NEWSROOM

മത്സരം സമനില; കേരളത്തിന് നഷ്ടസ്വപ്നം; വിദര്‍ഭയ്ക്ക് മൂന്നാം രഞ്ജി കിരീടം

ഒന്നാം ഇന്നിങ്സില്‍ 37 റണ്‍സ് ലീഡ് വഴങ്ങിയ കേരളത്തിന് വിദര്‍ഭയുടെ രണ്ടാം ഇന്നിങ്സിന് കടിഞ്ഞാണിടാന്‍ സാധിച്ചില്ല

Author : ന്യൂസ് ഡെസ്ക്



ചരിത്രനേട്ടത്തിലേക്കുള്ള കേരളത്തിന്റെ യാത്രയ്ക്ക് തടയിട്ട് വിദര്‍ഭ രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കി. സമനിലയില്‍ അവസാനിച്ച മത്സരത്തില്‍ ഒന്നാം ഇന്നിങ്സില്‍ ലഭിച്ച ലീഡാണ് വിദര്‍ഭയെ മൂന്നാം രഞ്ജി ട്രോഫി കിരീടനേട്ടത്തിന് അര്‍ഹരാക്കിയത്. ആദ്യമായി കലാശപ്പോരിനെത്തിയ കേരളത്തിന് ആദ്യ ഇന്നിങ്സില്‍ ലീഡ് വഴങ്ങിയതാണ് തിരിച്ചടിയായത്. ഒന്നാം ഇന്നിങ്സില്‍ 37 റണ്‍സ് ലീഡ് വഴങ്ങിയ കേരളത്തിന് വിദര്‍ഭയുടെ രണ്ടാം ഇന്നിങ്സിന് കടിഞ്ഞാണിടാനും സാധിച്ചില്ല. അവസാന രണ്ട് ദിവസങ്ങളില്‍ കളി തുടര്‍ന്ന വിദര്‍ഭ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 375 റണ്‍സെടുത്തു നില്‍ക്കെയാണ് മത്സരം സമനിലയില്‍ അവസാനിപ്പിച്ചത്. 143.5 ഓവര്‍ ബാറ്റ് ചെയ്ത വിദര്‍ഭ 412 റണ്‍സിന്റെ ലീഡാണ് സ്വന്തമാക്കിയത്. സ്കോര്‍: കേരളം 342. വിദര്‍ഭ 379, ഒമ്പതിന് 375. 

കലാശപ്പോരില്‍ സ്വപ്നതുല്യമായിരുന്നു കേരളത്തിന്റെ തുടക്കം. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത കേരളം സ്കോര്‍ ബോര്‍ഡ് തുറക്കുംമുന്‍പേ, വിദര്‍ഭയുടെ ആദ്യ വിക്കറ്റ് സ്വന്തമാക്കി. ടീം സ്കോര്‍ 24 റണ്‍സിലെത്തുമ്പോള്‍ വിദര്‍ഭയുടെ വിക്കറ്റ് നഷ്ടം മൂന്ന് ആയി. അവിടെനിന്നാണ് സെഞ്ചുറി നേടിയ ഡാനിഷ് മാലെവാറും അര്‍ധ സെഞ്ചുറി സ്വന്തമാക്കിയ കരുണ്‍ നായരും ചേര്‍ന്ന് പ്രതിരോധത്തിന്റെ പുതിയ ഇന്നിങ്സിന് തുടക്കമിടുന്നത്. ആദ്യ ദിവസത്തിന്റെ അവസാന മണിക്കൂറില്‍ കരുണ്‍ റണ്ണൗട്ടായി പുറത്തുപോയെങ്കിലും, നാല് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സ് എന്ന നിലയില്‍ ഒന്നാം ദിനം വിദര്‍ഭ സ്വന്തമാക്കി. 188 പന്തില്‍ എട്ട് ഫോറും ഒരു സിക്സും ഉള്‍പ്പെടെ 86 റണ്‍സുമായി നില്‍ക്കുമ്പോഴായിരുന്നു കരുണിന്റെ മടക്കം. ഡാനിഷും കരുണും ചേര്‍ന്ന് 215 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.

