NEWSROOM

എല്ലാത്തിൻ്റെയും ഒന്നാം പ്രതി മുഖ്യമന്ത്രിയാണ്; മുഖ്യമന്ത്രിയുടെ ഓഫീസ് എല്ലാ കള്ളക്കടത്തുകാരുടെയും താവളം: രമേശ് ചെന്നിത്തല

എഡിജിപിയുടെ റിപ്പോർട്ട് ആരാണ് വിശ്വസിക്കുകയെന്നും ഡിജിപി എന്തുകൊണ്ട് റിപ്പോർട്ട് മടക്കുന്നില്ലെന്നും രമേശ് ചെന്നിത്തല ചോദ്യമുന്നയിച്ചു

Author : ന്യൂസ് ഡെസ്ക്

എല്ലാത്തിൻ്റെയും ഒന്നാം പ്രതി മുഖ്യമന്ത്രിയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് എല്ലാ കള്ളക്കടത്തുകാരുടെ താവളമാണെന്നും വിമർശനമുന്നയിച്ച് രമേശ് ചെന്നിത്തല. സിപിഐക്ക് മുഖ്യമന്ത്രിയെ കാണുമ്പോൾ അഭിപ്രായമില്ലാതാകുന്നുവെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. എഡിജിപിയുടെ റിപ്പോർട്ട് ആരാണ് വിശ്വസിക്കുകയെന്നും ഡിജിപി എന്തുകൊണ്ട് റിപ്പോർട്ട് മടക്കുന്നില്ലെന്നും രമേശ് ചെന്നിത്തല ചോദ്യമുന്നയിച്ചു. അജിത്ത് കുമാർ ആരോപണ വിധേയനാണ്. മുഖ്യമന്ത്രിക്ക് ശശിയെ സംരക്ഷിക്കേണ്ടി വരുമെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

തൃശൂർ പൂരം കലക്കിയതിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയെന്ന് എഡിജിപി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എഡിജിപി സമർപ്പിച്ച റിപ്പോർട്ടിൽ തൃശൂർ പൂരം അലങ്കോലപ്പെടാൻ കാരണമായ സംഭവ വികാസങ്ങളിൽ അന്ന് സിറ്റി പൊലീസ് കമ്മീഷണറായിരുന്ന അങ്കിത് അശോകൻ്റെ പരിചയക്കുറവും, കർക്കശമായ പെരുമാറ്റവും മൂലമുള്ള വീഴ്ചയെ കുറിച്ചുമാണ് പ്രതിപാദിക്കുന്നത്. സംഭവ സമയത്ത് പൂരനഗരിയിലേക്ക് ആംബുലൻസിൽ അന്ന് ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി വന്നിറങ്ങിയത് സംബന്ധിച്ച് ഇൻ്റലിജൻസ് റിപ്പോർട്ടിൽ പരാമർശമുണ്ടെങ്കിലും, അത് എഡിജിപിയുടെ അന്വേഷണ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നില്ല.

മാത്രമല്ല, അന്വേഷണം പ്രഖ്യാപിച്ച ഘട്ടത്തിൽ ആരോപണവിധേയൻ അല്ലായിരുന്നെങ്കിലും, റിപ്പോർട്ട് സമർപ്പിക്കപ്പെട്ട വേളയിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന എഡിജിപി എം.ആർ. അജിത്കുമാർ തന്നെ നടത്തിയ അന്വേഷണത്തിന് എന്ത് പ്രസക്തിയാണുള്ളതെന്ന ചോദ്യം സിപിഐയും പ്രതിപക്ഷവും ഉയർത്തിയിരുന്നു.

അതേസമയം, തൃശൂർ പൂരം നിയന്ത്രണങ്ങളിൽ എഡിജിപി എം.ആർ. അജിത് കുമാർ ഇടപെട്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്‌. പൂരത്തിന് നിയന്ത്രണങ്ങൾ നിർദേശിച്ചത് എഡിജിപിയാണെന്നും, ഇതിനായി രണ്ട് ദിവസം തൃശൂരിൽ തങ്ങി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചെന്നും സ്പെഷ്യൽ ബ്രാഞ്ച് വെളിപ്പെടുത്തി. അജിത് കുമാർ താമസിച്ചത് തൃശൂരിലെ പൊലീസ് അക്കാദമിയിലാണെന്നും റിപ്പോർട്ടിലുണ്ട്.

ALSO READ: എഡിജിപി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൻ്റെ ഗതി എങ്ങോട്ട്?; മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം


പൂര ദിവസവും തലേദിവസവുമാണ് എഡിജിപി തൃശൂരിൽ ഉണ്ടായിരുന്നത്. പൂരം കലങ്ങിയപ്പോൾ സ്ഥലത്തെത്തി. പുലർച്ചെ മടങ്ങിയ എഡിജിപി പിന്നീട് ഫോൺ സ്വിച്ച് ചെയ്തുവെക്കുകയായിരുന്നു. തൃശൂരിലെ സാന്നിധ്യത്തെക്കുറിച്ച് അജിത് കുമാർ ഡിജിപിക്ക് വിശദീകരണം നൽകിയിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. മൂകാംബികയിലേക്ക് പോയ വഴിയാണ് തൃശൂരിൽ തങ്ങിയതെന്ന എഡിജിപിയുടെ വാദം തള്ളുന്നതാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്‌.


SCROLL FOR NEXT