NEWSROOM

"സിപിഐക്ക് പിണറായിയെ കാണുമ്പോള്‍ മുട്ടിടിക്കും"; സിപിഎം സംസ്ഥാന സെക്രട്ടറി വെറും റാന്‍മൂളിയായി എന്നും രമേശ് ചെന്നിത്തല

കേരളത്തില്‍ ഇപ്പോള്‍ സിപിഎം ഇല്ല. പിണറായി ഭക്തര്‍ മാത്രമേ ഉള്ളുവെന്നും ചെന്നിത്തല പരിഹസിച്ചു.

Author : ന്യൂസ് ഡെസ്ക്

സിപിഐക്ക് പിണറായിയെ കാണുമ്പോള്‍ മുട്ടിടിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എല്‍ഡിഎഫില്‍ തുടരുന്നത് സിപിഐയുടെ ഗതികേടാണ്. മുഖ്യമന്ത്രിക്കു മേല്‍ എല്‍ഡിഎഫിനേക്കാള്‍ സ്വാധീനം എഡിജിപിക്കാണെന്നും ചെന്നിത്തല പറഞ്ഞു. ചൊക്രമുടി മലയിലെ കയ്യേറ്റത്തില്‍ അന്വേഷണം പ്രഖ്യാപിച്ച ഇടുക്കി ജില്ലാ കളക്ടറുടെ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും രമേശഷ് ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിയെക്കൊണ്ട് ഉടന്‍ നടപടിയെടുപ്പിക്കുമെന്നു വീമ്പടിച്ചു പോയ സിപിഐ പിണറായിയെക്കണ്ടതോടെ മുട്ടിടിച്ചു നിലപാട് മാറ്റിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമതിയംഗം രമേശ് ചെന്നിത്തല പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് പത്രക്കാരെ കാണുമ്പോഴുള്ള ആവേശവും നിലപാടും പിണറായി വിജയനെ കാണുമ്പോഴില്ല. ഇത്ര നാണം കെട്ട് എല്‍ഡിഎഫ് സംവിധാനത്തില്‍ തുടരുന്നതു സിപിഐയുടെ ഗതികേടാണ്. എഡിജിപിക്കെതിരെ ഒരു ചെറുവിരലനക്കിക്കാന്‍ മൊത്തം എല്‍ഡിഎഫ് സംവിധാനം വിചാരിച്ചിട്ടും സാധിച്ചില്ല. മുഖ്യമന്ത്രിക്കു മേല്‍ എല്‍ഡിഎഫിനേക്കാള്‍ സ്വാധീനമാണ് എഡിജിപിക്ക്. ഈ സ്വാധീനത്തിന്‍റെ പിന്നിലെ രഹസ്യമറിയാന്‍ കേരള ജനതയ്ക്കു താല്‍പര്യമുണ്ട്. ഇത്ര വലിയ ബ്‌ളാക്ക് മെയിലിങ്ങിനു മുഖ്യമന്ത്രി വിധേയനാകുന്നതിന്‍റെ കാരണം വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സിപിഎമ്മിനും സിപിഐയ്ക്കും പിണറായി വിജയനെ ഭയമാണ്. സിപിഎമ്മിന്‍റെ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിമാര്‍ക്കുള്ള ധൈര്യം പോലും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനില്ല. ബ്രാഞ്ച് സെക്രട്ടറിമാര്‍ പോലും പിണറായി വിജയനെതിരെ സംസാരിക്കുമ്പോള്‍ വെറുമൊരു റാന്‍മൂളി ആയി മാറിയിരിക്കുകയാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കേരളത്തില്‍ ഇപ്പോള്‍ സിപിഎം ഇല്ല. പിണറായി ഭക്തര്‍ മാത്രമേ ഉള്ളുവെന്നും ചെന്നിത്തല പരിഹസിച്ചു.

