NEWSROOM

കരാർ ലംഘനം നടത്തിയവർക്ക് നഷ്ടപരിഹാരം നൽകുന്നതിന് പിന്നിൽ അഴിമതി, കൂടുതൽ തെളിവുകൾ പുറത്തുവിടും: രമേശ് ചെന്നിത്തല

പദ്ധതി അവസാനിപ്പിക്കാനുള്ള തീരുമാനത്തിലൂടെ സർക്കാർ ആരെയാണ് സഹായിക്കുന്നത്

Author : ന്യൂസ് ഡെസ്ക്


കൊച്ചി സ്മാർട്ട് സിറ്റി പദ്ധതിക്കായി ടീകോമിന് നല്‍കിയ ഭൂമി തിരിച്ചു പിടിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനെതിരെ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ടീകോമുമായി ചേർന്ന് നടത്തിയത് കോടികളുടെ അഴിമതിയാണ്. ഭൂമി തിരിച്ചെടുക്കാനുള്ള മന്ത്രിസഭാ തീരുമാനം റദ്ദാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സ്മാർട്ട് സിറ്റി വഴി 90,000 പേർക്ക് തൊഴിൽ നൽകുമെന്നണ് ടീകോം കമ്പനി പറഞ്ഞത്. 10 വർഷക്കാലമായി 246 ഏക്കർ ഉപയോഗശൂന്യമായി ഇട്ടതിനു കമ്പനിക്കെതിരെ നടപടി എടുക്കുകയാണ് വേണ്ടത്. എന്നാൽ കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗത്തിൽ കമ്പനിക്ക് നഷ്ടപരിഹാരം നൽകാനാണ് തീരുമാനമായത്. കരാറുകളുടെയും ചട്ടങ്ങളുടെയും ലംഘനം നടത്തുന്ന ആളുകൾക്ക് നഷ്ടപരിഹാരം നൽകുന്നത് ആദ്യമായാണ് കേൾക്കുന്നതെന്നും ഇതിനുപിന്നിൽ വൻ അഴിമതിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പദ്ധതി അവസാനിപ്പിക്കാനുള്ള തീരുമാനത്തിലൂടെ സർക്കാർ ആരെയാണ് സഹായിക്കുന്നത്. കേരള സർക്കാരുമായി കരാർ ഒപ്പിട്ട ബാജു ജോർജ്ജിനെ നഷ്ടപരിഹാര കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത് അഴിമതി നടത്താനെന്നും ചെന്നിത്തല ആരോപിച്ചു. ഇതിനു പിന്നിൽ മുഖ്യമന്ത്രിയാണ്. ആവശ്യമെങ്കിൽ കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്നും ചെന്നിത്തല.

കഴിഞ്ഞദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് സ്വപ്ന പദ്ധതിയായ കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി ടീകോമിന് നല്‍കിയ ഭൂമി തിരിച്ചു പിടിക്കാന്‍ തീരുമാനമായത്. പദ്ധതിയിൽ നിന്ന് പിന്‍മാറാനുള്ള ടീകോമിന്‍റ ആവശ്യപ്രകാരമാണ് സർക്കാർ നടപടി. പദ്ധതി അവസാനിപ്പിക്കുന്നതോടെ 246 ഏക്കര്‍ ഭൂമിയാണ് തിരിച്ചു പിടിക്കുന്നത്. സര്‍ക്കാരും ദുബായ് കമ്പനിയും പരസ്പര ധാരണയോടെ പിന്‍മാറ്റം നയം രൂപീകരിക്കും. ടീകോമിന് നല്‍കേണ്ട നഷ്ടപരിഹാര തുക നിശ്ചയിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കാനും യോഗത്തിൽ തീരുമാനമായിരുന്നു.

SCROLL FOR NEXT