NEWSROOM

രഞ്ജി ട്രോഫി: മധ്യപ്രദേശിനെ എറിഞ്ഞിട്ട് നിധീഷ്, കേരളം ശക്തമായ നിലയിൽ

മധ്യ പ്രദേശിൻ്റെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ നിധീഷ് എം.ഡിയുടെ പ്രകടനമാണ് ആദ്യ ദിനം കേരളത്തിന് കരുത്തായത്

Author : ന്യൂസ് ഡെസ്ക്

രഞ്ജി ട്രോഫി മത്സരത്തില്‍ മധ്യപ്രദേശിനെതിരെ കേരളം ശക്തമായ നിലയിൽ. മധ്യപ്രദേശ് ആദ്യ ഇന്നിങ്സിൽ 160 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ആദ്യ ദിനം അവസാനിച്ചപ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ 54 റൺസെന്ന നിലയിലാണ്. മധ്യ പ്രദേശിൻ്റെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ നിധീഷ് എം.ഡിയുടെ പ്രകടനമാണ് ആദ്യ ദിനം കേരളത്തിന് കരുത്തായത്. 

ഓപ്പണര്‍മാരായ അക്ഷയ് ചന്ദ്രന്‍, രോഹന്‍ എസ്. കുന്നുമ്മല്‍ എന്നിവര്‍ കേരളത്തിന് മികച്ച തുടക്കം സമ്മാനിച്ചു. ആദ്യ ദിനം 54 പന്തുകളാണ് ഇരുവരും ചേര്‍ന്ന് നേരിട്ടത്. 22 റണ്‍സുമായി അക്ഷയ് ചന്ദ്രനും 25 റണ്‍സുമായി രോഹന്‍ കുന്നുമ്മലും പുറത്താകാതെ നില്‍ക്കുന്നുണ്ട്.



നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ മധ്യപ്രദേശിന് തുടക്കത്തിലേ തിരിച്ചടിയേറ്റു. 15 ഓവറില്‍ 44 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി നിധീഷാണ് മധ്യ പ്രദേശിനെ സമ്മര്‍ദ്ദത്തിലാക്കിയത്. ബേസില്‍ എന്‍.പി, ആദിത്യ സാര്‍വതെ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ ശേഷിച്ച ഒരു വിക്കറ്റ് ജലജ് സക്സേനയും വീഴ്ത്തി.

മധ്യപ്രദേശിനായി ക്യാപ്റ്റന്‍ ശുഭം ശര്‍മയാണ് ടോപ് സ്‌കോററായയത്. താരം 54 റണ്‍സെടുത്തു. 42 റണ്‍സെടുത്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരം വെങ്കടേഷ് അയ്യരാണ് പിന്നീട് മധ്യപ്രദേശിന് വേണ്ടി പൊരുതിയത്. ആവേശ് ഖാന്‍ 14 റണ്‍സുമായി പുറത്താകാതെ നിന്നു. രജത് പടിദാര്‍ പൂജ്യത്തില്‍ മടങ്ങി.

SCROLL FOR NEXT