ബുധനാഴ്ച നടന്ന കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പില്‍ നടന്ന എസ്എഫ്ഐ-കെഎസ്‌യു സംഘർഷത്തിലും കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചു. സര്‍വകലാശാലാ സെനറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് അട്ടിമറിച്ച എസ്എഫ്‌ഐക്കാരെ ചുറുത്ത കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്ത പൊലീസ് നടപടി അപഹാസ്യമാണ്. അക്രമം നടത്തിയ എസ്എഫ്‌ഐക്കെതിരെ കേസ് എടുക്കാന്‍ പൊലീസിന് ധൈര്യമില്ല. പൊലീസ് സേനയുടെ ആത്മവീര്യം തന്നെ തകര്‍ന്നിരിക്കുന്നു. എസ്എഫ്‌ഐ ആക്രമണം ചെറുത്ത കെഎസ്‌യുവിന്‍റെ ചുണക്കുട്ടികള്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ALSO READ: ശമ്പള പ്രതിസന്ധി; പ്രതിഷേധത്തിന് ഒരുങ്ങി കെഎസ്ആർടിസി ജീവനക്കാർ

ചൊക്രമുടിമലയില്‍ നടന്ന റവന്യൂ ഭൂമി കയ്യേറ്റ വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ച ഇടുക്കി ജില്ലാ കളക്ടറുടെ നടപടി സ്വാഗതാര്‍ഹമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സെപ്റ്റംബര്‍ ഏഴിന് ചൊക്രമുടി മല സന്ദര്‍ശിച്ച് കയ്യേറ്റത്തിന്‍റെ സത്യാവസ്ഥ ബോധ്യപ്പെട്ടതാണ്. അതിന്‍റെ അടിസ്ഥാനത്തില്‍ അനധികൃത പട്ടയങ്ങള്‍ റദ്ദാക്കണമെന്നും കയ്യേറ്റക്കാര്‍ക്കെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കണമെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെപ്പിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇവിടെ ഇരുന്നൂറോളം ദളിത് ആദിവാസി കുടുംബങ്ങള്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണെന്നും ചെന്നിത്തല അറിയിച്ചു. കളക്ടറുടെ അന്വേഷണപരിധിയില്‍ ഉദ്യോഗസ്ഥരുടെ പങ്ക് മാത്രമല്ല, സിപിഐ നേതൃത്വത്തിന്‍റെ പങ്കും ഉള്‍പ്പെടുത്തണം. റവന്യൂ മന്ത്രിയും ഈ കയ്യേറ്റത്തിന് ഉത്തരവാദിയാണ്. സിപിഐയിലെ ഉന്നതരുടെ പങ്കും പണം കൊടുത്താല്‍ പട്ടയം ഒപ്പിച്ചു കൊടുക്കുന്ന മാഫിയയുടെ പങ്കും പുറത്തു കൊണ്ടുവരണം. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. സംസ്ഥാനവ്യാപമായി നടക്കുന്ന ഭൂമി കയ്യേറ്റത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അനധികൃത പട്ടയം റദ്ദാക്കുകയും അനധികൃതമായി കയ്യേറിയ ഭൂമി തിരിച്ചെടുക്കുകയും വേണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ALSO READ: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതും അട്ടിമറിച്ചതും പിണറായി വിജയൻ്റെ നേതൃത്വത്തില്‍: ടി.എൻ. പ്രതാപൻ

സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ മലനിരകളും ജൈവവൈവിധ്യ കേന്ദ്രവുമായ ചൊക്രമുടി മലനിരകള്‍ റവന്യൂ വകുപ്പിന്‍റെ സംരക്ഷിത ഭൂപ്രദേശമാണ്. ബൈസണ്‍വാലി പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന നാല്‍പത് ഏക്കറോളം ഭൂമി റവന്യൂ വകുപ്പിന്‍റെ ഒത്താശയോടെ കയ്യേറിയതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. സിപിഐ നേതൃത്വത്തിന്‍റെ അറിവോടെ സ്വകാര്യ വ്യക്തികളും റിസോർട്ട് മാഫിയയും കയ്യേറ്റം നടത്തുന്നതായും ആരോപണമുണ്ട്.

SCROLL FOR NEXT