NEWSROOM

രഞ്ജിത്തിൻ്റെ ന്യായീകരണം വിശ്വാസയോഗ്യമല്ല; പുറത്താക്കണമെന്ന ആവശ്യവുമായി എഐവൈഎഫ് സംസ്ഥാന പ്രസിഡന്‍റ്

രഞ്ജിത്തിൻ്റെ ന്യായീകരണം വിശ്വാസയോഗ്യമല്ലെന്നും അരുൺ ന്യൂസ് മലയാളത്തോട് പറഞ്ഞു. പാർട്ടിയുമായി ആലോചിച്ച ശേഷം രാജി അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുമെന്നും അരുൺ കൂട്ടിച്ചേർത്തു

Author : ന്യൂസ് ഡെസ്ക്

ബംഗാളി നടിയുടെ ആരോപണത്തില്‍ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ കേസെടുക്കണമെന്ന് അക്കാദമി അംഗവും എഐവൈഎഫ് സംസ്ഥാന പ്രസിഡൻ്റുമായ എന്‍ അരുൺ. ഏറെ അപമാനകരമായ സംഭവമാണ് നടന്നിരിക്കുന്നതെന്ന് അരുണ്‍ ആരോപിച്ചു.

ശ്രീലേഖ മിത്രയ്ക്ക് അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞത് പച്ചകള്ളം. രഞ്ജിത്തിൻ്റെ ന്യായീകരണം വിശ്വാസയോഗ്യമല്ലെന്നും അരുൺ ന്യൂസ് മലയാളത്തോട് പറഞ്ഞു. പാർട്ടിയുമായി ആലോചിച്ച ശേഷം രാജി അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുമെന്നും അരുൺ കൂട്ടിച്ചേർത്തു.


2009ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത 'പാലേരി മാണിക്യം' എന്ന സിനിമയില്‍ ഒഡിഷനെത്തിയ ശ്രീലേഖ മിത്ര എന്ന ബംഗാളി നടിയോട് രഞ്ജിത്ത് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം. സംഭവം നടന്ന രാത്രിയില്‍ ഭയന്നാണ് ഹോട്ടല്‍ മുറിയില്‍ കഴിഞ്ഞിരുന്നതെന്നും ശ്രീലേഖ മാധ്യമങ്ങളില്‍ വെളിപ്പെടുത്തി. തിരിച്ച് നാട്ടിലേക്ക് പോകാനുള്ള പണം നിർമാതാക്കള്‍ തന്നില്ല. ഒറ്റയ്ക്കാണ് നാട്ടിലേക്ക് മടങ്ങിയതെന്നും ശ്രീലേഖ പറഞ്ഞു.

സംവിധായകന്‍റെ മോശം പെരുമാറ്റത്തെ എതിർത്തത് കൊണ്ട്, ആ സിനിമയിലും മറ്റു മലയാളം സിനിമകളിലും അവസരം നിഷേധിച്ചുവെന്നും നടി ആരോപിച്ചു. എന്നാല്‍ നടിയുടെ ആരോപണങ്ങള്‍ രഞ്ജിത്ത് നിഷേധിച്ചു. നടി ഓഡിഷന് വന്നിരുന്നെന്നും എന്നാല്‍ കഥാപാത്രത്തിന് അനുയോജ്യയല്ലാത്തതിനാല്‍ പരിഗണിച്ചില്ലെന്നുമാണ് സംവിധായകന്‍റെ വിശദീകരണം.


അതേ സമയം, രഞ്ജിത്തിനെ പുറത്താക്കണമെന്ന് സംവിധായകൻ ഡോ. ബിജു ആവശ്യപ്പെട്ടു. സാംസ്‌കാരിക മന്ത്രിക്ക് ഇദ്ദേഹം ഇതിഹാസമായി തോന്നാം, അത് അദ്ദേഹത്തിന്‍റെ സ്വാതന്ത്ര്യം. അപമര്യാദയായി പെരുമാറി എന്ന് അനുഭവസ്ഥ തന്നെ വെളിപ്പെടുത്തിയ സാഹചര്യത്തിൽ അക്കാദമി ചെയർമാൻ സ്ഥാനത്ത് തുടരാൻ രഞ്ജിത്ത് യോഗ്യനല്ലെന്നും ഡോക്ടർ ബിജു ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. എന്നാല്‍, രഞ്ജിത്തിനെ അനുകൂലിക്കുന്ന നിലപാടാണ് സജി ചെറിയാന്‍ സ്വീകരിച്ചത്. ആരോപണം രഞ്ജിത്ത് തന്നെ നിഷേധിച്ചതാണെന്നും വെളിപ്പെടുത്തലിന്‍റെ പേരില്‍ നടപടി സ്വീകരിക്കാന്‍ സാധിക്കില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

SCROLL FOR NEXT