NEWSROOM

മുഖ്യമന്ത്രിയ്ക്ക് എഡിജിപിയെ ഭയം; ബ്ലാക്ക്‌മെയിലിങ്ങിന് വിധേയനായെന്ന് സംശയം; കേരളത്തിലേത് അന്തസില്ലാത്ത ഭരണം : രമേശ് ചെന്നിത്തല

തൃശൂര്‍ പൂരം അന്വേഷണ റിപ്പോര്‍ട്ട് എന്തുകൊണ്ട് പുറത്തുവിടുന്നില്ലെന്നും വിഷയം കാബിനറ്റില്‍ ഉന്നയിക്കാന്‍ സിപിഐ മന്ത്രിമാര്‍ക്ക് ഭയമാണോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു

Author : ന്യൂസ് ഡെസ്ക്

മുഖ്യമന്ത്രി പിണറായി വിജയന്‍ ബ്ലാക്ക്‌മെയിലിങ്ങിന് വിധേയനായോ എന്ന് സംശയിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എഡിജിപിക്ക് എതിരെ ഭരണകക്ഷി എംഎല്‍എയായ പി.വി അന്‍വര്‍ ഉന്നയിച്ച ആരോപണം അന്വേഷിക്കാന്‍ അതേ എഡിജിപിക്ക് റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ട് കീഴുദ്യോഗസ്ഥരെ നിയോഗിച്ച നടപടി പ്രഹസനമാണെന്ന് രമേശ് ചെന്നിത്തല വിമര്‍ശിച്ചു. അന്വേഷണം സിബിഐക്ക് വിടും വരെ വിഷയത്തില്‍ നിന്ന് പിന്നോട്ട് പോകില്ല. തൃശൂര്‍ പൂരം അന്വേഷണ റിപ്പോര്‍ട്ട് എന്തുകൊണ്ട് പുറത്തുവിടുന്നില്ലെന്നും വിഷയം കാബിനറ്റില്‍ ഉന്നയിക്കാന്‍ സിപിഐ മന്ത്രിമാര്‍ക്ക് ഭയമാണോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

'മുഖ്യമന്ത്രി ഒരു ഉദ്യോഗസ്ഥന്റെ ബ്‌ളാക്ക് മെയിലിങ്ങിനു വിധേയനാവുകയെന്നു പറഞ്ഞാല്‍ ഒരു സംസ്ഥാന ഭരണം മുഴുവന്‍ തുലാസിലാവുകയെന്നാണ്. പുലി പോലെ രംഗത്തിറങ്ങിയ പിവി അന്‍വര്‍ ഇപ്പോള്‍ എലി പോലെ മടങ്ങിയിരിക്കുന്നു. ഒരു പ്രമുഖ ഭരണകക്ഷി എംഎല്‍എയെക്കാള്‍ സ്വാധീനമാണ് സംസ്ഥാനത്തെ ഒരു ആരോപണ വിധേയനായ എഡിജിപിക്ക്. ഇതിന്റെ കാരണം എന്തെന്ന് ആരാഞ്ഞറിയേണ്ടിയിരിക്കുന്നു.അന്‍വര്‍ എഡിജിപിക്കെതിരെ ഉന്നയിച്ച കൊലപാതകവും സ്വര്‍ണക്കടത്തും അടക്കമുള്ള കാര്യങ്ങള്‍ സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണം എന്നാണ് തുടക്കം മുതലേയുള്ള നിലപാട്. ഇക്കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നു'-രമേശ് ചെന്നിത്തല പറഞ്ഞു.

ബിജെപി സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ വേണ്ടി ഈ എഡിജിപി മലയാളികളുടെ അഭിമാനമായ തൃശൂര്‍ പൂരം കലക്കാന്‍ ശ്രമിച്ചു എന്ന ആരോപണത്തിന്റെ നിജസ്ഥിതി പുറത്തു വരണം. ഇതിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വിടാന്‍ സര്‍ക്കാരിന് എന്തിനാണ് ഇത്ര ഭയം. ഈ വിഷയം കാബിനറ്റില്‍ ഉന്നയിച്ച് തീരുമാനമാക്കാന്‍ സിപിഐ മന്ത്രിമാര്‍ക്ക് ഭയമാണോ. സുനില്‍കുമാറിന് ഇപ്പോള്‍ മിണ്ടാട്ടം മുട്ടിയോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

സിപിഐ മന്ത്രിമാര്‍ക്ക് പിണറായി വിജയനെ ഭയം, പിണറായി വിജയന് എഡിജിപിയെ ഭയം എന്ന നിലയിലാണ് കാര്യങ്ങള്‍. എന്തൊരു അന്തസില്ലാത്ത ഭരണമാണ് കേരളത്തില്‍ നടക്കുന്നത്. സിബിഐയെക്കൊണ്ട് സമഗ്രാന്വേഷണത്തിന് ഉത്തരവിടും വരെ ഈ വിഷയത്തില്‍ പിന്നോട്ടില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

SCROLL FOR NEXT