NEWSROOM

വനനിയമ ഭേദ​ഗതി യുഡിഎഫ് മാർച്ച് പ്രഖ്യാപിച്ചത് കൊണ്ടാണ് ഗതികെട്ട് പിൻവലിച്ചത്: രമേശ് ചെന്നിത്തല

വനനിയമ ഭേദഗതി റദ്ദാക്കിയതായി മന്ത്രിസഭാ യോ​ഗത്തിനു ശേഷം മുഖ്യമന്ത്രി അറിയിച്ചതിനു പിന്നാലെയായിരുന്നു ചെന്നിത്തലയുടെ പ്രതികരണം

Author : ന്യൂസ് ഡെസ്ക്

വനനിയമ ഭേദ​ഗതി ബിൽ സർക്കാർ നാണം കെട്ട് പിൻവലിച്ചതാണെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് മാർച്ച് പ്രഖ്യാപിച്ചത് കൊണ്ടാണ് ഭേദ​ഗതി ഗതികെട്ട് പിൻവലിച്ചത്. ബഫർസോണിൻ്റെ കാര്യത്തിൽ തീരുമാനം ഉണ്ടാകണമെന്നും ചെന്നിത്തല പറ‍ഞ്ഞു.

യു‍‍ഡിഎഫിന്റെ കാലത്താണ് വനനിയമത്തിൽ കരട് ഭേദ​ഗതിക്ക് തുടക്കമിട്ടതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോടും രമേശ് ചെന്നിത്തല പ്രതികരിച്ചു. യുഡിഎഫ് കാലത്ത് ഏതെങ്കിലും ഉദ്യോഗസ്ഥൻ എഴുതിവച്ചു കാണും. പക്ഷെ യുഡിഎഫ് നിയമം കൊണ്ട് വന്നില്ലല്ലോ എന്നായിരുന്നു ചെന്നിത്തലയുടെ ചോദ്യം.

വനനിയമ ഭേദഗതി റദ്ദാക്കിയതായി മന്ത്രിസഭാ യോ​ഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചതിനു പിന്നാലെയായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. ആശങ്കകൾ പരിഹരിക്കാതെ വനനിയമ ഭേദഗതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. ജനങ്ങളെ ആശങ്കപ്പെടുത്തുന്നതോ ഭയപ്പെടുത്തുന്നതോ ആയ ഒരു ഭേദഗതിയും ഉണ്ടാകില്ല. വനനിയമ ഭേദഗതി തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേ‍ർത്തു.

വന്യജീവി ആക്രമണത്തിൽ സംസ്ഥാന സർക്കാർ ഉദാസീനത കാണിച്ചതായി രമേശ് ചെന്നിത്തല മുന്‍പും വിമ‍ർശനം ഉന്നയിച്ചിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ കാരണം കർഷകർക്ക് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. കേരളത്തിൽ ഇപ്പോൾ ആവശ്യത്തിലേറെ വനമുണ്ട്. മനുഷ്യർക്ക് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ്. കേരളത്തിൽ സീറോ ടു വൺ ബഫർ സോൺ ആവശ്യമില്ലാത്ത കാര്യമാണെന്നുമായിരുന്നു ചെന്നിത്തലയുടെ വാദം. ബഫർ സോണിന്റെ കാര്യത്തിൽ കേന്ദ്ര നിയമമാണ് പ്രധാന തടസമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

SCROLL FOR NEXT