NEWSROOM

കശ്മീരിൽ മൂന്നാം കക്ഷി ഇടപെടല്‍ അനുവദിക്കില്ല; അവശേഷിക്കുന്ന ഒരേയൊരു വിഷയം പാക് അധിനിവേശ കശ്മീര്‍: വിദേശകാര്യ വക്താവ്

വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ധാരണയായത് അമേരിക്കയുടെ മധ്യസ്ഥതയിലാണെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദത്തെ വിദേശകാര്യ മന്ത്രാലയം തള്ളുകയും ചെയ്തു.

Author : ന്യൂസ് ഡെസ്ക്

ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കായി പാകിസ്ഥാന്‍ ഇങ്ങോട്ട് സമീപിക്കുകയായിരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക  വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ധാരണയായത് അമേരിക്കയുടെ മധ്യസ്ഥതയിലാണെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദത്തെ വിദേശകാര്യ മന്ത്രാലയം തള്ളുകയും ചെയ്തു.

കശ്മീരില്‍ മൂന്നാം കക്ഷി ഇടപെടല്‍ അനുവദിക്കില്ല. ഡിജിഎംഒ തലത്തില്‍ നടന്ന ചര്‍ച്ചയിലാണ് വെടിനിര്‍ത്തല്‍ ധാരണയായത്. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നയത്തിലും മാറ്റമില്ല. ജമ്മു കശ്മീരുമായി ബന്ധപ്പെട്ട ഏതൊരു പ്രശ്‌നവും ഇന്ത്യയും പാകിസ്ഥാനും ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും വിദേശകാര്യ മന്ത്രാലയം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. 

പാകിസ്ഥാന്‍ നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുന്ന ഇന്ത്യന്‍ പ്രദേശം വിട്ടുകിട്ടുക എന്നതാണ് നിലവിലുള്ള കാര്യം. ടിആര്‍എഫിനെ ഭീകര സംഘടനയാക്കി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതായും രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു. ആവശ്യം ഐക്യരാഷ്ട്ര സഭയെ അറിയിക്കും. ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍ ഭയന്നു. ഇന്ത്യയുടെ ശക്തി മനസിലാക്കി പാകിസ്ഥാന്‍ പിന്‍മാറുകയായിരുന്നു എന്നും രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.

അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന് പാകിസ്ഥാന് പങ്കുണ്ടെന്ന് അവര്‍ തുറന്നു സമ്മതിക്കുന്നത് വരെയും അത് അവസാനിപ്പിക്കുന്നത് വരെയും സിന്ധു നദീജല കരാര്‍ റദ്ദാക്കിയ നടപടി തുടരുമെന്നും ജയ്‌സ്വാള്‍ അറിയിച്ചു. ഇന്ത്യ-യുഎസ് നേതാക്കള്‍ സംസാരിച്ചിരുന്നു. സംസാരിച്ചത് ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് മാത്രം. അമേരിക്കയുമായി വ്യാപാരം ചര്‍ച്ചയായിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

SCROLL FOR NEXT