രണ്ടാം ദിനം കേരളം കളിതിരിച്ചുപിടിച്ചു. ആദ്യ സെഷനിലെ പത്താം ഓവറില്‍, ഒന്നാം ദിനത്തിലെ ഹീറോ ഡാനിഷിനെ വീഴ്ത്തിയായിരുന്നു കേരളത്തിന്റെ തുടക്കം. 285 പന്ത് നേരിട്ട് 153 റണ്‍സെടുത്ത ഡാനിഷിനെ എന്‍.പി. ബേസില്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. പിന്നാലെ, രാത്രിക്കാവല്‍ നിന്ന യാഷ് താക്കൂറിന്റെ (25) വിക്കറ്റും സ്വന്തമാക്കി. പിന്നീടങ്ങോട്ട് വിദര്‍ഭയുടെ പ്രതിരോധ ശ്രമങ്ങളെല്ലാം പാളി. 125 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ വിദര്‍ഭയുടെ എല്ലാം വിക്കറ്റും വീഴ്ത്തി കേരളം മത്സരത്തിലേക്ക് തിരിച്ചെത്തി. വിദര്‍ഭയുടെ ആദ്യ ഇന്നിങ്സ് 379 റണ്‍സിന് അവസാനിച്ചു. കേരളത്തിനുവേണ്ടി എം.ഡി. നിതീഷും ഈഡന്‍ ആപ്പിള്‍ ടോമും മൂന്ന് വിക്കറ്റ് വീതം നേടി. ബേസില്‍ രണ്ടും ജലജ് സക്സേന ഒരു വിക്കറ്റും നേടി.

പ്രതീക്ഷയോടെ ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് തുടക്കം പിഴച്ചു. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ രോഹന്‍ കുന്നുമ്മല്‍ (0) കൂടാരം കയറി. മൂന്നാം ഓവറില്‍ അക്ഷയ് ചന്ദ്രനും (11) വീണു. പിന്നാലെ ആദിത്യ സര്‍വാതെയും അഹ്മദ് ഇമ്രാനും ചേര്‍ന്ന് ഇന്നിങ്സിന് ജീവന്‍ പകര്‍ന്നു. ഒരറ്റത്ത് പ്രതിരോധ കോട്ട കെട്ടിയ സര്‍വാതെ അര്‍ധ സെഞ്ചുറിയുമായി മുന്നേറവെ, ഇമ്രാന്‍ (37) വീണു. ഇതോടെ, ക്യാപ്റ്റന്‍ സച്ചിന്‍ ബേബി കളത്തിലിറങ്ങി. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം കേരളം കളി അവസാനിപ്പിച്ചു.

ലീഡ് ലക്ഷ്യമിട്ടാണ് കേരളം മൂന്നാം ദിനത്തില്‍ ബാറ്റെടുത്തത്. എന്നാല്‍ സര്‍വാതെയുടെയും (79) സല്‍മാന്‍ നിസാറിന്റെയും (21) വിക്കറ്റുകള്‍ കേരളത്തിന് രാവിലെ തന്നെ നഷ്ടമായി. പിന്നാലെ മുഹമ്മദ് അസ്ഹറുദീനും (34), മൂന്നാം സെഷനില്‍ സെഞ്ചുറിക്കരികില്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും (98), അവസാന ഓവറുകളില്‍ ജലജ് സക്സേനയും (28) നിതീഷും ഏഡന്‍ ആപ്പിള്‍ ടോമും (10) വീണതോടെ കേരളത്തിന്റെ ഇന്നിങ്സ് 342 റണ്‍സില്‍ അവസാനിച്ചു. 211 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ, കേരളത്തിന്റെ ശേഷിച്ച വിക്കറ്റുകള്‍ കൂടി പിഴുത വിദര്‍ഭ 37 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡും സ്വന്തമാക്കി. ദര്‍ശന്‍ നല്‍ക്കാണ്ടെ, ഹര്‍ഷ് ദുബെ, പാര്‍ഖ് രെഖാഡെ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കി. യാഷ് താക്കൂര്‍ ഒരു വിക്കറ്റും നേടി.

