാന്യമേറിയതാണ്.
ആയിരം മാസങ്ങളെക്കാള്‍ ശ്രേഷ്ഠമായ ലൈലത്തുല്‍ഖദര്‍ രാവും റമദാനിലാണെന്നാണ് വിശ്വാസം. നിര്‍ബന്ധദാനമായ സക്കാത്തിനും മറ്റ് ദാനധര്‍മ്മങ്ങള്‍ക്കും വിശ്വാസികള്‍ തിരഞ്ഞെടുക്കുന്നതും റമദാനിനെയാണ്. ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവമായി കണക്കാക്കുന്ന ബദര്‍ യുദ്ധം നടന്നതും റമദാന്‍ മാസത്തിലാണെന്നാണ് വിശ്വാസം. റമദാനില്‍ മറ്റുള്ളവരെ നോമ്പുതുറപ്പിക്കുന്നതും സംഘടിതമായി നോമ്പുതുറക്കുന്നതും പുണ്യകരമായ കാര്യമായി കണക്കാക്കുന്നു. രാത്രികാലങ്ങളിലുള്ള തറാവീഹ് നമസ്കാരമടക്കമുള്ള പ്രാര്‍ത്ഥനകള്‍ക്കായി വിപുലമായ തയ്യാറെടുപ്പുകളാണ് പള്ളികളില്‍ ഒരുക്കിയിട്ടുള്ളത്.