NEWSROOM

പൂരം കലക്കൽ അന്വേഷിച്ചത് യഥാർഥ പ്രതി തന്നെ; ധാർമികതയുണ്ടെങ്കിൽ മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണം: രമേശ് ചെന്നിത്തല

മുഖ്യമന്ത്രി പ്രതികളെ സംരക്ഷിക്കുന്നുവെന്നും മുന്‍ പ്രതിപക്ഷ നേതാവ് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

തൃശൂർ പൂരം കലക്കിയ പ്രതി തന്നെയാണ് ആ കേസ് അന്വേഷിച്ചതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എഡിജിപി എം.ആർ. അജിത് കുമാറിനെ ലക്ഷ്യംവെച്ചായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഘടക കക്ഷി നിരന്തരം ആവശ്യപ്പെട്ടിട്ടും എഡിജിപിയെ മാറ്റാത്തതിന് പിന്നിൽ മുഖ്യമന്ത്രിയുടെ വ്യക്തി താല്പര്യമാണെന്നും ചെന്നിത്തല ആരോപിച്ചു.

എഡിജിപിയുടെ റിപ്പോർട്ടില്‍ പാറമേക്കാവ് ഭഗവതിയെ കുറ്റം പറയാത്തത് ഭാഗ്യമായി. സർക്കാരിൽ ജനങ്ങൾക്ക് വിശ്വാസമില്ലെന്നും മുഖ്യമന്ത്രി പ്രതികളെ സംരക്ഷിക്കുന്നുവെന്നും മുന്‍ പ്രതിപക്ഷ നേതാവ് പറഞ്ഞു. ബിജെപിയുമായി ചേർന്നുള്ള സിപിഎം ഗൂഢാലോചനയുടെ ഭാഗമാണ് പൂരം കലക്കലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

Also Read: ADGP-RSS കൂടിക്കാഴ്ച: ഒടുവിൽ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

മലയാള സിനിമ നടന്മാർക്കെതിരെ ഉയരുന്ന ലൈംഗികാരോപണ പരാതികളിലും രമേശ് ചെന്നിത്തല പ്രതികരിച്ചു. സിദ്ദീഖിന്‍റെ അറസ്റ്റില്‍ നിയമം നിയമത്തിൻ്റെ വഴിക്ക് പോകട്ടെയെന്നും ആരും നിയമത്തിന് അതീതരല്ലെന്നും ചെന്നിത്തല പറഞ്ഞു. ലൈംഗിക പരാതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ധാർമികതയുണ്ടെങ്കിൽ മുകേഷ് എംഎല്‍എ സ്ഥാനം രാജി വെയ്ക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. എന്നാൽ സിപിഎമ്മിന് ധാർമികത ഇല്ലാത്തതിനാൽ രാജിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. എന്ത് കൊണ്ട് നാല് വർഷം ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തി വെച്ചുവെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി കള്ളക്കളി അവസാനിപ്പിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

അതേസമയം, എഡിജിപി-ആർഎസ്എസ് നേതാവ് കൂടിക്കാഴ്ചയിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. ഡിജിപിക്കാണ് അന്വേഷണ ചുമതല. കൂടിക്കാഴ്ച എന്തിന്, ആരുടെ നിർദേശ പ്രകാരം നടത്തി എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് ഡിജിപി റിപ്പോർട്ട് സമർപ്പിക്കും.

ആർഎസ്എസ് നേതാവ് റാം മാധവുമായി കോവളത്തുവച്ചു നടത്തിയ കൂടിക്കാഴ്ചയും, ദത്താത്രേ ഹൊസബല്ലെയുമായി നടത്തിയ കൂടിക്കാഴ്ചയുമാണ് അന്വേഷിക്കുന്നത്. ആർഎസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലയുമായി നടത്തിയത് സ്വകാര്യ സന്ദർശനം ആയിരുന്നെന്നാണ് എഡിജിപി നൽകിയിരുന്ന വിശദീകരണം.

SCROLL FOR NEXT