ഒന്നാം ഇന്നിങ്സില്‍ ലഭിച്ച 37 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ വിദര്‍ഭയുടെ ഓപ്പണിങ് വിക്കറ്റുകള്‍ വേഗത്തില്‍ സ്വന്തമാക്കാന്‍ കേരളത്തിന് സാധിച്ചിരുന്നു. പാര്‍ഥ് രെഖാഡെയും ധ്രുവ് ഷോറെയും ചേര്‍ന്നാണ് വിദര്‍ഭയുടെ രണ്ടാം ഇന്നിങ്സ് തുടങ്ങിയത്. രണ്ടാം ഓവറില്‍ തന്നെ സക്സേന രെഖാഡെയുടെ (1) വിക്കറ്റ് തെറിപ്പിച്ചു. മൂന്നാമത്തെ ഓവറില്‍ ഷോറെയും (5) പുറത്തായി. പിന്നാലെ, ഡാനിഷും കരുണും വീണ്ടും ഒന്നിച്ചു. രണ്ട് വിക്കറ്റിന് ഏഴ് റണ്‍സ് എന്ന നിലയിലായിരുന്ന വിദര്‍ഭയെ ഇരുവരും ചേര്‍ന്ന് മുന്നോട്ട് നയിച്ചു. മൂന്നാം വിക്കറ്റില്‍ 182 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയ ശേഷമാണ് ഡാനിഷ് പുറത്തായത്. 162 പന്തില്‍ നിന്ന് 73 റണ്‍സെടുത്ത ഡാനിഷിനെ അക്ഷയ് ചന്ദ്രന്റെ പന്തില്‍ സച്ചിന്‍ ബേബി ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. യാഷ് റാത്തോഡിനെ (24) സര്‍വാതെ വിക്കറ്റിനു മുന്നില്‍ കുടുക്കിയതോടെ, നാല് വിക്കറ്റിന് 249 റണ്‍സ് എന്ന നിലയിലാണ് നാലാം ദിനം വിദര്‍ഭ കളി അവസാനിപ്പിച്ചത്. 286 റണ്‍സിന്റെ ലീഡാണ് അവര്‍ സ്വന്തമാക്കിയത്. 280 പന്തില്‍ 132 റണ്‍സെടുത്ത കരുണിനൊപ്പം അക്ഷയ് വാഡ്കറായിരുന്നു ക്രീസില്‍.

മികച്ച ലീഡുമായി അവസാന ദിനം കളി തുടങ്ങിയ വിദര്‍ഭയ്ക്ക് കരുണിന്റെ (295 പന്തില്‍ 135) വിക്കറ്റ് വേഗം നഷ്ടമായി. കരുണിനെ സര്‍വാതെയുടെ പന്തില്‍ അസ്ഹറുദീന്‍ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. തലേന്നത്തെ സ്കോറിനോട് മൂന്ന് റണ്‍സ് മാത്രം കൂട്ടിച്ചേര്‍ത്തായിരുന്നു കരുണിന്റെ മടക്കം. 24 റണ്‍സെടുത്ത അക്ഷയ് വാഡ്കറിനെയും സര്‍വാതെ മടക്കി. ഹര്‍ഷ് ദുബെയെ (4) ഈഡന്‍ വിക്കറ്റിനു മുന്നില്‍ കുരുക്കിയെങ്കിലും വാലറ്റത്ത് അക്ഷയ് കര്‍നെവാറും ദര്‍ശന്‍ നല്‍ക്കാണ്ടെയും കേരള ബൗളര്‍മാരെ പരിക്ഷീച്ചുകൊണ്ടിരുന്നു. ഒടുവില്‍ 70 പന്തില്‍ 30 റണ്‍സെടുത്ത കര്‍നെവാറെയെ ബേസില്‍ മടക്കിയപ്പോള്‍ നചികേത് ഭൂട്ടെയെ (3) സര്‍വാതെ വിക്കറ്റിനു മുന്നില്‍ കുരുക്കി. ദര്‍ശന്‍ നല്‍ക്കാണ്ടെയും (51), യാഷ് താക്കൂറും (8) പുറത്താകാതെ നിന്നു. നല്‍ക്കാണ്ടെയുടെ അര്‍ധ സെഞ്ചുറിക്ക് പിന്നാലെയായിരുന്നു മത്സരം സമനിലയില്‍ അവസാനിപ്പിക്കാനുള്ള തീരുമാനം.


SCROLL FOR NEXT