NEWSROOM

'SFI പിരിച്ചുവിടണം'; മയക്കുമരുന്ന് വ്യാപകമാക്കുന്നതിൻ്റെ പ്രധാന ഉത്തരവാദി സംഘടനയെന്ന് രമേശ് ചെന്നിത്തല

ഒൻപത് വർഷം ഭരിച്ച മുഖ്യമന്ത്രിക്ക് മയക്കു മരുന്നിനെതിരെ ഒന്നും ചെയ്യാനായില്ലെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു

Author : ന്യൂസ് ഡെസ്ക്

കേരളത്തിൽ മയക്കുമരുന്ന് വ്യാപകമാക്കുന്നതിൻ്റെ പ്രധാന ഉത്തരവാദി എസ്എഫ്ഐയാണെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി എസ്എഫ്ഐക്ക് പൂർണ പിന്തുണ നൽകുന്നു. ‌എസ്എഫ്ഐ പിരിച്ചുവിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.


ഒൻപത് വർഷം ഭരിച്ച മുഖ്യമന്ത്രിക്ക് മയക്കുമരുന്നിനെതിരെ ഒന്നും ചെയ്യാനായില്ലെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. കളമശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നടത്തിയ റെയ്ഡിൽ കൊച്ചി പൊലീസിനെ അഭിനന്ദിക്കുന്നതായും കോൺ​ഗ്രസ് നേതാവ് പറഞ്ഞു. എസ്എഫ്ഐ എന്ന സംഘടന നടത്തുന്ന പ്രവർത്തനങ്ങൾ തടയാൻ സിപിഐഎം തയ്യാറാകുന്നില്ല. സിദ്ധാർത്ഥൻ്റെ കൊലപാതകത്തിനും കോട്ടയം റാഗിങ്ങും നടത്തിയത് എസ്എഫ്ഐ ആണ്. ലക്കും ലഗാനുമില്ലാതെ മയക്കുമരുന്ന് മാഫിയയായി പ്രവർത്തിക്കുന്നു. രാഷ്ട്രീയം തന്നെയാണിതെന്നും രാഷ്ട്രീയ പിന്തുണ ഉള്ളത് കൊണ്ടാണ് ഇക്കാര്യങ്ങൾ നടത്തുന്നതെന്നും രമേശ് ചെന്നിത്തല വിമർശിച്ചു.

കളമശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നടത്തിയ കഞ്ചാവ് വേട്ടയിൽ മൂന്ന് വിദ്യാർഥികളാണ് അറസ്റ്റിലായത്. അഭിരാജ്, ആകാശ്, ആദിത്യൻ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ മുറികളിൽ നിന്ന് രണ്ടു കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. ആദിൽ, ആകാശ് എന്നിവരുടെ മുറിയിൽ നിന്ന് പിടിച്ചെടുത്തത് 1.97 കിലോഗ്രാം കഞ്ചാവാണ്. പൊലീസ് മിന്നൽ പരിശോധന നടക്കുമ്പോൾ ആദിൽ മുറിയിൽ ഉണ്ടായിരുന്നില്ല. അഭിരാജ്, ആദിത്യൻ എന്നിവരുടെ മുറിയിൽ നിന്ന് കണ്ടെടുത്തത് 9.7 ഗ്രാം കഞ്ചാവുമാണ്. അഭിരാജിനെയും ആദിത്യനെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ആകാശ് റിമാൻഡിലാണ്. ഇതില്‍ അഭിരാജ് എസ്എഫ്ഐ നേതൃത്വത്തിലുള്ള യൂണിയന്‍റെ ജനറൽ സെക്രട്ടറിയാണ്. അതേസമയം, യഥാർഥ പ്രതി കെഎസ്‌യു പ്രവർത്തകൻ ആദിലാണെന്നാണ് എസ്എഫ്ഐയുടെ ആരോപണം.

ഹോളി ആഘോഷം കൊഴുപ്പിക്കുന്നതിനാണ് കഞ്ചാവ് എത്തിച്ചതെന്നാണ് തൃക്കാക്കര എസിപി പറയുന്നത്. പൂർവ്വവിദ്യാർഥികൾക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും എസിപി പറഞ്ഞിരുന്നു. അറസ്റ്റിലായ മൂന്ന് വിദ്യാർഥികളേയും കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തിരിക്കുകയാണ്.

SCROLL FOR NEXT